ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ കര്‍ഷകരുടെ സമരത്തിന് പിന്തുണ അറിയിച്ചെത്തുന്ന ആദ്യത്തെ അന്താരാഷ്ട്ര നേതാവാണ് ജസ്റ്റിന്‍ ട്രൂഡോ.
ഈ ഘട്ടത്തില്‍ 1914ല്‍ നടന്ന കൊമഗത്ത മാരൂ സംഭവത്തില്‍ 2016ല്‍ ജസ്റ്റിന്‍ ട്രൂഡോ മാപ്പ് പറഞ്ഞ വിഷയം വീണ്ടും ചര്‍ച്ചകളിലെത്തുകയാണ്.
1908ല്‍ കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം തടയുന്ന നിയമം പാസായിരുന്നു. കാനഡയിലേക്കുള്ള ഇന്ത്യക്കാരുടെ കുടിയേറ്റം പ്രോത്സാഹിപ്പിക്കാതിരിക്കേണ്ടത് ബ്രിട്ടീഷുകാരുടെ കൂടി ആവശ്യമായിരുന്നു.
എന്നാല്‍ 1914ല്‍ ഹോങ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരന്‍ ഗുര്‍ദിത്ത് സിങിന്റെ കപ്പലായ കൊമഗത്ത മാരുവില്‍ 376 ഓളം ഇന്ത്യക്കാരാണ് കാനഡയില്‍ എത്തിയത്.
ഇതില്‍ ഭൂരിഭാഗം പേരും സിഖുകാരായിരുന്നു. സ്വന്തം ഗ്രാമം വിട്ട് രണ്ട് മാസത്തോളം യാത്ര ചെയ്ത് കാനഡയിലെത്തിയ ഇന്ത്യക്കാര്‍ക്ക് അന്നത്തെ കനേഡിയന്‍ അധികാരികള്‍ പ്രവേശനം നിഷേധിച്ചു. കൊമഗത്ത മാരുവില്‍ കാനഡയിലെത്തിയവരില്‍ 340 പേര്‍ സിഖുകാരും 24 പേര്‍ മുസ്‌ലിങ്ങളും, 12 പേര്‍ ഹിന്ദു മതത്തില്‍പ്പെട്ടവരുമായിരുന്നു.
ഇവരില്‍ ഭൂരിഭാഗം പേരും ബ്രിട്ടീഷ് സേനയില്‍ നിന്ന് വിരമിച്ചവരായിരുന്നു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ഒന്നാം ലോക മഹായുദ്ധത്തിന്റെ സമയത്ത് സേവനം അനുഷ്ഠിച്ചെത്തിയ ആളുകള്‍ക്ക് കാനഡയില്‍ പ്രവേശനം അനുവദിക്കുമെന്നായിരുന്നു കരുതിയിരുന്നത്.
അന്ന് കൊമഗത്ത മാരുവിലെത്തിയ യാത്രക്കാരില്‍ 24 പേരെ മാത്രമേ കാനഡയില്‍ പ്രവേശിപ്പിച്ചുള്ളൂ. ബാക്കിയുള്ള 352 പേരെയും തിരിച്ച് കൊല്‍ക്കത്തയിലേക്ക് അയച്ചു. തിരിച്ച് മടങ്ങിയ ഇന്ത്യക്കാരില്‍ 19 പേരെ ബ്രിട്ടീഷ് പട്ടാളക്കാര്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. നിരവധിപേരെ ജയിലിലും അടച്ചു.
2016ലാണ് കനേഡിയന്‍ പാര്‍ലമെന്റല്‍ ജസ്റ്റിന്‍ ട്രൂഡോ കൊമാഗത്ത സംഭവത്തില്‍ മാപ്പ് പറഞ്ഞത്. കയ്യടിച്ചാണ് പാര്‍ലമെന്റ് ട്രൂഡോയുടെ തീരുമാനത്തെ സ്വാഗതം ചെയ്തത്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന സംഭവത്തെ ഏറ്റവും വലിയ നീതി നിഷേധമായാണ് ട്രൂഡോ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്. അന്ന് ഇന്ത്യയില്‍ നിന്നും കാനഡയിലേക്ക് അഭയം തേടിയെത്തിയവരോട് കാണിച്ചത് ചരിത്രപരമായ അനീതിയാണെന്നും ട്രൂഡോ പറഞ്ഞിരുന്നു.