| Thursday, 22nd February 2024, 8:13 am

കർഷകരുടെ ആവശ്യങ്ങൾ യുക്തിരഹിതം; ജനാധിപത്യം തകർക്കാനുള്ള ശ്രമമെന്ന് ആർ.എസ്.എസ് മാസിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദൽഹി: വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമനിർമാണം വേണമെന്ന കർഷകരുടെ ആവശ്യം യുക്തിരഹിതമാണെന്നും സമരം രാഷ്ട്രീയ പ്രേരിതമാണെന്നും ആർ.എസ്.എസ് മാസിക ഓർഗനൈസർ.

മിനിമം താങ്ങുവിലക്ക് നിയമപരിരക്ഷ വേണമെന്ന ആവശ്യത്തെ നേരത്തെ പിന്തുണച്ചവരാണ് സംഘപരിവാർ എന്നിരിക്കെയാണ് ഇപ്പോഴത്തെ നിലപാട് മാറ്റം.

പശ്ചിമ ബംഗാളിലെ സന്ദേശ്കാലി സംഭവം ‘ഐ.എസ്.ഐ.എസിൽ നിന്ന് പ്രചോദനം’ ഉൾക്കൊണ്ട പ്രദർശനമാണെന്നും മാസികയിൽ പറയുന്നുണ്ട്.

‘2020ൽ ദൽഹിയിൽ നമ്മൾ സാക്ഷ്യം വഹിച്ച കർഷക സമരം കാർഷിക മേഖലയെ പരിഷ്കരിക്കുവാനായി കൊണ്ടുവന്ന മൂന്ന് ബില്ലുകളുടെ പശ്ചാത്തലത്തിലായിരുന്നു.

ഈ പ്രാവശ്യം അങ്ങനെയുള്ള യാതൊരു കാരണവുമില്ല,’ മാസികയുടെ മുഖപ്രസംഗത്തിൽ പറയുന്നു.

കർഷകർ ഉന്നയിച്ച നിരവധി ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി അവ യുക്തിരഹിതമാണെന്നും പ്രകോപനപരമായ ഖലിസ്ഥാൻ വിഷയവും ഉന്നയിക്കുന്നുണ്ട് എന്നാണ് മുഖപ്രസംഗത്തിൽ ആരോപിക്കുന്നത്.

‘പ്രവർത്തന രീതി എപ്പോഴത്തെയും പോലെ തന്നെയാണ്. എല്ലാ വിളകൾക്കും എം.എസ്.പി ഉറപ്പാക്കുന്നതിന് നിയമപരിരക്ഷ, ലോണുകൾ എഴുതിത്തള്ളുക, എല്ലാ കർഷകർക്കും പെൻഷൻ, ലോക വ്യാപാര സംഘടനയിൽ നിന്ന് ഇന്ത്യ പിന്മാറുക തുടങ്ങിയ യുക്തിക്ക് നിരക്കാത്ത ആവശ്യങ്ങൾ ഉന്നയിച്ച് വലിയ ജനക്കൂട്ടത്തെ വിളിച്ചുകൂട്ടി റോഡുകൾ ഉപരോധിക്കുന്നു. വളരെ പ്രകോപനപരമായ ഖലിസ്ഥാൻ വാദവും ചിലർ ഉയർത്തുന്നുണ്ട്.

2020ലെ കർഷക സമരത്തിന് ശേഷം കേന്ദ്ര സർക്കാർ വിവിധ വിളകൾക്ക് എം.എസ്.പി പ്രഖ്യാപിച്ചതാണെന്നും കർഷക സംഘടനകളുമായി സർക്കാർ ചർച്ചകൾ നടത്തുകയാണെന്നും ഓർഗനൈസർ പറയുന്നു.

റോഡുകളിൽ ഗതാഗതം തടസപ്പെടുത്തുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സർക്കാർ വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കുന്നതിന് പ്രതിപക്ഷ പാർട്ടികൾ എരിതീയിൽ എണ്ണയൊഴിക്കുകയാണെന്നും മുഖപ്രസംഗത്തിൽ ആരോപിക്കുന്നു.

കർഷക സമരവും അതോടൊപ്പം സന്ദേശ്കാലി സംഭവവും ഹൽദ്വാനി പ്രതിഷേധവും അന്വേഷിക്കുന്നതിനോടുള്ള എതിർപ്പും ജനാധിപത്യം തകർക്കാനുള്ള കളികളുടെ ഭാഗമാണെന്നാണ് ഓർഗനൈസറുടെ വാദം.

Content Highlight: Farmers’ protest is unreasonable; big games to demean democracy says RSS magazine Organizer

We use cookies to give you the best possible experience. Learn more