ചണ്ഡീഗഡ്: കൊവിഡ് വ്യാപനത്തിന് കാരണം കര്‍ഷക സമരമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍. കര്‍ഷക സമരം സംസ്ഥാനത്തെ ഗ്രാമങ്ങളെ കൊവിഡ് ഹോട്ട്‌സ്‌പോട്ടാക്കിയെന്നും ഖട്ടര്‍ പറഞ്ഞു.
‘ഒരുമാസം മുമ്പ് തന്നെ കര്‍ഷക സമരം അവസാനിപ്പിക്കണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കൊവിഡ് പടരുന്ന സാഹചര്യമായതിനാലാണ് അങ്ങനെ പറഞ്ഞത്. രോഗവ്യാപനം നിയന്ത്രിച്ചതിന് ശേഷം സമരം തുടരാമെന്നും ഞാന്‍ പറഞ്ഞിരുന്നതാണ്. ഇപ്പോള്‍, നോക്കൂ സംസ്ഥാനത്തെ മിക്ക ഗ്രാമങ്ങളും കൊവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിക്കഴിഞ്ഞു,’ ഖട്ടര്‍ പറഞ്ഞു.
സമരത്തിന് ശേഷം വിവിധ സ്ഥലങ്ങളില്‍ നിന്നാണ് ആളുകള്‍ ഗ്രാമത്തിലേക്ക് എത്തുന്നത്. ഇത് ഗ്രാമീണ മേഖലയില്‍ കൊവിഡ് രൂക്ഷമാകാന്‍ കാരണമായെന്നും ഖട്ടര്‍ പറഞ്ഞു.
ഈ അവസരത്തിലെങ്കിലും കര്‍ഷക സമരം നിര്‍ത്താന്‍ തയ്യാറാകണമെന്നും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനാണ് ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടതെന്നും ഖട്ടര്‍ പറഞ്ഞു.
ഹരിയാനയില്‍ കൊവിഡ് രോഗികളുടെ എണ്ണം കാര്യമായി വര്‍ധിക്കുകയാണ്. വ്യാഴാഴ്ച 12,286 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. 163 പേര്‍ രോഗം ബാധിച്ച് മരിക്കുകയും ചെയ്തു. കൊവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് മെയ് 17 വരെ ഹരിയാനയില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു.
അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 3,43,144 പേര്‍ക്കാണ്. 4,000 പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,62,317 ആയി ഉയര്‍ന്നു.
രാജ്യത്തെ ആകെ രോഗബാധിതരുടെ ആകെ എണ്ണം 2,40,46,809 ആയി ഉയര്‍ന്നതായി കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.
പുതുതായി 3,44,776 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,00,79,599 ആയി ഉയര്‍ന്നു. നിലവില്‍ 37,04,893 പേരാണ് ചികിത്സയില്‍ വരുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക