രാജ്യത്തെ ഊട്ടുന്ന കര്‍ഷകരുടെ ജീവിതം തകര്‍ക്കുന്നത് ദേശദ്രോഹപ്രവൃത്തിയാണ്. കര്‍ഷകന്റെ വിയര്‍പ്പുഗുണം കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റ് സ്വന്തം കീശവീര്‍പ്പിക്കുന്ന ഭരണാധികാരികള്‍ ദേശദ്രോഹികളാണ്. കാശും കയ്യൂക്കും കൊണ്ട് അധികാരം വെട്ടിപിടിക്കുന്നത് ജനാധിപത്യവിരുദ്ധമാണ്. വോട്ടിങ് സംവിധാനങ്ങളെ തങ്ങള്‍ക്കനുകൂലമാക്കി ഉപയോഗപ്പെടുത്തുന്ന ഭരണാധികാര വര്‍ഗം ജനാധിപത്യകശാപ്പുകാരാണ്. മനുഷ്യനെ മതത്തിന്റെയും ജാതിയുടെയും പേരില്‍ ഭിന്നിപ്പിച്ച് തമ്മിലടിപ്പിക്കുന്നതും മൃഗത്തിന്റെയും ഭക്ഷണത്തിന്റെയും പേരില്‍ കൊന്നൊടുക്കുന്നതും മതേതര ഇന്ത്യയെ നശിപ്പിക്കാനാണ്. ഈ ചോരക്കൊതി ഭരണഘടനയ്‌ക്കെതിരാണ്.
ഇതെല്ലാം ചേര്‍ത്തുവായിച്ചാല്‍ ഇന്ത്യയെന്ന മഹാരാജ്യത്തിന്റെ ശത്രുവായി മാറിയിരിക്കുകയാണ് നരേന്ദ്രമോദി ഭരണകൂടം. മോദിയുടെയും അമിത്ഷായുടെയും നേതൃത്വത്തിലുള്ള ഈ ദേശദ്രോഹക്കൂട്ടത്തെ എരിഞ്ഞമര്‍ത്താനുള്ള പട്ടടയൊരുങ്ങുകയാണ് ഭാരതമണ്ണില്‍. മണ്ണില്‍ പൊന്നുവിളയിക്കുന്ന കര്‍ഷകരും മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷക തൊഴിലാളികളും അവരെ പിന്തുണയ്ക്കുന്ന ലക്ഷോപലക്ഷം ഇന്ത്യന്‍ ജനതയും രോഷത്താലൊരുക്കുന്ന തീക്കനലില്‍ ദേശദ്രോഹികളായ സംഘപരിവാരം ചാരമായി മാറും.
രണ്ടാംവട്ടം നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് വോട്ടിങ് അട്ടിമറികളിലൂടെയാണെന്നത് നിയമത്തിന്റെ മുന്നില്‍ പരിശോധിക്കാനയച്ചിരിക്കുന്ന ഒന്നാണ്. മഹാഭൂരിപക്ഷം ഗ്രാമീണ ബൂത്തുകളിലും പാവപ്പെട്ട കര്‍ഷകരെയും പിന്നാക്ക വിഭാഗങ്ങളെയും മതന്യൂനപക്ഷങ്ങളെയും അടുപ്പിക്കാതെ, ഭരണാനുകൂല ഗൂണ്ടാസംഘങ്ങള്‍ നടത്തിയ അതിക്രമങ്ങളാണ് മോദിയുടെ ഭൂരിപക്ഷവോട്ടുകളായി മാറിയത്. നൂറിലേറെ പാര്‍ലമെന്റ് മണ്ഡലങ്ങളില്‍ നഗ്‌നമായ കൃത്രിമമാണ് വോട്ടിങ് മെഷിനുകളില്‍ നടന്നത്. ഇതിനെല്ലാംപുറമെ, വിവിധ സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചെടുക്കാന്‍ നടത്തിയ അട്ടിമറിയും കുതിരക്കച്ചവടവും ജനപ്രതിനിധികളെ തട്ടിയെടുക്കലും ജനാധിപത്യരാജ്യത്തെ ലജ്ജിപ്പിക്കുന്നതാണ്.
എന്നാല്‍ ഇതെല്ലാം തന്റെ കഴിവിനുള്ള ജനങ്ങളുടെ അംഗീകാരമാണെന്ന് വീമ്പിളക്കുന്ന നരേന്ദ്രമോദി, ആര്‍.എസ്.എസിനും ബി.ജെ.പിക്കും മീതെ ഏകാധിപതിയായി വലിയ സാമ്രാജ്യത്വം കെട്ടിപടുത്തുകൊണ്ടേയിരിക്കുന്നു. അദാനിയും പതഞ്ജലിയും തുടങ്ങി മോദിയോടൊപ്പം വളര്‍ന്നുകൊണ്ടിരിക്കുന്നതും സംശയിക്കപ്പെടുന്നു.
നരേന്ദ്രമോദിയുടെയും സംഘപരിവാര്‍ ഭരണകൂടത്തിന്റെയും ഈ പോക്ക് ഇന്ത്യയുടെ ഭാവിയെയാണ് ബാധിക്കാനിരിക്കുന്നത്. പൗരത്വഭേദഗതി നിയമം നടപ്പാക്കിയതോടെ ഉയര്‍ന്നുവന്ന പ്രക്ഷോഭം വലിയൊരു തുടക്കമായിരുന്നു. എന്നാല്‍ മതന്യൂനപക്ഷത്തിലെ ഒരുവിഭാഗത്തിനെ മാത്രം ലക്ഷ്യമിട്ടാണെന്ന പ്രചാരണം കൊഴുക്കുകയും അവരിലേക്ക് മാത്രം അതിനെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഉത്തരവാദിത്വം ചുരുങ്ങുകയും ചെയ്തതോടെ മോദിക്കും കൂട്ടര്‍ക്കും കാര്യങ്ങളെളുപ്പമായി. ഷഹീന്‍ബാഗ് പോലുള്ള സമരയിടങ്ങളെ അടിച്ചമര്‍ത്താന്‍ മോദിക്ക് ധൈര്യം കിട്ടിയത് ഇതരമതവിഭാഗങ്ങളുടെ മൗനമാണ്.
മുസ്ലിം വിഭാഗത്തെ തിരഞ്ഞുപിടിച്ച് ആക്രമിക്കാനും രാജ്യദ്രോഹക്കുറ്റം ചുമത്തി അകത്തിടാനും സംഘപരിവാര്‍ ഭരണത്തിനും അതിനുകീഴിലെ സേനകള്‍ക്കും ആര്‍ത്തിയായിരുന്നു. എന്നിട്ടും ഷഹീന്‍ബാഗിലെ അമ്മമാര്‍ രാജ്യത്തിന്റെ നിലനില്‍പ്പിനുവേണ്ടി, തങ്ങളുടെ ജീവിതത്തിനുവേണ്ടി സമരമുഖത്ത് നിലകൊണ്ടു. കോവിഡിന്റെ വ്യാപനഘട്ടത്തിലും പോരാട്ടവീര്യം ചോരാതെ അവര്‍ ഉയര്‍ത്തിയ മുദ്രാവാക്യത്തിന്റെ കരുത്ത് നിലനിര്‍ത്തി.
കശ്മീരിനെ വെട്ടിമുറിച്ച് അവിടത്തെ സുരക്ഷിത, സാഹോദര്യ ജീവിതത്തെയാകെ തകര്‍ത്തെറിഞ്ഞത് നരേന്ദ്രമോദിയും സംഘപരിവാറും കൈകൊണ്ട ഗൂഢലക്ഷ്യത്തില്‍ നിന്നാണ്. തങ്ങളുടെ തീരുമാനം കശ്മീരിലെ ജനതയ്ക്ക് താങ്ങാവുന്നതിലുമപ്പുറമാണെന്നും അതിനെതിരെ പ്രതിഷേധങ്ങളുയരുമെന്നും മുന്‍കൂട്ടിക്കണ്ട നരേന്ദ്ര മോദിയെന്ന ഭീരുവായ ഭരണാധികാരി, കശ്മീരിലെ ജനനേതാക്കളെ തടങ്കലിലാക്കി.
ജനങ്ങളെ പോലും നേരിടാനുള്ള കെല്‍പില്ലാത്ത നരേന്ദ്രമോഡി, കോര്‍പ്പറേറ്റ് അനുകൂല ജനവിരുദ്ധനയങ്ങള്‍ നടപ്പാക്കുന്നതത്രയും യാതൊരു ജനകീയ ചര്‍ച്ചയുമില്ലാതെയാണ്. ചൂടപ്പംപോലെ നൂറുകണക്കിന് ബില്ലുകള്‍ പ്രതിഷേധങ്ങളെ അവഗണിച്ച് ചട്ടവിരുദ്ധമായി പാസാക്കിയെടുത്തു. ലേബര്‍ കോഡിലൂടെ രാജ്യത്തെ തൊഴിലാളികളുടെ സര്‍വ അവകാശങ്ങളും കോര്‍പ്പറേറ്റുകളുടെ കാല്‍ക്കീഴിലാക്കി. പൊതുമേഖലാ സ്ഥാപനങ്ങളെയെല്ലാം വിറ്റുതുലച്ചു. സ്വകാര്യവത്ക്കരണവും വ്യാപകമാക്കി. ദേശസാത്കൃത പദ്ധതികളെയെല്ലാം സ്വകാര്യ കമ്പനികള്‍ക്ക് ലാഭമുണ്ടാക്കാനുള്ള കച്ചവടസംവിധാനമാക്കി. വന്‍കിട പദ്ധതി നടത്തിപ്പും നിര്‍മ്മാണങ്ങളുമെല്ലാം മോദി തന്റെ ഏറ്റവുമടുത്ത അദാനിയുടെ മേല്‍നോട്ടത്തിലാക്കി.
ഏറ്റവുമൊടുവില്‍ രാജ്യത്തിന്റെ തന്നെ നിലനില്‍പ്പിനാധാരമായ കര്‍ഷകര്‍ക്കെതിരെയാണ് മോദിഭരണകൂടം തിരിഞ്ഞത്. ഈ നീക്കം പക്ഷെ, രാജ്യം കണ്ടതില്‍വച്ച് ഏറ്റവും വലിയ പ്രതിഷേധത്തിലേക്കാണ് എത്തിച്ചിരിക്കുന്നത്. പതിവുപോലെ ഭരണഘടനാ വിരുദ്ധമായി തന്നെ ഇന്ത്യന്‍ പാര്‍ലമെന്റില്‍ മോദി സര്‍ക്കാര്‍ കാര്‍ഷിക നിയമം പാസാക്കിയെടുത്തു. ഇതില്‍ പ്രതിഷേധിച്ച് എന്‍.ഡി.എ ഘടകക്ഷിയായ അകാലിദളിന്റെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായ ഹര്‍സിമ്രത് കൗര്‍ ബാദല്‍ കേന്ദ്രമന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചത് ആദ്യതിരിച്ചടിയായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷക നയത്തിനെതിരെ പ്രതിഷേധം തുടങ്ങി. ഇതിനിടയില്‍ നടന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അവിടെ തങ്ങള്‍ക്ക് അടിത്തറപാകാന്‍ സഹായിച്ച നിതീഷ്‌കുമാറിന്റെ രാഷ്ട്രീയ ജനതാദളിനെ പിന്നില്‍ നിന്ന് കുത്തി ബി.ജെ.പി തനിനിറം കാട്ടി. ബി.ജെ.പി വിജയിച്ച മഹാഭൂരിപക്ഷം മണ്ഡലങ്ങളിലും വോട്ടെടുപ്പില്‍ വലിയ ക്രമക്കേടുകള്‍ നടന്നതായാണ് ആരോപണങ്ങള്‍. വിവിധ ഇടങ്ങളില്‍ നിന്നുള്ള പരാതികളാണ് കോടതി കയറിയിരിക്കുന്നത്. അപ്പോഴും ഇത് ദേശീയ രാഷ്ട്രീയവിജയമാണെന്ന് അവകാശപ്പെടാനാണ് നരേന്ദ്രമോദി ശ്രമിച്ചത്. ട്രംപിനെയും വെല്ലുന്ന തൊലിക്കട്ടിയോടെ.
ഇന്നിപ്പോള്‍ കര്‍ഷകസമരം ലോകശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്. നരേന്ദ്രമോദി സര്‍ക്കാരിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റേത് സാമ്രാജ്യത്വ രാജ്യങ്ങളേക്കാള്‍ ഭീകരതയാണെന്നാണ് വിവിധരാജ്യങ്ങളിലെ ഇന്ത്യന്‍വംശജരായ പ്രതിനിധികള്‍പോലും വിലയിരുത്തുന്നത്. രാജ്യതലസ്ഥാനമാകെ കര്‍ഷകരാല്‍ നിറഞ്ഞിരിക്കുന്നു. ഡല്‍ഹിയുടെ അതിര്‍ത്തികള്‍ കര്‍ഷകര്‍ വളഞ്ഞിരിക്കുകയാണ്. നഗരങ്ങളിലും ഗ്രാമങ്ങളിലും പൊലീസ് കര്‍ഷകരെ നേരിടുന്ന കാഴ്ചയായിരുന്നു ആദ്യദിവസങ്ങളിലെല്ലാം.
പൊലീസ് ഭീകരതയ്ക്ക് മുന്നിലും നെഞ്ചുറപ്പോടെ ‘ജയ് ജവാന്‍, ജയ് കിസാന്‍’ മുദ്രാവാക്യം മുഴക്കുന്ന വലിയസന്ദേശമാണ് നല്‍കുന്നത്. ഒമ്പത് ദിവസം പിന്നിടുമ്പോള്‍ പലയിടത്തും പൊലീസിന്റെ എതിര്‍പ്പുകള്‍ക്ക് അയവുവന്നിട്ടുണ്ട്. സര്‍ക്കാരിനും പലപ്പോഴും മുട്ടുമടക്കേണ്ട സ്ഥിതിയും ഉണ്ടായി. തുടക്കത്തില്‍ കര്‍ഷകരെ അറസ്റ്റുചെയ്ത് കൊട്ടിയടച്ചിടാന്‍ വലിയ മൈതാനങ്ങള്‍ വിട്ടുതരണമെന്ന് ദല്‍ഹി സംസ്ഥാന സര്‍ക്കാരിനുമുന്നില്‍ പൊലീസ് അപേക്ഷ നല്‍കിയിരുന്നു. ഇത് നിരസിക്കപ്പെട്ടതോടെ കര്‍ഷകര്‍ക്ക് മുന്നില്‍ ഉപാധികള്‍ നിരത്തി. ചര്‍ച്ച വേണമെങ്കില്‍ തങ്ങള്‍ നിശ്ചയിക്കുന്ന സ്ഥലത്ത് സമരക്കാര്‍ കേന്ദ്രീകരിക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്. ഉപാധിയോടെയുള്ള ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ലെന്ന് കര്‍ഷകര്‍ തിരിച്ചടിച്ചതോടെ സര്‍ക്കാര്‍ പൊല്ലാപ്പിലായി.
ഇതിനിടയില്‍ കര്‍ഷക നിയമം പിന്‍വലിച്ചില്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുമെന്ന ഭീഷണിയുമായി ആര്‍.എല്‍.പി ദേശീയ അധ്യക്ഷന്‍ ഹനുമാന്‍ ബെനിവാള്‍ രംഗത്തെത്തിയത് എന്‍.ഡി.എ സഖ്യത്തെ ഞെട്ടിച്ചു. ബി.ജെ.പിയിലായിരുന്ന ബെനിവാള്‍ രാജസ്ഥാനിലെ മുന്‍ ജാട്ട് വിഭാഗത്തിലെ മുതിര്‍ന്ന നേതാവാണ്. കര്‍ഷക നിയമങ്ങള്‍ പിന്‍വലിച്ച്, സ്വാമിനാഥന്‍ കമ്മിഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കണമെന്നാണ് ബെനിവാളിന്റെ ആവശ്യം. എന്‍.ഡി.എയില്‍ കൂടുതല്‍ കക്ഷികള്‍ കര്‍ഷക നിയമത്തിനെതിരെ തിരിയുന്നത് ദോഷമാകുമെന്നാണ് ബി.ജെ.പിയിലെ ഒരുവിഭാഗത്തിനുള്ളത്.
എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തീര്‍ത്തും കര്‍ഷക വിരുദ്ധ നീക്കവുമായി മുന്നോട്ട് പോകുന്നത് ഇവരുടെ പരസ്യനീക്കത്തിന് മറയാവുകയാണ്. ഷഹീന്‍ബാഗിലെ സമരത്തിനെതിരെ കെട്ടഴിച്ചുവിട്ട അതിക്രമങ്ങളും കുപ്രചരണങ്ങളും കര്‍ഷക സമരത്തിനെതിരെയും നടത്താന്‍ ബി.ജെ.പി-ആര്‍.എസ്.എസ് നേതൃത്വം അണികള്‍ക്ക് രഹസ്യമായി ആഹ്വാനം ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കര്‍ഷക സമരത്തിനെത്തിയവര്‍ മഹാഭൂരിപക്ഷവും ഹൈന്ദവാചാരങ്ങളില്‍ വിശ്വസിക്കുന്നവരായതിനാല്‍ സംഘപരിവാര്‍ അക്രമികള്‍ക്ക് അടുക്കാനായിട്ടില്ല.
അതിനിടെ തന്ത്രങ്ങളിലൂടെ ആണെങ്കിലും സമരം അവസാനിപ്പിച്ച് ക്രഡിറ്റ് സ്വന്തമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആഭ്യന്തരമന്ത്രി അമിത്ഷാ. ഫോണിലൂടെയും പൊലീസ് വഴിയും കര്‍ഷകരുമായി ആഭ്യന്തരമന്ത്രി അമിത്ഷാ ഇടപെടലുകള്‍ നടത്തിയിട്ടും പക്ഷെ, കര്‍ഷകര്‍ ഭരണകൂടത്തിന്റെ കാല്‍ക്കീഴില്‍ വീഴാന്‍ തയ്യാറായില്ല. ബി.ജെ.പി-ആര്‍.എസ്.എസ് മുഷ്‌ക്ക് മണ്ണില്‍ പണിയെടുക്കുന്നവരുടെ മുന്നില്‍ ഏശിയില്ലെന്ന് പറയാം.
ഒരുവേള ചര്‍ച്ചക്കുള്ള അവസാന അവസരം നല്‍കാമെന്ന് സര്‍ക്കാരിന് താക്കീത് നല്‍കി കര്‍ഷകര്‍ മോദി ഭരണകൂടത്തെ വിറപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ചര്‍ച്ച നടന്നെങ്കിലും തീര്‍പ്പായില്ല. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ചര്‍ച്ചക്കിടെ സര്‍ക്കാര്‍ വിളമ്പിയ ഉച്ചഭക്ഷണം പോലും കര്‍ഷക നേതാക്കള്‍ നിരസിച്ചു. സമരവേദികളിലൊന്നായ ഗുരുദ്വാരയില്‍ നിന്നെത്തിച്ച ഭക്ഷണം വിഗ്യാന്‍ഭവനിലെ വരാന്തയില്‍ ഇരുന്ന് കഴിക്കുകയായിരുന്നു നേതാക്കള്‍.
ഒമ്പത് ദിവസത്തിനിടെ നാലാം തവണയാണ് കര്‍ഷകരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയത്. കര്‍ഷകരുടെ നിലപാട് തന്റെ ഇമേജിനെ തന്നെ ബാധിക്കുമെന്നായതോടെ ചര്‍ച്ചകളില്‍ നിന്ന് അമിത്ഷാ പിന്മാറുകയും പകരം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിനെ രംഗത്തിറക്കുകയും ചെയ്തിരുന്നു. കര്‍ഷകര്‍ ഉറച്ചനിലപാട് തുടര്‍ന്നതോടെ അമിത്ഷാ തന്നെ വീണ്ടും രംഗത്തിറങ്ങി. ഇതിന്റെ ഭാഗമായാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയത്.
മൂന്ന് നിയമങ്ങളും പിന്‍വലിക്കാതെ, ഭേദഗതി നടത്താമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരോട് പറയുന്നത്. ഇക്കാര്യം ഡിസംബര്‍ അഞ്ചിന് (ശനി) ചര്‍ച്ചചെയ്യാമെന്നും പറയുന്നു. എന്നാല്‍ ഉരുണ്ടുകളിക്കാതെ നിയമം പൂര്‍ണമായും പിന്‍വലിക്കാനാവുമോ എന്ന് വ്യക്തമാക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍. കേവലം താങ്ങുവിലയില്‍ നല്‍കിയ ഉറപ്പുകള്‍ ഉത്തരവായി ഇറക്കിയതുകൊണ്ട് സമരം നിര്‍ത്താനില്ല. ഇതുസംബന്ധിച്ച് കര്‍ഷകരുടെ ഭാഗത്തുനിന്നുള്ള ചര്‍ച്ച അവസാനിച്ചിരിക്കുകയാണ്. നിയമം പിന്‍വലിക്കുമോ എന്ന ചോദ്യത്തനുള്ള ഉത്തരം മാത്രം കിട്ടിയാല്‍ മതി. കൃത്യമായി ഉത്തരം നല്‍കാതെ ശനിയാഴ്ചയിലെ ചര്‍ച്ചക്കില്ലെന്നാണ് കര്‍ഷക സമരസമിതി നേതാവ് പ്രതിഭ ഷിന്‍ഡെ പറയുന്നത്.
കുട്ടികളും സ്ത്രീകളും പ്രായമായവരുമുള്‍പ്പെടെ ലക്ഷക്കണക്കിനുപേര്‍ ഡല്‍ഹി അതിര്‍ത്തികളിലെ കൊടുംതണുപ്പില്‍ കഴിയുകയാണ്. സമരം കൂടുതള്‍ ശക്തിയോടെ തുടരാനാണ് ഐക്യസമരസമിതിയുടെ തീരുമാനം. വിഷയം ചര്‍ച്ചചെയ്യാന്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ചേരണമെന്ന ആവശ്യംകൂടി ഉന്നയിക്കുകയാണ് കര്‍ഷകര്‍. സമരം ശക്തമാക്കാന്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷകരെ തലസ്ഥാനത്തേയ്ക്ക് എത്തിക്കുന്നതിനും ആലോചനകള്‍ നടക്കുന്നു. ഡിസംബര്‍ അഞ്ചിന് രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെയും കോര്‍പ്പറേറ്റ് ഭീംമന്മാരായ അഡാനി, അംബാനിമാരുടെയും കോലങ്ങള്‍ കത്തിക്കാനും സിംഘുവില്‍ ചേര്‍ന്ന സമരസമിതിയുടെ യോഗം തീരുമാനിച്ചുകഴിഞ്ഞു.
തങ്ങളുയര്‍ത്തിയ മുദ്രാവാക്യത്തില്‍ നിന്ന് കര്‍ഷകര്‍ ഒരടിപോലും പിറകോട്ട് പോകുന്നില്ലെന്നതാണ് പ്രക്ഷോഭത്തിന്റെ വിജയം. ജനപിന്തുണ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നതും സമരകേന്ദ്രങ്ങളിലെ അംഗബലം ഏറുന്നതും അതിന്റെ ഫലമാണ്. ഇതിനകം പഞ്ചാബിലെ 30 കായിക താരങ്ങളാണ് പത്മശ്രീ, അര്‍ജുന അവാര്‍ഡുകള്‍ ഉള്‍പ്പെടെ തിരിച്ചുനല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. 1980ലെ മോസ്‌കോ ഒളിമ്പിക്‌സില്‍ സ്വര്‍ണമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിലെ ഗുര്‍മെയില്‍ സിംഗ്, സുരീന്ദര്‍ സിംഗ് സോധി, അര്‍ജുന അവാര്‍ഡ് ജേതാക്കളായ ഗുസ്തി താരം കര്‍താര്‍ സിംഗ്, ബാസ്‌ക്കറ്റ്‌ബോള്‍ താരം സജ്ജന്‍ സിംഗ് ചീമ തുടങ്ങിയ പ്രമുഖരാണ് കര്‍ഷകര്‍ക്ക് പിന്തുണയുമായി രംഗത്തുവന്നത്.
ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ മുന്‍ നായിക രജ്ബീര്‍ കൗറും ഹോക്കിതാരങ്ങളായ ബില്‍വീന്ദര്‍ സിംഗും ഹര്‍ചരണ്‍ സിംഗ് ബൊപ്പാരിയും അര്‍ജുന അവാര്‍ഡുകള്‍ തിരികെ നല്‍കുകയാണ്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ കര്‍ഷകരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പത്മവിഭൂഷണ്‍ തിരിച്ചുനല്‍കുമെന്നും പ്രഖ്യാപിച്ചു. എല്ലാത്തിനും കര്‍ഷകരോട് കടപ്പെട്ടിരിക്കുന്ന താന്‍, അവര്‍ അപമാനിതരാകുമ്പോള്‍, വഞ്ചിക്കപ്പെടുമ്പോള്‍ ബഹുമതി കയ്യില്‍വച്ചിരിക്കുന്നതില്‍ കാര്യമില്ലെന്ന് മുന്‍ എന്‍.ഡി.എ നേതാവുകൂടിയായ ബാദല്‍ പറഞ്ഞു.
ഒരുപോള കണ്ണടയാതെയാണ് സമരമുഖം. അവിടങ്ങളിലെല്ലാം പൊലീസും ദ്രുതകര്‍മ്മസേനയുമെല്ലാം നിലയുറപ്പിച്ചിട്ടുണ്ട്. പോര്‍മുഖത്താണ് ഇന്ത്യ. ദേശദ്രോഹ ഭരണകൂടത്തിനെതിരായ പോര്‍മുഖത്ത്. രാജ്യത്തിന്റെ നിലനില്‍പ്പിനായി പോരടിക്കുന്ന കര്‍ഷകര്‍ക്കൊപ്പം നിലയുറപ്പിക്കാം മുഷ്ടിചുരുട്ടാം.