ന്യൂദല്‍ഹി: ദല്‍ഹിയില്‍ പതിനായിരക്കണക്കിന് കര്‍ഷകരെ അണിനിരത്തി കിസാന്‍ മസ്ദൂര്‍ മഹാപഞ്ചായത്ത്. സംയുക്ത കിസാന്‍ മോര്‍ച്ച ദല്‍ഹിയിലെ രാംലീല മൈതാനത്ത് നടത്തിയ മഹാപഞ്ചായത്തില്‍ നൂറ് കണക്കിന് വനിതാ കര്‍ഷകരും പങ്കെടുത്തു.
മഹാപഞ്ചായത്തില്‍ രാജ്യത്തെ സാമൂഹിക സാംസ്‌കാരിക നേതാക്കളും പങ്കെടുത്തു. സമരത്തെ തുടര്‍ന്ന് ദല്‍ഹിയില്‍ പൊലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
വരും ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ നിന്ന് ഉള്‍പ്പടെയുള്ള നിരവധി കര്‍ഷകരാണ് സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലേക്ക് എത്തിയത്.
5000 പേര്‍ക്ക് മാത്രമാണ് സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹി പൊലീസ് ആദ്യം അനുമതി നല്‍കിയിരുന്നതെങ്കിലും പതിനായരക്കണക്കിന് കര്‍ഷകര്‍ ദല്‍ഹിയിലേക്ക് എത്തുകയായിരുന്നു. ദല്‍ഹി പൊലീസിന്റെയും കേന്ദ്ര സേനയുടെയും കനത്ത സുരക്ഷിയിലാണ് സമരം നടന്നത്.
പ്രദേശത്ത് ഡ്രോണ്‍ നിരീക്ഷണം ഉള്‍പ്പടെ നടത്തുന്നുണ്ട്. രണ്ട് മണിയോടെ സമരം അവസാനിപ്പിക്കുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. വിളകൾക്ക് മിനിമം താങ്ങുവില നിയമം ഉറപ്പ് തരണമെന്ന കര്‍ഷകരുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്നത് വരെ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് കര്‍ഷക നേതാക്കള്‍ അറിയിച്ചു.
സമരത്തിന്റെ ഭാഗമായി റെയില്‍ റോക്കോ സമരം ഉള്‍പ്പടെ അടുത്തിടെ കര്‍ഷകര്‍ നടത്തിയിരുന്നു. നാല് മണിക്കൂറോളമാണ് ഇതിന്റെ ഭാഗമായി കര്‍ഷകര്‍ ട്രെയിന്‍ തടഞ്ഞത്.
Content Highlight: Farmers protest in Delhi: Kisan Mahapanchayat at Ramila Maidan