ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധത്തിന് എത്രയും വേഗം പരിഹാരം കാണണമെന്ന ആവശ്യവുമായി ആര്‍.എസ്.എസും. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും ഇരു ധ്രുവങ്ങളില്‍ നില്‍ക്കാതെ ഒന്നിച്ചു നിന്നുകൊണ്ട് പ്രശ്‌നപരിഹാരത്തിനായി ശ്രമിക്കണമെന്നും ആര്‍.എസ്.എസ് ജനറല്‍ സെക്രട്ടറി (സര്‍കാര്യവാഹക്) സുരേഷ് ഭയ്യാജി ജോഷി പറഞ്ഞു. പ്രതിഷേധത്തിന് വിഭാഗീയതയുടെ നിറം നല്‍കാന്‍ ശ്രമിക്കുന്നത് ശരിയല്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് ജോഷി പ്രതികരിച്ചു.
‘ഏത് പ്രതിഷേധമായാലും, അത് ഇങ്ങനെ നീണ്ടുപോകുന്നത് സമൂഹത്തിന് നല്ലതല്ല. പ്രതിഷേധം എത്രയും വേഗം അവസാനിക്കണമെന്നതാണ് ഞങ്ങളുടെ ആഗ്രഹം.’ സുരേഷ് ജോഷി പറഞ്ഞു.
ചര്‍ച്ചയിലൂടെ എന്തെല്ലാം നേടിയെടുക്കാന്‍ സാധിക്കുമോ അത് സ്വീകരിക്കാന്‍ പ്രതിഷേധക്കാര്‍ തയ്യാറാകണം. എത്രത്തോളം കൂടുതല്‍ നല്‍കാനാകുമോ അത്രത്തോളം നല്‍കാന്‍ കഴിയുമോയെന്ന് സര്‍ക്കാരും ശ്രദ്ധിക്കണമെന്നും സുരേഷ് ജോഷി പറഞ്ഞു.
അതേസമയം പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചാല്‍ മാത്രമേ ചര്‍ച്ചക്ക് തയ്യാറാവുകയുള്ളൂവെന്ന കടുംപിടുത്തം കര്‍ഷകര്‍ അവസാനിപ്പിക്കണമെന്നും സുരേഷ് ജോഷി പറഞ്ഞു.
പ്രതിഷേധം അവസാനിപ്പിക്കാനായി കര്‍ഷകരുമായി നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാരിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ് ആര്‍.എസ്.എസിന്റെ നിലപാട്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്ന് ആര്‍.എസ്.എസും ആവര്‍ത്തിച്ചെങ്കിലും പ്രതിഷേധത്തിന് പരിഹാരം കണ്ടേ തീരുവെന്ന നിര്‍ദേശം സര്‍ക്കാരിന് വെല്ലുവിളിയാകും.
കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ളവര്‍ തന്നെ പ്രതിഷേധക്കാരെ മാവോയിസ്റ്റുകളെന്നും ഖലിസ്ഥാനികളെന്നും വിളിക്കുന്നതിനെകുറിച്ചും സുരേഷ് ജോഷി പ്രതികരിച്ചു. പ്രതിഷേധത്തിന് വിഭാഗീയതയുടെ നിറം നല്‍കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. അത് ശരിയല്ലെന്ന് പറഞ്ഞ സുരേഷ് ജോഷി പ്രതിഷേധത്തിന് പരിഹാരമുണ്ടാകരുതെന്ന് ആരെങ്കിലം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് അന്വേഷിക്കണമെന്നും കൂട്ടിച്ചേര്‍ത്തു.
അതേസമയം കര്‍ഷകരുമായി കേന്ദ്രം നടത്താനിരുന്ന പത്താംവട്ട ചര്‍ച്ചകള്‍ ജനുവരി 20ലേക്ക് മാറ്റിവെച്ചിരുന്നു. കര്‍ഷക പ്രക്ഷോഭവുമായി ബന്ധപ്പെട്ട് നല്‍കിയ ഹരജികളില്‍ സുപ്രീംകോടതി നാളെ തുടര്‍വാദം കേള്‍ക്കാനിരിക്കെയാണ് സര്‍ക്കാരിന്റെ നീക്കം.
അതിനിടെ പ്രശ്‌നപരിഹാരത്തിനായി സുപ്രീംകോടതി നിയമിച്ച വിദഗ്ധ സമിതിയുടെ ആദ്യയോഗം ഇന്ന് ചേരും. അതേസമയം സര്‍ക്കാര്‍ നിശ്ചയിച്ച നാളത്തെ ചര്‍ച്ചയില്‍ പങ്കെടുക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കര്‍ഷക സംഘടനകള്‍ ഇന്ന് സിംഗുവില്‍ യോഗം ചേരും.
ഖലിസ്ഥാന്‍ സംഘടനകളില്‍ നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചെന്ന് ആരോപിച്ച് കര്‍ഷക നേതാക്കള്‍ക്ക് നോട്ടീസ് അയച്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ നടപടിക്കെതിരെ സംയുക്ത കിസാന്‍ മോര്‍ച്ച പ്രതിഷേധം അറിയിച്ചിരുന്നു. നോട്ടീസ് ലഭിച്ച ഒരു കര്‍ഷക നേതാവു പോലും ഏജന്‍സിക്ക് മുമ്പില്‍ ഹാജരാകില്ലെന്നും സംഘടന അറിയിച്ചു. കര്‍ഷക സമരത്തെ പൊളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന പദ്ധതിയുടെ ഭാഗമാണിതെന്നും നേതാക്കള്‍ അറിയിച്ചിരുന്നു.
സമരം ശക്തമായിത്തന്നെ തുടരുമെന്നും റിപ്പബ്ലിക് ദിനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ട്രാക്ടര്‍ റാലിയുമായി മുന്നോട്ട് പോകുമെന്നും കിസാന്‍ മോര്‍ച്ച വ്യക്തമാക്കി.
റിപ്പബ്ലിക്ക് ദിനത്തില്‍ നടത്താന്‍ ഉദ്ദേശിക്കുന്ന ട്രാക്ടര്‍ റാലി തടയണമെന്ന് ആവശ്യപ്പെട്ട് ദല്‍ഹി പൊലീസ് നല്‍കിയ ഹരജി ഇന്നലെ സുപ്രീംകോടതി പരിഗണിച്ചിരുന്നു. ക്രമസമാധാന വിഷയമായതിനാല്‍ കോടതിയ്ക്ക് ഇടപെടാന്‍ പരിധിയുണ്ടെന്നും റാലി തടയണോ വേണ്ടയോ എന്ന് പൊലീസിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
കര്‍ഷക സംഘടനകള്‍ മുന്നോട്ട് വെച്ച ഭൂരിഭാഗം ആവശ്യങ്ങളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചെന്നാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ്ങ് തോമര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞത്. നിയമം പിന്‍വലിക്കുന്നത് സാധ്യമല്ലെന്നും നിയമത്തില്‍ വരുത്തേണ്ട ഭേദഗതികളെക്കുറിച്ച് വിശദമായി ചര്‍ച്ച നടത്താമെന്നും മന്ത്രി പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക