ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹയാത്ര ഉപേക്ഷിച്ച് കര്‍ഷക പ്രതിഷേധത്തില്‍ അണിനിരന്ന് വരന്‍. കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന പ്രതിഷേധത്തിലാണ് വിവാഹചടങ്ങുകള്‍ ഒഴിവാക്കി സിയ ഉള്‍ എന്ന ഇരുപത്തിയാറുകാരന്‍ പങ്കുച്ചേര്‍ന്നത്. ഷെര്‍വാണിയും പൂക്കളും നോട്ടുമാലയും അണിഞ്ഞ് പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിക്കുന്ന സിയയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഗാസിയബാദിലെ വധുവിന്റെ വീട്ടില്‍ വെച്ചായിരുന്നു സിയ ഉള്‍ന്റെ വിവാഹചടങ്ങുകള്‍ നിശ്ചയിച്ചിരുന്നത്. ഗാസിയബാദിലേക്കുള്ള യാത്രമധ്യേയാണ് വഴിയില്‍ അണിനിരന്ന കര്‍ഷകരെ സിയയും കുടുംബവും കാണുന്നത്. തുടര്‍ന്ന് വാഹനത്തില്‍ നിന്നിറങ്ങി വന്ന് സിയ കര്‍ഷകരോടൊപ്പം ചേരുകയായിരുന്നു. കര്‍ഷകര്‍ വന്‍വരവേല്‍പ്പാണ് സിയക്ക് നല്‍കിയത്.
നമുക്ക് ഭക്ഷണം തരുന്നവര്‍ക്കായി തന്നാലാകുന്ന ചെറിയ ഒരു കാര്യം മാത്രമേ ചെയ്തുള്ളുവെന്നാണ് സിയ പ്രതികരിച്ചത്. താന്‍ ഒരു കര്‍ഷകന്റെ മകനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ഇന്ന് എന്റെ വിവാഹദിവസമാണ്. മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ദിവസം നിശ്ചയിച്ചതാണ്. അല്ലെങ്കില്‍ ഞാന്‍ ഈ കര്‍ഷകസമരത്തില്‍ സജീവമായി രംഗത്തുണ്ടാകുമായിരുന്നു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണം. ഈ രാജ്യത്തിന്റെ നട്ടെല്ലാണ് കര്‍ഷകര്‍. അവര്‍ക്ക് പ്രയോജനമുണ്ടാകണമെങ്കില്‍ ഈ നിയമങ്ങള്‍ പിന്‍വലിക്കണം.’ സിയ പറഞ്ഞു.
കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ ഭാരത് ബന്ദ് പുരോഗമിക്കുകയാണ്. ദല്‍ഹിയിലേക്ക് ആയിരക്കണക്കിന് കര്‍ഷകരാണ് മാര്‍ച്ച് ചെയ്ത് എത്തിയിരിക്കുന്നത്. സമരം അടിച്ചമര്‍ത്താനുള്ള തീവ്രശ്രമത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഭാരത് ബന്ദിന് പിന്തുണയുമായെത്തിയ വിവിധ നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇടതുപാര്‍ട്ടികളുടെ ദേശീയ നേതാക്കളടക്കം അറസ്റ്റിലായിട്ടുണ്ട്. ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിനെ വീട്ടുതടങ്കലിലാക്കുകയും സമരത്തില്‍ പങ്കെടുക്കാന്‍ ഇറങ്ങിയ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു പൊലീസ്.
അതേസമയം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ഷകരുമായി ഇന്ന് വെകിട്ട് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് വൈകിട്ട് ഏഴുമണിക്ക് അമിത് ഷാ കര്‍ഷകരെ കാണുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കര്‍ഷകരുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തുമെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചിരുന്നത്.
ഭാരത് ബന്ദിന് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ പിന്തുണയ്ക്ക് പിന്നാലെയാണ് അമിത് ഷാ കര്‍ഷകരെ കാണുമെന്ന് റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക