അന്താരാഷ്ട്ര തലത്തിലും ചർച്ചയായി റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലി; പ്രാധാന്യത്തോടെ വാർത്തയാക്കി ​ഗാർഡിയൻ, വാഷിം​ഗ്ടൺപോസ്റ്റ്, സി.എൻ.എൻ
national news
അന്താരാഷ്ട്ര തലത്തിലും ചർച്ചയായി റിപ്പബ്ലിക് ദിനത്തിലെ കർഷകരുടെ ട്രാക്ടർ റാലി; പ്രാധാന്യത്തോടെ വാർത്തയാക്കി ​ഗാർഡിയൻ, വാഷിം​ഗ്ടൺപോസ്റ്റ്, സി.എൻ.എൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th January 2021, 4:27 pm

ന്യൂദൽഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തുന്ന ട്രാക്ടര്‍ റാലിയും തുടർന്നുണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര തലത്തിൽ ചർച്ചയാകുന്നു. ഇന്ത്യ റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുമ്പോൾ തലസ്ഥാനത്ത് തന്നെ ലക്ഷക്കണക്കിന് പേരെ അണിനിരത്തി രണ്ട് മാസത്തിലേറെയായി സമരം ചെയ്യുന്ന കർഷകരുടെ പ്രതിഷേധം വലിയ പ്രാധാന്യത്തിലാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

സി.എൻ.എൻ, അൽ-ജസീറ, ദ ​ഗാർഡിയൻ, വാഷിം​ഗ്ടൺ പോസ്റ്റ് തുടങ്ങിയ മാധ്യമങ്ങൾ കർഷക സമരത്തിന്റെ എല്ലാ അപ്ഡേറ്റുകളും വലിയ പ്രാധാന്യത്തിലാണ് വാർത്തയാക്കിയിരിക്കുന്നത്. രാജ്യത്തെ കർഷകരുടെ സമരം അന്താരാഷ്ട്ര തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടാൻ റിപ്പോർട്ടുകൾ വഴിവെച്ചേക്കും. നേരത്തെ കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയടക്കം കർഷക സമരത്തിന് പിന്തുണ നൽകിയിരുന്നു.

അതേസമയം കർഷക സരമത്തിന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട അമേരിക്കൻ പ്രസിഡന്റ് ജോ ബൈ‍ഡൻ പിന്തുണ നൽകി എന്ന തരത്തിൽ ഇന്റർനെറ്റിൽ പ്രചരിക്കപ്പെടുന്ന വാർത്ത വ്യാജമാണ്. ഇന്ത്യയിലെ കർഷക സമരത്തിൽ ബൈഡൻ ഇതുവരെയും പ്രതികരിച്ചിട്ടില്ല.പലയിടത്തും പൊലീസ് കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍വാതകം പ്രയോഗിച്ചിരുന്നു.

സിംഗു അതിര്‍ത്തിയിലും ഗാസിപ്പൂരിലും സംഘര്‍ഷം ശക്തമായി. പൊലീസ് കര്‍ഷകരെ തടഞ്ഞതിനെ തുടര്‍ന്ന് ബാരിക്കേഡുകള്‍ തള്ളിനീക്കിയാണ് കര്‍ഷകര്‍ മുന്നോട്ടുനീങ്ങിയത്. പൊലീസ് വാഹനങ്ങളുടെ മുകളില്‍ കയറിയും കര്‍ഷകര്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ വിളിച്ചു.

അനുവാദം നല്‍കിയിരുന്ന വഴികളിലൂടെ റാലിയുമായി മുന്നോട്ടുനീങ്ങാന്‍ പൊലീസ് സമ്മതിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ അറിയിച്ചത്. ദൽഹിയിൽ ചെങ്കോട്ടയുടെ മുകളിൽ കയറിയും കർഷകർ പ്രതിഷേധിച്ചിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കര്‍ഷകരാണ് ദല്‍ഹിയിലെത്തുന്നത്.

5000 ട്രാക്ടറുകള്‍ക്കാണ് പൊലീസ് അനുമതി നല്‍കിയിരുന്നത്. എന്നാല്‍ ഒരു ലക്ഷത്തിലേറെ ട്രാക്ടറുകള്‍ പ്രതിഷേധ റാലിക്കെത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചിരുന്നു. എന്നാല്‍ സംഘടനകള്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ പേര്‍ റാലിക്കെത്തിയിട്ടുള്ളതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ട്രാക്ടര്‍ റാലിക്ക് പിന്നാലെ സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ബജറ്റ് ദിനമായ ഫെബ്രുവരി ഒന്നിന് പാര്‍ലമെന്റിലേക്ക് കാല്‍നട മാര്‍ച്ച് കര്‍ഷകസംഘടനകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമരഭൂമിയില്‍ നിന്ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് തീരുമാനം.

കര്‍ഷകരുമായി കേന്ദ്രം നടത്തിയ പതിനൊന്നാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കണമെന്ന കര്‍ഷക നേതാക്കളുടെ ആവശ്യം പൂര്‍ണ്ണമായി അംഗീകരിക്കാന്‍ കഴിയുന്നതല്ലെന്നാണ് കേന്ദ്രം പറഞ്ഞത്.

ഏറ്റവും കുറഞ്ഞത് ഒരു പതിനെട്ട് മാസത്തേക്ക് നിയമം നടപ്പാക്കാതിരിക്കാന്‍ ഉത്തരവിടാമെന്നും നിയമം പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ കഴിയില്ലെന്നുമാണ് കേന്ദ്രത്തിന്റെ നിലപാട്.

എന്നാല്‍ ഇത് അംഗീകരിക്കാന്‍ കര്‍ഷക സംഘടന നേതാക്കള്‍ തയ്യാറായില്ല. അതോടെ പതിനൊന്നാം ഘട്ട ചര്‍ച്ചയും തീരുമാനമാകാതെ അവസാനിപ്പിക്കുകയായിരുന്നു. അടുത്ത ഘട്ട ചര്‍ച്ചകളുടെ തീയതി നിശ്ചയിക്കാതെയാണ് കൂടിക്കാഴ്ച അവസാനിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers Protest Discussed internationally; The Guradian, Washington and CNN publishes reports