ന്യൂദല്‍ഹി: കര്‍ഷക സമരം 20 ദിവസം പിന്നിടുമ്പോള്‍ കര്‍ഷകര്‍ക്ക് പിന്തുണയുമായി അതിര്‍ത്തിയിലെത്തുന്ന ആളുകളുടെ എണ്ണം ദിനംപ്രതി കൂടുകയാണെന്ന് ഹരിയാന പൊലീസ്. അറുപതിനായിരത്തിലധികം ആളുകള്‍ നിലിവില്‍ അതിര്‍ത്തിയിലുണ്ടെന്നും സ്ഥിതി നിയന്ത്രണവിധേയമല്ലെന്നും ഹരിയാന പൊലീസ് പറഞ്ഞു.
പഞ്ചാബിനു പുറമെ ഹരിയാന, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ആയിരിക്കണക്കിന് ആളുകളാണ് ദിവസേന അതിര്‍ത്തിയില്‍ എത്തിച്ചേരുന്നത്.
കര്‍ഷക സമരം തടയാനുള്ള വഴികളെല്ലാം അടയുമ്പോള്‍ പുതിയ മാര്‍ഗങ്ങള്‍ ഉപയോഗിച്ച് സമരം അടിച്ചമര്‍ത്താനുള്ള നീക്കത്തിലാണ് പൊലീസ് ഇപ്പോള്‍. ദല്‍ഹി-ഹരിയാന അതിര്‍ത്തി പൂര്‍ണമായും അടച്ച് കര്‍ഷകരെ സമരസ്ഥലത്തേക്ക് എത്തിക്കാതിരിക്കാനാണ് പൊലീസ് ശ്രമം. നിലവില്‍പ്രതിഷേധക്കാര്‍ ദല്‍ഹി ഹരിയാന അതിര്‍ത്തിയില്‍ എത്താതിരിക്കാന്‍ പൊലീസ് ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
എന്നാല്‍ ഇത് മറികടന്നാണ് ആയിരക്കണക്കിന് ആളുകള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ സമരം 20 ദിവസം പിന്നിടുമ്പോഴും എത്തുന്നത്. ഇത് വലിയ ആശങ്കയാണ് ഹരിയാന പൊലീസിനിടയില്‍ സൃഷ്ടിച്ചിരിക്കുന്നത്.
ഹരിയാന ഡി.ജി.പി മനോജ് യാദവാണ് അതിര്‍ത്തി പൂര്‍ണമായും അടച്ച് സമരം തടയാനുള്ള നീക്കത്തിലേക്കാണ് അടുത്ത ഘട്ടം പൊലീസ് നീങ്ങുക എന്ന് പറഞ്ഞത്.
” നിലവില്‍ യാത്രക്കാര്‍ക്ക് തടസമാകുമെന്നതിനാല്‍ ബോര്‍ഡര്‍ പൂര്‍ണമായും അടച്ചുപൂട്ടിയിട്ടില്ല. പക്ഷേ അതിര്‍ത്ത് മുഴുവനായും അടച്ചിടാന്‍ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി. ഞങ്ങള്‍ക്ക് അത് ചെയ്യേണ്ടി വരും”, മനോജ് യാദവ പറഞ്ഞു.മനോജ് യാദവയുടെ പ്രസ്താവന വ്യക്തമാക്കുന്നത് അതിര്‍ത്തി അടച്ചിട്ട് കര്‍ഷകരെ തടഞ്ഞ് സമരം ദുര്‍ബലമാക്കാനുള്ള നീക്കത്തിനാണ് പൊലീസും കേന്ദ്ര സര്‍ക്കാരും ഇനി ശ്രമിക്കുക എന്നാണ്.
നിലവില്‍ ദല്‍ഹി-അമ്പാല, ദല്‍ഹി- ഹിസാര്‍ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. അതുകൊണ്ട് തന്നെ കിലോമീറ്ററുകള്‍ ചുറ്റിവളഞ്ഞ് ഗ്രാമങ്ങളിലുടെ സഞ്ചരിച്ചാണ് കര്‍ഷകര്‍ സമരം നടക്കുന്നിടത്തേക്ക് എത്തുന്നത്. സാമാധാനപരമായി നടക്കുന്ന സമരം അടിച്ചമര്‍ത്താന്‍ പൊലീസിനെ അനുവദിക്കില്ലെന്ന് കര്‍ഷക സമരത്തിന് നേതൃത്വം നല്‍കുന്നവര്‍ പറഞ്ഞു.