കേന്ദ്രത്തിന്റേത് അടിച്ചമർത്തൽ നയം; എന്‍.ഐ.എയെ ഇറക്കിയുള്ള കളി ഞങ്ങളെക്കൊണ്ട് ആവുംവിധം പ്രതിരോധിക്കും; ശക്തമായ താക്കീതുമായി കർഷകർ
national news
കേന്ദ്രത്തിന്റേത് അടിച്ചമർത്തൽ നയം; എന്‍.ഐ.എയെ ഇറക്കിയുള്ള കളി ഞങ്ങളെക്കൊണ്ട് ആവുംവിധം പ്രതിരോധിക്കും; ശക്തമായ താക്കീതുമായി കർഷകർ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 17th January 2021, 7:16 pm

ന്യൂദൽ​​ഹി: കേന്ദ്ര സർക്കാരിനെതിരായ കാർഷിക സമരത്തിൽ പങ്കെടുക്കുന്ന കർഷകർക്ക് എൻ.ഐ.എ ചോദ്യം ചെയ്യാനുള്ള നോട്ടീസ് അയച്ചതിന് പിന്നാലെ നിലപാട് കടുപ്പിച്ച് കർഷകർ. കേന്ദ്രത്തിന്റേത് അടിച്ചമർത്തൽ നയമാണെന്ന് കർഷകർ തുറന്നടിച്ചു. കേന്ദ്രവുമായുള്ള ഒൻപതാം ഘട്ട ചർച്ചയും പരാജയപ്പെട്ടതിന് പിന്നാലെയായിരുന്നു കർഷകരുടെ പ്രതികരണം.

പഞ്ചാബി നടൻ ദീപ് സിന്ധുവടക്കം 40 ഓളം പേർക്കാണ് എൻ.ഐ.എ നോട്ടീസ് അയച്ചിരിക്കുന്നത്. കേന്ദ്രസർക്കാർ പ്രതിഷേധത്തിൽ അണിനിരക്കുന്നവരെ മാനസികമായി പീഡിപ്പിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നതെന്നും കർഷകർ പറഞ്ഞു.

”എൻ.ഐ.എ പ്രതിഷേധിക്കുന്ന കർഷകർക്കെതിരെ കേസെടുക്കാൻ ആരംഭിച്ചിട്ടുണ്ട്. ആരെല്ലാം സമരത്തിന് പിന്തുണ നൽകുന്നുവോ അവരെയെല്ലാം കുടുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. എല്ലാ കർഷക യൂണിയനുകളും ഈ നടപടികളെ അപലപിക്കുകയാണ്.ഞങ്ങൾക്ക് സാധ്യമാകുന്ന വിധത്തിലെല്ലാം ഇതിനെതിരെ പോരാടും,” കർഷക നേതാവായ ദർശൻ പാൽ പറഞ്ഞു.

സംയുക്ത കര്‍ഷക മോര്‍ച്ച നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് എന്‍.ഐ.എയുടെ നോട്ടീസ്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ടാണ് എന്‍.ഐ.എ നോട്ടീസ് നല്‍കിയത്.

യു.എ.പി.എ, രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ആരോപിച്ച് 2020 ഡിസംബര്‍ 15 ന് സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനയ്ക്കെതിരെ ദല്‍ഹിയില്‍ എന്‍.ഐ.എ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് നോട്ടീസ്.

എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ദേവ് സിംഗ് സിര്‍സ വ്യക്തമാക്കിയിട്ടുണ്ട്. കര്‍ഷക സമരം അട്ടിമറിക്കുന്നതിന്റെ ഭാഗമാണ് എന്‍.ഐ.എയുടെ ഈ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

കര്‍ഷക നേതാക്കള്‍ക്ക് എന്‍.ഐ.എ നോട്ടീസ് അയച്ച സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ച് ശിരോമണി അകാലി ദളും രം​ഗത്തെത്തിയിരുന്നു. കര്‍ഷകരുമായുള്ള ചര്‍ച്ച പരാജയപ്പെട്ടപ്പോള്‍ കര്‍ഷകരെ തളര്‍ത്താനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്‍.ഐ.എയെ ഉപയോഗിച്ചുള്ള കേന്ദ്രത്തിന്റെ നീക്കമെന്ന് അകാലി ദള്‍ അധ്യക്ഷന്‍ സുഖ് ബീര്‍ സിംഗ് ബാദല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:Centre’s Oppressive Attitude’: Farmers Hit Back After Probe Agency’s Summons