ദല്‍ഹി: വനിതാ ദിനമായ ഇന്ന് കര്‍ഷക പ്രക്ഷോഭം നടക്കുന്ന ദല്‍ഹി അതിര്‍ത്തികളില്‍ മഹിളാ പഞ്ചായത്തുകള്‍ ചേരും. സിംഗു, തിക്രി, ഗാസിപ്പൂര്‍ എന്നിവിടങ്ങളില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ സംഘടിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു.
സിംഗുവില്‍ രാവിലെ പത്ത് മണിക്കാണ് മഹിളാ പഞ്ചായത്ത് ചേരുക. കെ.എഫ്.സി ചൗകില്‍ നിന്ന് സിംഗു അതിര്‍ത്തിയിലേക്ക് വനിതകളുടെ മാര്‍ച്ചും നടക്കും.
കര്‍ഷക സമരം നൂറു ദിനം പിന്നിട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രതിഷേധപരിപാടികള്‍ സജീവമാക്കുന്നതിന് ഈ ശനിയാഴ്ച രാജ്യവ്യാപകമായി ട്രെയിന്‍ തടയാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച തീരുമാനിച്ചിട്ടുണ്ട്. വിവിധ ട്രേഡ് യൂണിയനുകളുടെ പിന്തുണയോടെയാകും ഉപരോധം.
തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ ബി.ജെ.പിയ്ക്ക് വോട്ട് ചെയ്യരുതെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ അഞ്ചു സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുന്നുണ്ട്. പശ്ചിമ ബംഗാളിലേക്ക് ഉടന്‍ പുറപ്പെടുമെന്ന് ബി.കെ.യു നേതാവ് രാകേഷ് ടികായത് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
സര്‍ക്കാരിപ്പോള്‍ കൊല്‍ക്കത്തയിലാണ് അതുകൊണ്ട് കര്‍ഷകരും കൊല്‍ക്കത്തയ്ക്ക് പുറപ്പെടുകയാണ് എന്നാണ് രാകേഷ് ടികായത് പറഞ്ഞത്. മാര്‍ച്ച് 13ന് കൊല്‍ക്കത്തയിലെത്തി അവിടുത്തെ കര്‍ഷകരോട് സംസാരിക്കുമെന്നും രാകേഷ് ടികായത് പറഞ്ഞു.
കര്‍ഷകര്‍ക്ക് പിന്തുണയറിയിച്ചുകൊണ്ട് ഉത്തര്‍പ്രദേശിലെ മീററ്റില്‍ സംഘടിപ്പിച്ച കിസാന്‍ മഹാപഞ്ചായത്തില്‍ പങ്കെടുത്തുകൊണ്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി സംസാരിച്ചിരുന്നു. നൂറ് ദിവസം അല്ല നൂറ് മാസങ്ങള്‍ എടുത്താലും താന്‍ കര്‍ഷകരോടൊപ്പമാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
‘കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണോ അതോ മോദിയുടെ കോടീശ്വരന്‍മാരായ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണോ നിര്‍മ്മിച്ചത്? കര്‍ഷകര്‍ സമരം തുടങ്ങിയിട്ട് നൂറ് ദിവസങ്ങള്‍ കഴിഞ്ഞു. ദല്‍ഹി അതിര്‍ത്തിയില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ സമരം ചെയ്യുകയാണ്. കര്‍ഷകര്‍ക്ക് വേണ്ടിയാണ് നിയമമെങ്കില്‍ അവര്‍ പ്രതിഷേധിക്കേണ്ട കാര്യമില്ലല്ലോ?’പ്രിയങ്ക പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക