|

കര്‍ഷകര്‍ക്ക് മുന്നില്‍ കേന്ദ്രം മുട്ടുകുത്തി; ബി.ജെ.പിയുടേത് ജനങ്ങളുടെ ശക്തിക്ക് മുന്നില്‍ പേടിച്ചു പതറുന്ന സര്‍ക്കാരെന്ന് മെഹബൂബ മുഫ്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധം നടത്തുന്ന കര്‍ഷകരെ പിന്തുണച്ച് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി. കര്‍ഷകര്‍ കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിച്ചിരിക്കുകയാണെന്ന് മുഫ്തി പറഞ്ഞു.

സമാധാനപരമായി നടക്കുന്ന പ്രതിഷേധം അടിച്ചമര്‍ത്താന്‍ കേന്ദ്രം നടത്തുന്ന നീക്കങ്ങള്‍ വ്യക്തമാക്കുന്നത് സര്‍ക്കാരിന്റെ ഭീരുത്വവും തോല്‍വിയുമാണെന്ന് അവര്‍ പറഞ്ഞു.

ജനങ്ങളുടെ ശക്തിയെ ഭയപ്പെടുന്നവരാണ് ബി.ജെ.പി സര്‍ക്കാരെന്ന് ആര്‍ട്ടിക്കിള്‍ 370 റദ്ദ് ചെയ്ത കേന്ദ്ര നടപടി ചൂണ്ടിക്കാട്ടി മുഫ്തി പറഞ്ഞു.

അതേസമയം, കഴിഞ്ഞദിവസം കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പൂര്‍ണമായി പരാജയപ്പെട്ടിരുന്നു. തുടര്‍ ചര്‍ച്ച ഡിസംബര്‍ അഞ്ചിന് നടത്തുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

എന്നാല്‍ നിയമം പിന്‍വലിക്കാന്‍ പറ്റുമോ ഇല്ലയോ എന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഇന്ന് ആവശ്യപ്പെടുമെന്നാണ് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരിക്കുന്നത്. കൃത്യമായ ഉത്തരം സര്‍ക്കാര്‍ നല്‍കിയില്ലെങ്കില്‍ ശനിയാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞു.

മൂന്ന് കാര്‍ഷിക നിയമങ്ങളിലും ഭേദഗതി വരുത്താമെന്നാണ് സര്‍ക്കാര്‍ കര്‍ഷകരോട് പറയുന്നത്. എന്നാല്‍ ഭേദഗതിയല്ല വേണ്ടത് നിയമം പിന്‍വലിക്കാനാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന് കര്‍ഷകര്‍ വ്യക്തമാക്കി.

സര്‍ക്കാരിന് ഈഗോ ഇല്ലെന്നും അതുകൊണ്ട് ശനിയാഴ്ചയും ചര്‍ച്ച നടത്താമെന്നാണ് വ്യാഴാഴ്ചത്തെ ചര്‍ച്ച പരിഹാരമില്ലാതെ അവസാനിച്ചതിന് പിന്നാലെ സര്‍ക്കാര്‍ പറഞ്ഞത്.

ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്. അതിന്റെ ഭാഗമായിട്ടാണ് കര്‍ഷകരുമായി തിരക്കിട്ട് ചര്‍ച്ചകള്‍ നടത്തുന്നത്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Farmers’ protest brought Centre to its knees, tweets Mehbooba Mufti

Video Stories