കര്‍ഷക സമരം; സമയപരിധി കഴിഞ്ഞു, ഉന്നതതല നിര്‍ദ്ദേശം കാത്ത് കേന്ദ്രസേന ഖാസിപ്പൂരില്‍
national news
കര്‍ഷക സമരം; സമയപരിധി കഴിഞ്ഞു, ഉന്നതതല നിര്‍ദ്ദേശം കാത്ത് കേന്ദ്രസേന ഖാസിപ്പൂരില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th January 2021, 11:48 pm

ന്യൂദല്‍ഹി: ഖാസിപ്പൂരില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് യു.പി പൊലീസ് നല്‍കിയ അന്ത്യശാസനത്തിന്റെ സമയപരിധി അവസാനിച്ചിരിക്കുകയാണ്. 11 മണിയോടെ പ്രദേശത്ത് നിന്ന് ഒഴിയണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇതനുസരിക്കാന്‍ കര്‍ഷകര്‍ കൂട്ടാക്കിയിട്ടില്ല.

തുടര്‍ന്ന് കേന്ദ്രസേനയെ രംഗത്തിറക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹവും ഒരുക്കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ജില്ലാ മജിസ്‌ട്രേറ്റും ഖാസിപ്പൂരിലെത്തിയിരിക്കുകയാണ്.

പ്രദേശത്ത് നിന്ന് ഒഴിയാന്‍ കര്‍ഷകര്‍ക്ക് സമയം നീട്ടി നല്‍കിയേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

യു.പിയിലെ ഖാസിപ്പൂരില്‍ സമരം ചെയ്യുന്ന കര്‍ഷകരെ ഭീഷണിപ്പെടുത്തി യു.പി പൊലീസ് രംഗത്തെത്തിയിരുന്നു. ഖാസിപൂരില്‍ നിന്ന് പ്രതിഷേധം അവസാനിപ്പിച്ച് സ്ഥലംവിടാന്‍ നേരത്തെ യു.പി പൊലീസ് അന്ത്യശാസനം നല്‍കിയിരുന്നു.

എന്നാല്‍ സമരവേദിയില്‍ സംഘര്‍ഷമുണ്ടാകാന്‍ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് തികേത് രംഗത്തെത്തിയിരുന്നു.

സമാധാനപരമായി സമരം നടത്താന്‍ കോടതി ഉത്തരവുണ്ടെന്നും ബലപ്രയോഗത്തിലൂടെ തങ്ങളെ ഒഴിപ്പിക്കാന്‍ ശ്രമിച്ചാല്‍ ജീവന്‍വെടിയാനും തങ്ങള്‍ തയ്യാറാണെന്നും തികേത് പറഞ്ഞു.

റിപബ്ലിക് ദിനത്തില്‍ നടന്ന സംഘര്‍ഷത്തിന്റെ പേരില്‍ പൊലീസ് ഇതുവരെ 25 എഫ്.ഐ.ആറുകള്‍ എടുക്കുകയും 37 കര്‍ഷക നേതാക്കളെ പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

ചെങ്കോട്ടയിലെ അക്രമവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പഞ്ചാബി നടന്‍ ദീപ് സിദ്ദുവിന്റെയും ഗുണ്ടാസംഘം നേതാവ് ലക്കാ സാധന്റെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എഫ്.ഐആറില്‍ സിദ്ദുവിന്റെ പേര് പരാമര്‍ശിച്ചിട്ടുണ്ടെന്നും എന്നാല്‍ പ്രതിയാക്കിയിട്ടില്ലെന്നും പൊലീസ് വൃത്തങ്ങള്‍ പറഞ്ഞതായി ദ ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രാക്ടര്‍ റാലിക്കിടെ ഒരു കൂട്ടം ആളുകള്‍ ചെങ്കോട്ടയിലെത്തി സിഖ് മത പതാക ഉയര്‍ത്തുകയായിരുന്നു. കര്‍ഷകരാണ് പതാക ഉയര്‍ത്തിയതെന്ന് വരുത്തി തീര്‍ക്കാന്‍ പൊലീസും കേന്ദ്രവും ശ്രമം നടത്തുകയും ചെയ്തു.

ചെങ്കോട്ടയ്ക്കുള്ളില്‍ കയറിയ പ്രതിഷേധക്കാര്‍ സിഖ് മത പതാക കൊടിമരത്തില്‍ ഉയര്‍ത്തിയെന്നാണ് കേന്ദ്രം പറയുന്നത്. എന്നാല്‍ കര്‍ഷകര്‍ ആരും അത്തരത്തിലുള്ള പ്രവൃത്തി നടത്തിയിട്ടില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയതാണ്.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തിയ ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ പങ്കുവെച്ചതിന് ശശി തരൂര്‍ എം.പി, മാധ്യമ പ്രവര്‍ത്തകരായ രാജ്ദീപ് സര്‍ദേശായി, കാരവാന്‍ മാഗസിന്‍ എഡിറ്റര്‍ വിനോദ് കെ ജോസ് തുടങ്ങി എട്ട് പേര്‍ക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തിരിക്കുകയാണ്.

ഉത്തര്‍ പ്രദേശ് പൊലീസ് ആണ് കേസ് എടുത്തിരിക്കുന്നത്. കാരവാന്‍ മാഗസിന്റെ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. 153 (എ), 153 ( ബി ) വകുപ്പുകളും, 124(എ), 120 വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഡാലോചന, മതസ്പര്‍ദ്ധ വളര്‍ത്തല്‍ എന്നീ വകുപ്പുകളാണിത്. നോയിഡ പൊലീസാണ് എട്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights; Farmers Protest At Khasipur