'ആവേശം കൂടുമ്പോള്‍ യുക്തി കോപത്തിനും വിദ്വേഷത്തിനും വഴിമാറും'; നിയമത്തെ വാഴ്ത്തിയും കര്‍ഷകര്‍ക്ക് തെറ്റുപറ്റിയെന്നും കാണിച്ച് ലേഖനമെഴുതി സുപ്രീം കോടതി സമിതി അംഗം
ന്യൂദല്‍ഹി: കാര്‍ഷിക നിയമവുമായി ബന്ധപ്പെട്ട് കര്‍ഷകരുമായും കേന്ദ്ര സര്‍ക്കാരുമായും ചര്‍ച്ചചെയ്യാന്‍ സുപ്രീംകോടതി നിയോഗിച്ച സമിതിയിലുള്‍പ്പെട്ട അശാക് ഗുലാത്തി കാര്‍ഷിക നിയമത്തെ പിന്തുണച്ച് എഴുതിയ ലേഖനം ചര്‍ച്ചയാകുന്നു.
”കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ഞാനഗ്രഹിക്കുന്നുണ്ട്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കണമെന്ന ആവശ്യത്തില്‍ കര്‍ഷക നേതാക്കള്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ വിഷയത്തില്‍ മുരടിപ്പ് തുടരുമെന്ന് ഞാന്‍ ഭയപ്പെടുന്നു.
അത്തരമൊരു ആവേശം നിറഞ്ഞ അന്തരീക്ഷത്തില്‍ യുക്തി കോപത്തിനും വിദ്വേഷത്തിനും വഴിമാറും. അത് കര്‍ഷകരുടെ അടക്കം ആരുടെയും ഉദ്ദേശം നിറവേറ്റില്ല,” കാര്‍ഷിക നിയമത്തെ പിന്തുണച്ച് ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.
കയറ്റുമതി നിയന്ത്രണങ്ങള്‍, സ്റ്റോക്കിങ്ങ് പരിധി, നിയന്ത്രിത മണ്ടി സമ്പ്രദായം തുടങ്ങിയ നിയന്ത്രിത വ്യാപാര നയങ്ങള്‍ കാരണം ഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ മേല്‍ അതിന്റെ മൂല്യത്തിന്റെ 14 ശതമാനത്തോളം നികുതി ചുമത്തിയെന്ന് അദ്ദേഹം എഴുതിയ ലേഖനത്തില്‍ പറയുന്നു.
ഈ പ്രശ്‌നങ്ങളില്‍ നിന്ന് കര്‍ഷകരെ രക്ഷിക്കാന്‍ കാര്‍ഷിക മേഖലയെ ഈ നിയന്ത്രണത്തില്‍ നിന്നും രക്ഷിക്കുക എന്നതാണെന്നും ഗുലാത്തി കൂട്ടിച്ചേര്‍ത്തു.
കേന്ദ്രവും കര്‍ഷക യൂണിയനുകളും തമ്മിലുള്ള ചര്‍ച്ചകള്‍ സുഗമമാക്കുന്നതിന് സുപ്രീം കോടതി രൂപീകരിച്ച സമിതിയിലെ അംഗങ്ങള്‍ സര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളെ പിന്തുണയ്ക്കുന്നവരാണ്.
ഇവര്‍ നിയമത്തിന് അനുകൂലമായി പരസ്യ പ്രസ്താവന ഉള്‍പ്പെടെ നടത്തിയവരാണ് എന്നതില്‍ കോടതിക്കെതിരെ വലിയ വിമര്‍ശനം ഉയരുന്ന സാഹചര്യത്തിലാണ് കര്‍ഷക നിയമത്തെ പിന്തുണച്ചു കൊണ്ടുള്ള അശോക് ഗുലാത്തിയുടെ ലേഖനവും ചര്‍ച്ചയാകുന്നത്.
2015 ല്‍ പത്മശ്രീ അവാര്‍ഡിന് അര്‍ഹനായ കാര്‍ഷിക സാമ്പത്തിക ശാസ്ത്രജ്ഞനാണ് ഗുലാത്തി. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ ഇന്റര്‍നാഷണല്‍ ഇക്കണോമിക് റിലേഷന്‍സിലെ (ഐസിആര്‍ഐആര്‍) ഇന്‍ഫോസിസ് ചെയര്‍ അഗ്രികള്‍ച്ചര്‍ പ്രൊഫസറാണ്.
2011 മുതല്‍ 2014 വരെ കാര്‍ഷിക ചെലവ്, ഉത്പന്നങ്ങളുടെ വില എന്നിവ നിയന്ത്രിക്കുന്ന സിഎസിപിയുടെ മേധാവിയായിരുന്നു. വിവിധ വിളകളുടെ താങ്ങുവില നിശ്ചയിക്കുന്നത് ഈ സമിതിയാണ്.
കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമ ഭേഗദതിക്ക് സുപ്രീംകോടതി സ്റ്റേ ഏര്‍പ്പെടുത്തിയിരുന്നു. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കര്‍ഷക ഭൂമി സംരക്ഷിക്കാമെന്ന് സുപ്രീംകോടതി കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോടതിയുടെ അധികാരം ഉപയോഗിച്ച് പ്രശ്നം തീര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും കോടതി പറഞ്ഞു. യഥാര്‍ത്ഥ ചിത്രം കോടതിക്ക് മനസ്സിലാകണമെന്നും സംഘടനകളുടെ അഭിപ്രായം കേള്‍ക്കണമെന്നും കോടതി പറഞ്ഞു.