ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ ദല്‍ഹിയില്‍ കര്‍ഷകത്തൊഴിലാളികള്‍ നടത്തുന്ന മഹാറാലിക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍.
കിസാന്‍സഭ, സിഐടിയു, കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് റാലി. രാംലീല മൈതാനത്തുനിന്ന് ബുധനാഴ്ച രാവിലെ ഒമ്പതിന് പ്രധാന റാലി തുടങ്ങും. പ്രധാന റാലിയും എട്ട് ഉപ റാലിയും പാര്‍ലമെന്റ് സ്ട്രീറ്റില്‍ എത്തും.
വിവിധ സംസ്ഥാനങ്ങളില്‍നിന്നായി ആയിരക്കണക്കിനു കര്‍ഷകരാണ് ട്രെയിനുകളിലും ബസുകളിലുമായി ഇന്നലെ മുതല്‍ തലസ്ഥാനത്ത് എത്തിത്തുടങ്ങിയത്.
പ്രധാന ക്യാമ്പായ രാംലീല മൈതാനത്ത് 18,000 പേര്‍ക്കുള്ള താമസം ഒരുക്കിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകിട്ടുവരെ 4000ല്‍ ഏറെ പ്രവര്‍ത്തകര്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ അഖിലേന്ത്യാ കിസാന്‍സഭ, സി.ഐ.ടി.യു, അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ എന്നീ സംഘടനകളുടെ ചുമതലയില്‍ ക്യാമ്പ് ഓഫീസ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
മഹാരാഷ്ട്രയില്‍നിന്നുള്ള പ്രത്യേക ട്രെയിനില്‍ അയ്യായിരത്തിലേറെ ആളുകള്‍ ന്യൂദല്‍ഹി റെയില്‍വേ സ്റ്റേഷനില്‍ എത്തി. കേരളത്തില്‍നിന്ന് നിരവധി പ്രവര്‍ത്തകര്‍ എത്തിത്തുടങ്ങി. കഴിഞ്ഞ മൂന്നു ദിവസമായി ഡല്‍ഹിയില്‍ മഴ തുടരുകയാണ്. സമരക്കാര്‍ കൂടുതല്‍ ടെന്റുകള്‍ ഒരുക്കാന്‍ രാംലീല മൈതാനത്ത് വെള്ളക്കെട്ട് നികത്താനുള്ള ശ്രമം തുടരുകയാണ്.
ന്യൂദല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്റെ സഹായത്തോടെ കൂടുതല്‍ മണ്ണ് നികത്തി വെള്ളക്കെട്ട് ഒഴിവാക്കി. രാഘബ്ഗഞ്ച്, ശീഷ്ഗഞ്ച് (ചാന്ദിനി ചൗക്ക്), ബംഗ്ലാസാഹിബ് എന്നീ ഗുരുദ്വാരകളോടുചേര്‍ന്ന് താമസ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ ഗാസിയാബാദ് ജില്ലയില്‍ സാഹിബാബാദ്, ലജ്പത്നഗര്‍ എന്നിവിടങ്ങളിലാണ് മറ്റ് ക്യാമ്പുകള്‍. ചൊവ്വാഴ്ച എല്ലാ ടെന്റുകളും പൂര്‍ണ സജ്ജമാകും.
ദല്‍ഹി ആരോഗ്യ സേവന വിഭാഗത്തിനു കീഴിലുള്ള മെഡിക്കല്‍ക്യാമ്പ് രാംലീല മൈതാനത്ത് സജ്ജമാക്കി. എല്ലാ അത്യാവശ്യ മരുന്നുകളും ക്യാമ്പില്‍ താമസിക്കുന്നവര്‍ക്ക് ലഭ്യമാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ചിത്രങ്ങള്‍