ഹൈദരാബാദ്: കേരള സര്‍ക്കാരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് തെലങ്കാനയില്‍ ഫാക്ടറി തുടങ്ങാനുള്ള കിറ്റെക്‌സ് എം.ഡി. സാബു ജേക്കബിന്റെ തീരുമാനത്തിന് തിരിച്ചടി. കിറ്റെക്‌സ് ഫാക്ടറിക്കായി ഭൂമി ഏറ്റെടുക്കാനെത്തിയ തെലങ്കാന റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം.
ഇതോടെ കിറ്റെക്‌സ് ഗ്രൂപ്പും തെലങ്കാന സര്‍ക്കാരുമായി ധാരണയിലെത്തിയ ആയിരം കോടിയുടെ നിക്ഷേപ പദ്ധതികള്‍ക്ക് മേലാണ് കരിനിഴല്‍ വീണത്. തെലങ്കാനയിലെ വാറങ്കല്‍ ജില്ലയിലെ കര്‍ഷകരാണ് കമ്പനിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഭൂമിയുടെ മാര്‍ക്കറ്റ് വിലയിലും കുറഞ്ഞ നിരക്കില്‍ കൃഷി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചതിനെതിരെയാണ് കര്‍ഷകരുടെ പ്രതിഷേധം.
നേരത്തെ കര്‍ഷകരുടെ കയ്യില്‍ നിന്നും ഭൂമി ഏറ്റെടുത്ത സമയത്ത് നല്‍കിയ വാഗ്ദാനങ്ങളൊന്നും സര്‍ക്കാരും കമ്പനിയും പാലിക്കാത്തതും കര്‍ഷകരുടെ പ്രതിഷേധത്തിന് ആക്കം കൂട്ടിയെന്ന് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു.
തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 1200 ഏക്കറിലെ കാകതീയ മെഗാ ടെക്‌സ്റ്റൈല്‍ പ്രോഗ്രാമിന്റെ രണ്ട് യൂണിറ്റുകളില്‍ ഒന്നിലാണ് കിറ്റെക്‌സ് ഗ്രൂപ്പിന് ഫാക്ടറി തുടങ്ങാനായി അനുവദിച്ചത്. ഇതിനായി ഗേസുഘോണ്ട മുതല്‍ സംഘം വരെയുള്ള 187 ഏക്കര്‍ ഭൂമി ഏറ്റെടുക്കാനും ധാരണയായിരുന്നു. ഇതിന് പുറമെ 13.9 ഏക്കര്‍ കൂടി ഫാക്ടറിക്ക് വാസ്തു അനുസരിച്ച് ചുറ്റുമതില്‍ പണിയാനായി ആവശ്യപ്പെട്ടുകൊണ്ട് കിറ്റെക്‌സ് സര്‍ക്കാരിനെ സമീപിക്കുകയും വ്യവസായ മന്ത്രി സ്ഥലം ഏറ്റെടുക്കാന്‍ ഉത്തരവിടുകയുമായിരുന്നു.
ഇതിനെതിരെയാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 50 ലക്ഷം രൂപ മാര്‍ക്കറ്റ് വിലയുള്ള ഭൂമിക്ക് 10ലക്ഷം നല്‍കി സര്‍ക്കാര്‍ വഞ്ചിച്ചുവെന്നാണ് കര്‍ഷകരുടെ ആരോപണം. മാത്രമല്ല നേരത്തെ സ്ഥലം വിട്ടുകൊടുത്ത സമയത്ത് കര്‍ഷകര്‍ക്ക് വീട് വെച്ച് നലകാമെന്നും ഫാക്ടറിയില്‍ ജോലി നല്‍കാമെന്ന് പറഞ്ഞതും ഇതുവരെ നടപ്പായിട്ടില്ലെന്നും കര്‍ഷകര്‍ പറഞ്ഞു. കൂടാതെ വര്‍ഷത്തില്‍ മൂന്ന് തവണ വരെ നല്ല വിളവ് നല്‍കുന്ന പാട്ട ഭൂമി വിട്ട് നല്‍കിയാല്‍ തങ്ങള്‍ക്ക് ജീവിക്കാന്‍ മറ്റ് മാര്‍ഗമില്ലെന്നും ഇവര്‍ പറയുന്നു.
പ്രതിഷേധങ്ങള്‍ക്കിടയിലും റവന്യൂ വകുപ്പ് പൊലീസിന്റെ സഹായത്തോടെ സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും ദി ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സ്ത്രീകളടക്കമുള്ളവര്‍ കീടനാശിനി കയ്യിലെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയതായാണ് വിവരം.
കേരള സര്‍ക്കാരുമായുണ്ടായ രാഷ്ട്രീയ അസ്വാരാസ്യങ്ങളെ തുടര്‍ന്ന് 2021ലാണ് കിറ്റെക്‌സ് ഗ്രൂപ്പ് കേരളം വിട്ടത്. തുടര്‍ന്ന് തെലങ്കാനയില്‍ 3500 കോടിയുടെ നിക്ഷേപമിറക്കുമെന്ന് സാബു.എം. ജേക്കബ് പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പ്രാരംഭ നടപടികള്‍ക്കിടെയാണ് പുതിയ പ്രതിസന്ധി.
Content Highlight: Farmers protest against kitex group in Telangana