| Friday, 3rd December 2021, 6:39 pm

പഞ്ചാബില്‍ കങ്കണയ്ക്ക് നേരെ കര്‍ഷകരുടെ പ്രതിഷേധം; കാര്‍ വളഞ്ഞാക്രമിക്കാന്‍ ശ്രമിച്ചെന്ന് കങ്കണയുടെ വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

അമൃത്സര്‍: നടി കങ്കണയ്ക്ക് നേരെ പഞ്ചാബില്‍ കര്‍ഷകരുടെ പ്രതിഷേധം. ഹിമാചല്‍ പ്രദേശില്‍ നിന്ന് കാറില്‍ പഞ്ചാബിലെത്തിയ താരത്തിന്റെ കാര്‍ സ്ത്രീകളടക്കമുള്ള കര്‍ഷക സംഘം തടയുകയായിരുന്നു.

നേരത്തെ കര്‍ഷക സമരങ്ങളെ ഖാലിസ്ഥാനി പ്രസ്ഥാനവുമായി താരതമ്യപ്പെടുത്തി കങ്കണ വിവിധ പ്രസ്താവനകള്‍ നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് കര്‍ഷകര്‍ കങ്കണയുടെ വാഹനം തടഞ്ഞത്.

കങ്കണ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ കാര്‍ തടഞ്ഞകാര്യം പുറത്തുവിട്ടത്. കര്‍ഷകര്‍ കങ്കണയുടെ കാര്‍ തടഞ്ഞ് പ്രതിഷേധിക്കുന്ന വീഡിയോകള്‍ കങ്കണ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചിട്ടുണ്ട്.

‘എന്റെ ഫളൈറ്റ് റദ്ദാക്കിയതിനാല്‍ ഞാന്‍ ഹിമാചലില്‍ നിന്ന് പുറപ്പെട്ട് പഞ്ചാബിലെത്തി. കര്‍ഷകരെന്ന് സ്വയം വിളിക്കുന്ന ഒരു ജനക്കൂട്ടം എന്റെ കാര്‍ വളഞ്ഞിട്ട് എന്നെ ആക്രമിക്കുന്നു. അവര്‍ എനിക്ക് നേരെ അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു’ എന്നാണ് ഒരു വീഡിയോയില്‍ കങ്കണ ആരോപിക്കുന്നത്.

‘ഇത്തരത്തിലുള്ള ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഈ രാജ്യത്ത് പരസ്യമായി നടക്കുന്നുണ്ട്, എനിക്ക് സുരക്ഷ ഇല്ലായിരുന്നുവെങ്കില്‍ പിന്നെ എന്ത് സംഭവിക്കുമായിരുന്നു? സ്ഥിതി അവിശ്വസനീയമാണ്. ഇവിടെ ധാരാളം പൊലീസുകാരുണ്ട്, എന്നിട്ടും എന്റെ കാര്‍ പോകാന്‍ അനുവദിച്ചില്ല. ഞാനൊരു രാഷ്ട്രീയക്കാരിയാണോ ? ഈ പെരുമാറ്റം അവിശ്വസനീയമാണ്. എന്റെ പേരില്‍ പലരും രാഷ്ട്രീയം കളിക്കുന്നു, അതിന്റെ ഫലമാണ് ഈ അവസ്ഥ. പൊലീസുകാര്‍ ഇവിടെ ഇല്ലായിരുന്നെങ്കില്‍ അവര്‍ പരസ്യമായി മര്‍ദ്ദിക്കുമായിരുന്നു. ഈ ആളുകളോട് ലജ്ജിക്കുന്നു! ‘ എന്ന് മറ്റൊരു വീഡിയോയില്‍ കങ്കണ പറഞ്ഞു.

സ്റ്റോറിയായി പങ്കുവെച്ച മറ്റൊരു വീഡിയോയില്‍ കര്‍ഷക സ്ത്രീകള്‍ കങ്കണയോട് പ്രതിഷേധിക്കുന്നത് കാണാം. ഇതിന് പിന്നാലെ താന്‍ സുരക്ഷിതയാണെന്ന് കങ്കണ വീഡിയോയിലൂടെ പറഞ്ഞു. പഞ്ചാബ് പൊലീസിനും സി.ആര്‍.പി.എഫിനും കങ്കണ നന്ദി പറയുകയും ചെയതു.

നേരത്തെ തനിക്ക് വധഭീഷണിയുണ്ടെന്ന് കങ്കണ ആരോപിച്ചിരുന്നു. കര്‍ഷക സമരത്തിനെതിരെയുള്ള തന്റെ പോസ്റ്റിന് പിന്നാലെ നിരന്തരമായി തനിക്ക് വധഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായാണ് കങ്കണ പറഞ്ഞത്.

കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയിരുന്ന സമരങ്ങളുടെ നിരന്തര വിമര്‍ശകയായിരുന്നു കങ്കണ. കര്‍ഷകരെ വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാരിന് സ്തുതി പാടിയും കങ്കണ സമൂഹമാധ്യമങ്ങളില്‍ സജീവമായി രംഗത്ത് വന്നിരുന്നു.

We use cookies to give you the best possible experience. Learn more