കര്‍ഷക മാര്‍ച്ചിനിടെ യോഗേന്ദ്ര യാദവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്; തങ്ങളെ പൂട്ടിയിട്ടിരിക്കുകയാണെന്ന് യാദവിന്റെ ട്വീറ്റ്
India
കര്‍ഷക മാര്‍ച്ചിനിടെ യോഗേന്ദ്ര യാദവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്; തങ്ങളെ പൂട്ടിയിട്ടിരിക്കുകയാണെന്ന് യാദവിന്റെ ട്വീറ്റ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 26th November 2020, 1:48 pm

ഗുരുഗ്രാം: കേന്ദ്രസര്‍ക്കാരിനെതിരെയുള്ള കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്ത സ്വരാജ് അഭിയാന്‍ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായ യോഗേന്ദ്ര യാദവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്.

ഗുരുഗ്രാമില്‍ വെച്ചാണ് യോഗേന്ദ്ര യാദവിന് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇദ്ദേഹത്തിനൊപ്പം പ്രതിഷേധിച്ച കര്‍ഷകരേയും പൊലീസ് പിടിച്ചുകൊണ്ടു പോയി. മൊകാല്‍വാസ് ഗ്രാമത്തിലെ ഒരു സ്‌കൂളിലേക്ക് ആണ് ഇവരെ കൊണ്ടുപോയത്.

ഞങ്ങളുടെ എല്ലാ സഖാക്കളെയും മൊകാല്‍വാസ് ഗ്രാമത്തിലെ സ്‌കൂളിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്. അവിടെ തങ്ങളെ പൂട്ടിയിരിക്കുകയാണെന്നും യോഗേന്ദ്ര യാദവ് ട്വീറ്റുചെയ്തു.

നേരത്തെ കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നടത്തുന്ന ദല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുത്ത കിസാന്‍ സഭ നേതാവ് പി. കൃഷ്ണപ്രസാദിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ജന്തര്‍ മന്തറില്‍ വെച്ചാണ് ദല്‍ഹി പൊലീസ് കൃഷ്ണപ്രസാദിനെ അറസ്റ്റ് ചെയ്തത്. ഓള്‍ ഇന്ത്യാ കിസാന്‍ സഭാ ട്രഷററാണ് കൃഷ്ണപ്രസാദ്.

ജന്തര്‍ മന്തറില്‍ ആരെയും പ്രതിഷേധിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പൊലീസ്. പ്രതിഷേധക്കാരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ല. അതിര്‍ത്തി ലംഘിച്ചാല്‍ നടപടിയെടുക്കുമെന്നും ദല്‍ഹി പൊലീസ് പറഞ്ഞിട്ടുണ്ട്.

രാജ്യ തലസ്ഥാനത്തേക്കുള്ള അഞ്ച് ദേശീയ പാതകള്‍ വഴിയാണ് കര്‍ഷകര്‍ ദല്‍ഹി ചലോ മാര്‍ച്ചുമായി ദല്‍ഹിയില്‍ എത്തിച്ചേരുന്നത്. എന്നാല്‍ ദല്‍ഹിയിലേക്കുള്ള മാര്‍ച്ച് ഏതുവിധേനയും തടയുമെന്നാണ് പൊലീസ് പറയുന്നത്.

ഹരിയാനയുടെയും യു.പിയുടെയും അതിര്‍ത്തിപ്രദേശങ്ങളില്‍ പൊലീസ് കര്‍ഷകരെ തടയുന്നുണ്ട്. നേരത്തെ കര്‍ഷകരുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് യോഗേന്ദ്ര യാദവ് രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തില്‍ ജനങ്ങള്‍ക്കാണ് പ്രാധാന്യമെന്ന കാര്യം സര്‍ക്കാര്‍ മറക്കരുതെന്നും സമരത്തിന്റെ അവസാനം കര്‍ഷകര്‍ തന്നെ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ വിവിധ ഭാഗങ്ങളിലായി 500-ലേറെ കര്‍ഷക സംഘടനകള്‍ കേന്ദ്ര നിയമത്തിനെതിരെ രംഗത്തുവന്നിട്ടുണ്ട്. വിലക്ക് ലംഘിച്ച് കര്‍ഷകര്‍ ദല്‍ഹിയില്‍ എത്തിയാല്‍ അവര്‍ക്കെതിരെ കേസ് എടുക്കുമെന്നാണ് ദല്‍ഹി പൊലീസ് മുന്നറിയിപ്പ് നല്‍കിയത്.

അതേസമയം ഏത് വിധേനയും അതിര്‍ത്തി കടന്ന് ദല്‍ഹിയിലെത്താനാണ് കര്‍ഷകരുടെ തീരുമാനം. വിജയം കാണാതെ പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് കര്‍ഷകര്‍ പറഞ്ഞു.

കര്‍ഷകര്‍ക്ക് നേരെ ഹരിയാനയില്‍ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചിട്ടുണ്ട്. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ അംബാലയ്ക്ക് സമീപത്തെ ശംഭു ബോര്‍ഡറിലാണ് പൊലീസ് കര്‍ഷകരെ തടഞ്ഞത്.

സമാധാനപരമായി മാര്‍ച്ച് ചെയ്ത് വന്ന കര്‍ഷകരെ പൊലീസ് തടയുകയായിരുന്നു. പിന്നാലെ കര്‍ഷകര്‍ ബാരിക്കേഡുകള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞു. തുടര്‍ന്ന് കര്‍ഷകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഇതിന് പിന്നാലെയാണ് കര്‍ഷകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers’ protest: Activist Yogendra Yadav detained in Gurugram