| Tuesday, 5th January 2021, 8:59 pm

ഇനി വരാന്‍ പോകുന്നത് ട്രെയിലര്‍; ജനുവരി ഏഴിന് ട്രാക്ടര്‍ മാര്‍ച്ചുമായി കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി ജനുവരി ആറിന് പ്രഖ്യാപിച്ച ട്രാക്ടര്‍ മാര്‍ച്ച് ജനുവരി ഏഴിലേക്ക് മാറ്റി. റിപ്പബ്ലിക് ദിന സമരത്തിലെ ട്രെയിലറായിരിക്കും ജനുവരി ഏഴിലെ മാര്‍ച്ചെന്ന് സ്വരാജ് ഇന്ത്യ തലവന്‍ യോഗേന്ദ്ര യാദവ് പറഞ്ഞു.

യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലാണ് ട്രാക്ടര്‍ മാര്‍ച്ച് നടക്കുന്നത്.

കര്‍ഷക സംഘടനകളുടെ പ്രക്ഷോഭം രാജ്യവ്യാപകമായി കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ഇതിന്റെ ഭാഗമായി നാളെ മുതല്‍ രണ്ടാഴ്ചത്തേക്ക് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ‘ദേശ് ജാഗരണ്‍ അഭിയാന്‍’ ആരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ജനുവരി 25, 25 തീയതികളില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 18 ‘മഹിളാ കിസാന്‍ ദിവസ്’ ആയും, സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായി ജനുവരി 23 ‘ആസാദ് ഹിന്ദ് കിസാന്‍’ ആയും ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം ജനുവരി 26 ന് ദല്‍ഹിയിലേക്ക് ട്രാക്ടര്‍ റാലി പ്രഖ്യാപിച്ച കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഹരിയാനയിലെ കര്‍ഷക കുടുംബത്തിലെ സ്ത്രീകളും രംഗത്തെത്തി.

ട്രാക്ടര്‍ ഓടിക്കാന്‍ പരിശീലനത്തിന് സമയം കണ്ടെത്തുകയാണ് ഹരിയാനയിലെ സ്ത്രീകളിപ്പോള്‍. റിപ്പബ്ലിക് ദിനത്തില്‍ രണ്ടാം മാസത്തിലേക്ക് കടക്കുന്ന കര്‍ഷക സമരത്തില്‍ പുതിയ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് ഇവര്‍.

ഹരിയാനയിലെ മിക്ക ടോള്‍ പ്ലാസകളും കര്‍ഷകര്‍ പിടിച്ചെടുത്തിരിക്കുകയാണ്. ടോള്‍ പ്ലാസകള്‍ക്ക് സമീപമാണ് സ്ത്രീകള്‍ ട്രാക്ടര്‍ പരിശീലനം നടത്തുന്നത്.

കേന്ദ്രസര്‍ക്കാരിനുള്ള സൂചന മാത്രമാണിതെന്നും ഉടന്‍ അനുകൂല നടപടിയുണ്ടായില്ലെങ്കില്‍ ദല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുമെന്നും സാഫഖേരി ജില്ലയിലെ സിക്കിം നായിന്‍ എന്ന സ്ത്രീ പറഞ്ഞു.

‘ഇത് സര്‍ക്കാരിനുള്ള ട്രെയിലറാണ്. ട്രാക്ടര്‍ പരേഡില്‍ പങ്കെടുക്കാന്‍, വേണ്ടി വന്നാല്‍ ചെങ്കോട്ടയിലേക്കും ഞങ്ങള്‍ ട്രാക്ടര്‍ ഓടിച്ചെത്തും. അതൊരു ചരിത്ര സംഭവമായി മാറും’, നായിന്‍ പറഞ്ഞു.

ഇത് രണ്ടാം സ്വാതന്ത്ര്യസമരമാണെന്നും നായിന്‍ കൂട്ടിച്ചേര്‍ത്തു. പോര്‍ക്കളത്തില്‍ ഇനി കാണാന്‍ പോകുന്നത് സ്ത്രീശക്തിയാണെന്നും നായിന്‍ പറഞ്ഞു.

‘ഇന്ന് നമുക്ക് പോരാടാന്‍ പറ്റുന്നില്ലെങ്കില്‍ ഭാവി തലമുറയോട് നമ്മളെന്ത് മറുപടിയാണ് പറയുക?’, നായിന്‍ ചോദിക്കുന്നു.

സര്‍ക്കാര്‍ കര്‍ഷകരോട് കാണിക്കുന്ന അക്രമങ്ങളോട് സഹിഷ്ണുത പുലര്‍ത്താന്‍ ഇനിയും തങ്ങള്‍ക്കാവില്ലെന്ന് ഖട്കര്‍ ഗ്രാമത്തിലെ കര്‍ഷകന്റെ മകളായ സരോജ് പറയുന്നു.

റിപ്പബ്ലിക് ദിനത്തില്‍ ഔദ്യോഗിക റിപ്പബ്ലിക് ദിന പരേഡിനു ശേഷം തങ്ങളുടെ ട്രാക്ടര്‍ ട്രോളികളുമായി റാലി സംഘടിപ്പിക്കാനാണ് കര്‍ഷകരുടെ തീരുമാനം.

കര്‍ഷക പ്രക്ഷോഭകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വെള്ളിയാഴ്ചയാണ് അടുത്ത ഘട്ട ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഇതുവരെ ഏഴുവട്ടം നടന്ന ചര്‍ച്ചകളിലും ഫലം കണ്ടെത്താനായില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers postpone tractor march by a day to January 7

Latest Stories

We use cookies to give you the best possible experience. Learn more