തിരുവനന്തപുരം: കാര്‍ഷികോല്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് ഊന്നല്‍ നല്‍കുന്നതോടൊപ്പം കര്‍ഷകക്ഷേമവും ഉറപ്പാക്കുകയെന്ന നയത്തിന്റെ “ഭാഗമായി രണ്ട് ഹെക്ടര്‍വരെ കൃഷി” ഭൂമിയുളള ചെറുകിട നാമമാത്ര കര്‍ഷകര്‍ക്ക് പ്രതിമാസം 400 രൂപ നിരക്കില്‍ പെന്‍ഷന്‍ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. []
രണ്ട് ഹെക്ടറോ അതില്‍ താഴെയോ കൃഷി ഭൂമിയുളള 60 വയസ്സ് പൂര്‍ത്തിയായ ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കാണ് പദ്ധതിപ്രകാരം പെന്‍ഷന്‍ ലഭിക്കുന്നതിന് അര്‍ഹതയുളളത്. കുറഞ്ഞത് 10 വര്‍ഷമെങ്കിലും കാര്‍ഷിക വൃത്തിയില്‍ വ്യാപൃതനായിരിക്കേണ്ടതും കൃഷി മുഖ്യ ജീവനോപാധിയായിരിക്കേണ്ടതുമാണ്.
മറ്റു ക്ഷേമ പദ്ധതികളില്‍ ആനുകൂല്യം ലഭിക്കുന്നവര്‍ക്ക് പദ്ധതിപ്രകാരം പെന്‍ഷന് അര്‍ഹയുണ്ടായിരിക്കുകയില്ല. നെല്ല്, തെങ്ങ്, പച്ചക്കറി, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, സുഗന്ധവിളകള്‍ തുടങ്ങിയ ഏതുവിളകളും കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കുന്നതാണ്.
60 വയസ്സ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് പുതിയ അര്‍ഹരായ അംഗങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതാണ്. 2013 മാര്‍ച്ച് മാസം വരെയുളള പെന്‍ഷന്‍ നല്‍കുന്നതിന് മതിയായ തുക ജില്ലകള്‍ക്ക് നല്‍കിയിട്ടുണ്ട്.
കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ഇ-പേയ്‌മെന്റ് മുഖേനയാണ് പെന്‍ഷന്‍ തുക നല്‍കുന്നതെന്ന് കൃഷി ഡയറക്ടര്‍ അറിയിച്ചു.