| Monday, 13th August 2012, 11:04 am

ബജറ്റില്‍ ഫണ്ടില്ല, മാസങ്ങളായി കര്‍ഷകര്‍ക്ക് പെന്‍ഷനില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: സംസ്ഥാനത്തെ കര്‍ഷകപെന്‍ഷന്‍ പദ്ധതി പ്രതിസന്ധിയിലേക്ക്. നെല്‍കര്‍ഷകര്‍ക്ക് മാസം 300 രൂപവീതം നല്‍കിവന്നിരുന്ന പെന്‍ഷന്‍തുക കഴിഞ്ഞ ഏപ്രില്‍മുതല്‍ മുടങ്ങിയിരിക്കുകയാണ്. ബജറ്റില്‍ ഫണ്ടില്ലാത്തതാണ് പ്രശ്‌നം.[]

സംസ്ഥാനത്തൊട്ടാകെ 14,000 കര്‍ഷകര്‍ക്കാണ് പെന്‍ഷന്‍ കിട്ടുന്നത്. എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് നെല്‍ക്കൃഷി ഉപജീവനമാര്‍ഗമായി നടത്തുന്ന ചെറുകിടകര്‍ഷകര്‍ക്ക് “കിസാന്‍ അഭിമാന്‍” എന്ന പേരില്‍ പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചത്.

ഏപ്രില്‍ മുതല്‍ നെല്‍കര്‍ഷകപെന്‍ഷന്‍ നല്‍കിയിട്ടില്ലെന്ന് കൃഷിവകുപ്പ് അധികൃതര്‍ പറഞ്ഞു. ബജറ്റില്‍ ഫണ്ട് വകയിരുത്താത്തതിനാല്‍ ഫണ്ടിന് ധനവകുപ്പിന്റെ അനുമതി വേണം. കൃഷിവകുപ്പില്‍നിന്ന് ഇതിനുള്ള ശുപാര്‍ശ നല്‍കിയിട്ടുണ്ടെങ്കിലും ധനവകുപ്പ് തീരുമാനമെടുത്തിട്ടില്ല. എന്നാല്‍, ഓണത്തിന് പെന്‍ഷന്‍ കുടിശ്ശിക നല്‍കാനാവുമെന്നാണ് കൃഷിവകുപ്പിന്റെ പ്രതീക്ഷ.

യു.ഡി.എഫ്. സര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം നെല്‍കര്‍ഷകര്‍ക്കുള്‍പ്പെടെ എല്ലാ ചെറുകിട,നാമമാത്ര കര്‍ഷകര്‍ക്കും പെന്‍ഷന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു. തുക 400 രൂപയാക്കുകയും ചെയ്തു. എന്നാല്‍ ബജറ്റില്‍ പുതിയ പ്രഖ്യാപനം വന്നതോടെ പഴയ പെന്‍ഷന്‍കുടിശ്ശിക നല്‍കാന്‍ ഫണ്ട് വകയിരുത്തിയിരുന്നില്ലെന്നതും വിഷയമാണ്.

We use cookies to give you the best possible experience. Learn more