ന്യൂദല്‍ഹി: ഖനൗരി അതിര്‍ത്തിയില്‍ പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടതിന് പിന്നാലെ രണ്ട് ദിവസത്തേക്ക് ദല്‍ഹി ചലോ മാര്‍ച്ച് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ച് കര്‍ഷക സംഘടനകള്‍.
സമരം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചെങ്കിലും കര്‍ഷകര്‍ നില്‍ക്കുന്ന പ്രദേശത്ത് തന്നെ തുടരുമെന്ന് വ്യക്തമാക്കി. ദല്‍ഹി ചലോ ട്രാക്റ്റര്‍ പ്രതിഷേധം വെള്ളിയാഴ്ച പുനരാരംഭിക്കുമെന്നും കര്‍ഷക സംഘടനകള്‍ മാധ്യമങ്ങളെ അറിയിച്ചു.
പൊലീസുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ 21 വയസുള്ള യുവ കര്‍ഷകന്‍ കൊല്ലപെട്ടുവെന്ന വിവരം കര്‍ഷക നേതാക്കളാണ് മാധ്യമങ്ങളെ അറിയിച്ചത്. പഞ്ചാബിലെ ബതിന്ഡ ജില്ലയിലെ ബലോകേ ഗ്രാമവാസിയായ ശുഭ്കരണ്‍ സിങ് ആണ് കൊല്ലപ്പെട്ടതെന്ന് കര്‍ഷക നേതാവ് ബല്‍ദേവ് സിങ് സിര്‍സ പറഞ്ഞു.
അതേസമയം യുവകര്‍ഷകന്റെ മരണം ഹരിയാന പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. റിപ്പോര്‍ട്ടുകള്‍ വ്യാജമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ പ്രതികരണം. എന്നാല്‍ കര്‍ഷകന്റെ മരണം പ്രാദേശിക മാധ്യമങ്ങള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
പ്രതിഷേധം നടക്കുന്ന ഇടങ്ങളില്‍ നിന്ന് എക്‌സ്‌കവേറ്ററുകളും മോഡിഫൈഡ് ട്രാക്ടറുകളും ഉള്‍പ്പെടെയുള്ള മണ്ണുമാന്തി ഉപകരണങ്ങള്‍ മാറ്റണമെന്ന് ഹരിയാന പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഉത്തരവ് പാലിച്ചില്ലെങ്കില്‍ അത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുമെന്നും പൊലീസ് അറിയിച്ചു. ഇതിനെ തുടര്‍ന്നാണ് കര്‍ഷകരും പൊലീസും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്.
കര്‍ഷകരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി പൊലീസ് ഡ്രോണുകള്‍ ഉപയോഗിക്കുന്നതും സംഘര്‍ഷത്തിലേക്ക് നയിച്ചുവെന്നാണ് വിലയിരുത്തല്‍.