ന്യൂദല്‍ഹി: ടൂള്‍ കിറ്റ് കേസില്‍ യുവ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിയെ അറസ്റ്റ് ചെയ്തതിനെ അപലപിച്ച് കര്‍ഷകര്‍. കര്‍ഷക സംഘടനയായ സംയുക്ത കിസാന്‍ മോര്‍ച്ചയാണ് അറസ്റ്റിനെ അപലപിച്ച് രംഗത്തെത്തിയത്.
‘പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ രാജ്യത്തെ പൊലീസ് സേനയെ ദുരുപയോഗം ചെയ്യുകയാണ് സര്‍ക്കാര്‍. യാതൊരു നിയമനടപടികളും പിന്തുടരാതെ പരിസ്ഥിതി പ്രവര്‍ത്തകയായ ദിഷ രവിയെ അറസ്റ്റ് ചെയ്തതിനെയും അപലപിക്കുന്നു. ദിഷയെ എത്രയും പെട്ടെന്ന് മോചിപ്പിക്കണം’, കിസാന്‍ മോര്‍ച്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
അതേസമയം പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്ത് ഫെബ്രുവരി 18ന് ട്രെയിന്‍ തടയല്‍ സമരം സംഘടിപ്പിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ദിഷ രവിയുടെ അറസ്റ്റിനെ അപലപിച്ച് കര്‍ഷക സംഘടനയായ കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയും രംഗത്തെത്തിയിരുന്നു. 21 കാരിയായ ദിഷയെ അറസ്റ്റ് ചെയ്തതിലൂടെ മനുഷ്യത്വമില്ലെന്ന് തെളിയിക്കുകയാണ് ഭീരുവായ മോദി സര്‍ക്കാര്‍ എന്നായിരുന്നു കിസാന്‍ മസ്ദൂര്‍ സംഘര്‍ഷ് കമ്മിറ്റിയുടെ പ്രതികരണം.
ഞായറാഴ്ചയാണ് ഗ്രേറ്റ തന്‍ബര്‍ഗ് ടൂള്‍കിറ്റ് കേസില്‍ ദിഷ രവിയെ അറസ്റ്റ് ചെയ്യുന്നത്. കേസിലെ ആദ്യ അറസ്റ്റായിരുന്നു ദിഷ രവിയുടേത്. ദല്‍ഹി പൊലീസ് ബെംഗളുരുവില്‍ വെച്ചാണ് വിദ്യാര്‍ത്ഥിനിയെ കസ്റ്റഡിയിലെടുത്തത്.
രാജ്യമെമ്പാടും വലിയ പ്രതിഷേധമാണ് ദിഷയുടെ അറസ്റ്റില്‍ രൂപപ്പെട്ടിരിക്കുന്നത്. ഒറ്റകെട്ടായി ഇന്ത്യന്‍ പൗരന്മാരെല്ലാം ദിഷയ്‌ക്കൊപ്പം നില്‍ക്കണമെന്ന് അവരുടെ സഹോദരി ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നും ശക്തമായ പ്രതിഷേധമാണ് ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ രൂപം കൊണ്ടിരിക്കുന്നത്.
അതേസമയം ദിഷയുടെ അറസ്റ്റിനെ പിന്തുണച്ച് കര്‍ണ്ണാടക ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണ്‍ രംഗത്തെത്തിയിരുന്നു. ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ ഉന്മൂലനം ചെയ്യുന്ന ഇത്തരം നടപടികള്‍ ആവശ്യമാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
എല്ലാ നിയമക്രമങ്ങളും പാലിച്ചു തന്നെയാണ് ദിഷയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമപരമാണോ അല്ലയോ എന്ന് കോടതികള്‍ക്ക് പരിശോധിക്കാം. ഇതുപോലുള്ള പ്രവര്‍ത്തികളിലേര്‍പ്പെട്ടിട്ട് രക്ഷപ്പെടാമെന്ന ധാരണ ജനങ്ങള്‍ക്ക് ഉണ്ടാകാന്‍ പാടില്ല.
അറസ്റ്റ് ചെയ്തതിനെ പിന്തുണച്ച് ഹരിയാന ബി.ജെ.പി മന്ത്രി അനില്‍ വിജും രംഗത്തെത്തിയിരുന്നു.
‘ദേശവിരുദ്ധ ചിന്ത മനസില്‍ പേറുന്ന എല്ലാവരെയും ഉന്മൂലനം ചെയ്യണം. അത് ദിഷ രവിയല്ല ആരായാലും’, എന്നായിരുന്നു അനില്‍ വിജിന്റെ പ്രതികരണം.
അനില്‍ വിജിന്റെ പരാമര്‍ശം വലിയ പ്രതിഷേധത്തിനാണ് ഹരിയാനയില്‍ വഴിവെച്ചത്.
ദിഷ രവിയെ മുംബൈ ഭീകരാക്രണക്കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച അജ്മല്‍ കസബുമായി താരതമ്യം ചെയ്താണ് ബി.ജെ.പി എം.പിയായ പി.സി മോഹന്‍ വിമര്‍ശനം ഉന്നയിച്ചത്.
‘ ബുര്‍ഹാന്‍ വാണിക്ക് 21 വയസേ ഉണ്ടായിരുന്നുള്ളൂ, അജ്മല്‍ കസബിനും 21 വയസേ ഉണ്ടായിരുന്നുള്ളൂ. വയസൊരു അക്കം മാത്രമാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. കുറ്റം കുറ്റം തന്നെയാകുന്നു,” പി.സി മോഹന്‍ പറഞ്ഞു.
ദിഷ രവിയെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ രൂക്ഷ വിമര്‍ശനം സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നതിന് പിന്നാലെയാണ് ബി.ജെ.പി എം.പിമാരുടെ വിവാദ പ്രതികരണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക