ന്യൂദല്‍ഹി: 2024 കേന്ദ്ര ബജറ്റിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് കര്‍ഷക നേതാക്കള്‍. കര്‍ഷകര്‍ നിലവില്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധികളെ കുറിച്ച് നേതാക്കള്‍ രാഹുല്‍ ഗാന്ധിയെ അറിയിച്ചു.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, തെലങ്കാന, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നുള്ള 12 കര്‍ഷക നേതാക്കളുടെ പ്രതിനിധി സംഘമാണ് രാഹുലിനെ സന്ദര്‍ശിച്ചത്.
രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ സന്ദര്‍ശിക്കാനെത്തിയ കര്‍ഷകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞിരുന്നു. പിന്നാലെ രാഹുല്‍ അതൃപ്തി അറിയിച്ചതിനെ തുടര്‍ന്നാണ് കര്‍ഷകരെ പാര്‍ലമെന്റിലേക്ക് കടത്തിവിട്ടത്.
MSP की कानूनी गारंटी किसानों का हक़ है।
INDIA ये हक़ उनको दिला कर रहेगा। pic.twitter.com/q2IQU57nJF
— Rahul Gandhi (@RahulGandhi) July 24, 2024
എന്തുകൊണ്ടാണ് കര്‍ഷകരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദിക്കേണ്ടി വരുമെന്ന് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കര്‍ഷകര്‍ ആയതുകൊണ്ടായിരിക്കാം അവരെ തടഞ്ഞതെന്നും രാഹുല്‍ പറയുകയുണ്ടായി. കര്‍ഷക പ്രതിഷേധങ്ങളെ തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ റോഡുകള്‍ ബാരിക്കേഡ് വെച്ച് അടച്ചുപൂട്ടിയ നടപടി മറക്കരുതെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി, പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ അമരീന്ദര്‍ സിങ് രാജ വാറിങ്, കോണ്‍ഗ്രസ് നേതാക്കളായ സുഖ്ജീന്ദര്‍ സിങ് രണ്‍ധാവ, ഗുര്‍ജീത് സിങ് ഔജ്ല, ധരംവീര്‍ ഗാന്ധി, അമര്‍ സിങ്, ദീപേന്ദര്‍ സിംഗ് ഹൂഡ, ജയ് പ്രകാശ് എന്നിവരും യോഗത്തില്‍ പങ്കെടുത്തിരുന്നു.
കര്‍ഷകര്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഗണിച്ചുള്ള സമ്മേളനത്തില്‍ സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ കര്‍ഷകരുടെ പ്രതിനിധി സംഘം രാഹുലിനോട് ആവശ്യപ്പെതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.
കഴിഞ്ഞ ദിവസം, ആഗസ്റ്റ് ഒന്നിന് ബി.ജെ.പിയെ പ്രതിനിധീകരിക്കുന്ന കോലം കത്തിക്കുകയും ഓഗസ്റ്റ് 15ന് രാജ്യത്തുടനീളം ട്രാക്ടര്‍ മാര്‍ച്ച് നടത്തുകയും ചെയ്യുമെന്ന് കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ചിരുന്നു. സംയുക്ത കിസാന്‍ മോര്‍ച്ചയും (നോണ്‍-പൊളിറ്റിക്കല്‍) കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ കര്‍ഷക സംഘടനകളാണ് മാര്‍ച്ച് നടത്തുക.
വിളകള്‍ക്കുള്ള മിനിമം താങ്ങുവില (എം.എസ്.പി) ഉറപ്പാക്കുക,കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ടാണ് മാര്‍ച്ച്.
Content Highlight: Farmers meet Rahul Gandhi day after Union Budget