മുംബൈ: മഹാരാഷ്ട്രയില്‍ വീണ്ടും കര്‍ഷകരുടെ കാല്‍നട ജാഥ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഞായറാഴ്ച നാസികില്‍ നിന്ന് ആരംഭിച്ച ജാഥ ഈ മാസം 23ന് മുംബൈയിലെത്തും. സി.പി.ഐ.എമ്മും കിസാന്‍ സഭയുമാണ് ജാഥക്ക് നേതൃത്വം നല്‍കുന്നത്.
സവാളക്ക് ക്വിന്റലിന് 600 രൂപ അടിയന്തര സഹായം, കര്‍ഷകരുടെ വൈദ്യുത ബില്ല് എഴുതിത്തള്ളുക, കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ന്യായമായ വില ഈടാക്കുക, പരമ്പരാഗതമായി കൃഷി ചെയ്ത് വരുന്ന വനഭൂമിയുടെ അവകാശം ആദിവാസികള്‍ക്ക് നല്‍കുക, കടം എഴുതിത്തള്ളുക, കൃഷിനാശങ്ങള്‍ക്ക് സഹായം നല്‍കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ജാഥ നടത്തുന്നത്.
175 കിലോമീറ്റര്‍ താണ്ടിയുള്ള ജാഥയില്‍ കര്‍ഷകരെ കൂടാതെ തൊഴിലാളികള്‍, ആശാവര്‍ക്കര്‍മാര്‍ തുടങ്ങി ആയിരത്തിലേറെ പേര്‍ പങ്കെടുക്കും.
മുന്‍ എം.എല്‍.എയും സി.പി.ഐ.എം നേതാവുമായ ജെ.പി. ഗാവിത് ആണ് ജാഥ നയിക്കുന്നത്. പാര്‍ട്ടി കൊടിയും സവാളക്ക് മിനിമം എം.എസ്.പി നല്‍കുക എന്ന് എഴുതിയ പ്ലക്കാര്‍ഡുമേന്തിയാണ് ആളുകള്‍ ജാഥയില്‍ പങ്കെടുക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കര്‍ഷകര്‍ റോഡില്‍ സവാള വിതറുകയും ചെയ്തു.
സി.പി.ഐ.എം അധികാരത്തിലില്ലെങ്കിലും ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഗാവിത് പറഞ്ഞു .
‘ സി.പി.ഐ.എം കേന്ദ്രത്തിലും സംസ്ഥാനത്തും അധികാരത്തിലില്ല. എന്നാല്‍ ജനങ്ങളുടെ പിന്തുണ കൊണ്ട് തന്നെ ഞങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പോരാടും. പൊതു സമൂഹത്തിന് ദോഷം വരുന്ന ഒന്നും ഞങ്ങള്‍ ചെയ്യില്ല,’ അദ്ദേഹം പറഞ്ഞു.
ജില്ലാ ഗാര്‍ഡിയന്‍ മന്ത്രി ദാദാ ഭൂസേ ചൊവ്വാഴ്ച പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുമെന്ന് സമരക്കാര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം സവാളക്ക് ക്വിന്റലിന് 300 രൂപ അടിയന്തര സഹായം മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പ്രഖ്യാപിച്ചെങ്കിലും കര്‍ഷകര്‍ തള്ളിക്കളഞ്ഞു.
2018ലും സി.പി.ഐ.എമ്മിന്റേയും കിസാന്‍ സഭയുടെയും നേതൃത്വത്തില്‍ നാസികില്‍ നിന്ന് മുംബൈയിലേക്ക് കര്‍ഷക സമരം നടത്തിയിട്ടുണ്ട്. വായ്പ എഴുതിത്തള്ളുക, വനഭൂമി ആദിവാസി കര്‍ഷകര്‍ക്ക് കൈമാറുക തുടങ്ങി വിവിധ ആവശ്യങ്ങളായിരുന്നു അന്ന് ഉന്നയിച്ചിരുന്നത്. ആയിരക്കണക്കിന് കര്‍ഷകരാണ് ഈ സമരത്തില്‍ പങ്കെടുത്തത്.
2017ല്‍ അഖിലേന്ത്യാ കിസാന്‍ സഭയടക്കം വിവിധ സംഘടനകള്‍ നടത്തിയ സമരത്തിനൊടുവില്‍ അന്നത്തെ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗം അംഗീകരിച്ച ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിച്ചതാണ് 2018ലെ കര്‍ഷക സമരത്തിന് കാരണം. 2017-18 കാലഘട്ടത്തില്‍ 1700ലേറെ കര്‍ഷകരാണ് വിദര്‍ഭയിലും നാസിക്കിലുമായി ആത്മഹത്യ ചെയ്തിരുന്നു.
എന്നാല്‍ അന്നത്തെ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കുകയും സമരം അവസാനിപ്പിക്കുകയുമായിരുന്നു.
അഖിലേന്ത്യാ കിസാന്‍ സഭ മുന്നോട്ട് വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കുകയും അവ നടപ്പിലാക്കാന്‍ ആറ് മാസം സമയം ചോദിക്കുകയും ചെയ്തിരുന്നു. സര്‍ക്കാറിന്റെ അഭ്യര്‍ത്ഥന മാനിച്ച് ഉറപ്പുകള്‍ എഴുതി വാങ്ങി അന്ന് സമരം അവസാനിപ്പിക്കുകയായിരുന്നു.
2017 ജൂണ്‍ 30 വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളും, വനാവകാശ നിയമം സര്‍ക്കാര്‍ ആറ് മാസത്തിനകം നടപ്പിലാക്കും, താങ്ങുവില നിശ്ചയിക്കാന്‍ കിസാന്‍ സഭ പ്രതിനിധികള്‍ക്കും പങ്കാളിത്തമുണ്ടാകും, ഉറപ്പുകള്‍ പാലിക്കുന്നത് നടപ്പാക്കാന്‍ ആറംഗ സമിതി നിലവില്‍ വരും തുടങ്ങിയവയാണ് അന്ന് നല്‍കിയ ഉറപ്പുകള്‍.
നാസിക്കില്‍ നിന്ന് 2018 മാര്‍ച്ച് ആറിനായിരുന്നു അന്ന് സമരം ആരംഭിച്ചത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിരവധി പേരാണ് അന്ന് സമരത്തില്‍ പങ്കെടുക്കാനായി എത്തിച്ചേര്‍ന്നത്. സമരത്തില്‍ പ്രായമോ ആരോഗ്യമോ വകവെക്കാതെ ലക്ഷക്കണക്കിന് പേരായിരുന്നു പങ്കെടുത്തത്.
എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ മാറി ശിവസേന സര്‍ക്കാര്‍ ഭരിക്കുന്ന മഹാരാഷ്ട്രയില്‍ ഈ ഉറപ്പുകള്‍ ലംഘിക്കപ്പെടുകയും കര്‍ഷര്‍ വീണ്ടും ബുദ്ധിമുട്ടിലാകുകയും ചെയ്തപ്പോഴാണ് കര്‍ഷകര്‍ വീണ്ടും സമരത്തിലേക്കിറങ്ങിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ മൂന്നാം തവണയാണ് കര്‍ഷകര്‍ പ്രതിഷേധവുമായി എത്തിച്ചേരുന്നത്.
CONTENT HIGHLIGHT: Farmers march again: Proof farmers take to the streets in Maharashtra; It covers 175 km