| Wednesday, 14th October 2020, 4:00 pm

കൃഷിമന്ത്രിയില്ലാതെ കര്‍ഷകരുമായി കേന്ദ്രത്തിന്റെ ചര്‍ച്ച; കാര്‍ഷിക നിയമം കീറിയെറിഞ്ഞ്, ഇറങ്ങിപ്പോയി കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കാര്‍ഷിക ബില്ലിനെതിരായി പ്രക്ഷോഭം നടത്തുന്ന പഞ്ചാബിലെ കര്‍ഷക സംഘടനകളുമായുള്ള കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പാളി. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ഉള്‍പ്പെടെ ഒരു മന്ത്രിയും ചര്‍ച്ചയ്ക്ക് എത്താത്തതിനെ തുടര്‍ന്ന് കര്‍ഷകര്‍ ഇറങ്ങിപ്പോയി.

യോഗത്തില്‍ അഗ്രികള്‍ച്ചര്‍ സെക്രട്ടറി സജ്ജയ് അഗര്‍വാള്‍ പങ്കെടുത്തിരുന്നെങ്കിലും കൃഷി മന്ത്രി തന്നെ യോഗത്തിനു എത്തണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെടുകയായിരുന്നു. മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിച്ച കര്‍ഷകര്‍ ന്യൂദല്‍ഹി കൃഷിഭവനു മുന്നില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പുകള്‍ കീറിക്കളയുകയും ചെയ്തു. കേന്ദ്ര നിയമത്തിനെതിരായ തങ്ങളുടെ പ്രക്ഷോഭം തുടരുമെന്നും ഇവര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രം തീരുമാനിച്ചത്. ചണ്ഡിഗഡില്‍ നടന്ന യോഗത്തിലാണ് 29 കര്‍ഷക സംഘടനകള്‍ കേന്ദ്രവുമായുള്ള ചര്‍ച്ചയ്ക്ക് തയ്യാറായത്.

കര്‍ഷക പ്രക്ഷോഭം തണുപ്പിക്കാനുള്ള കേന്ദ്ര നീക്കങ്ങള്‍ പാഴാവുകയാണെന്നാണ് നിലവിലെ സാഹചര്യങ്ങള്‍ സൂചിപ്പിക്കുന്നത്. നേരത്തെ കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് പ്രധാനമന്ത്രി തയ്യാറാകണമെന്ന് കിസാന്‍ മസ്ദുര്‍ സംഘര്‍ഷ് സംഘം ആവശ്യപ്പെട്ടിരുന്നു. കൃഷിമന്ത്രി എത്തിയിട്ട് കാര്യമില്ലെന്നും പ്രധാനമന്ത്രി തന്നെ ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നുമാണ് കര്‍ഷകരുടെ സംഘടന ആവശ്യപ്പെട്ടത്.

സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക നിയമങ്ങളും ഉടന്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. ഇന്ത്യാഗേറ്റിന് മുന്‍പില്‍ ട്രാക്ടര്‍ കത്തിച്ചും കര്‍ഷകര്‍ പ്രതിഷേധിച്ചിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  Farmers Leave Meeting Over Minister’s Absence, Tear Copies Of Farm Laws

We use cookies to give you the best possible experience. Learn more