പാലക്കാട്: കൊക്കകോളയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്ലാച്ചിമടയില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി കര്‍ഷകസമര നേതാവ് രാകേഷ് ടികായത്. പ്ലാച്ചിമട നഷ്ടപരിഹാര ട്രിബ്യൂണല്‍ ബില്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് കഴിഞ്ഞദിവസം ടികായത് എത്തിയത്.
കൊക്കകോള കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ആവശ്യപ്പെടുന്ന പ്ലാച്ചിമടയിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ സംസ്ഥാന- കേന്ദ്ര സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് പറഞ്ഞ ടികായത്, നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പാക്കാന്‍ ട്രൈബ്യൂണല്‍ രൂപീകരിക്കുന്നതിന് നിയമനിര്‍മാണം നടത്താനുള്ള നടപടികള്‍ സര്‍ക്കാര്‍ ഉടന്‍ ആരംഭിക്കണമെന്നും ആവശ്യപ്പെട്ടു.
തമിഴ്‌നാട്ടിലെ കര്‍ഷക നേതാക്കളും പ്ലാച്ചിമടയില്‍ കഴിഞ്ഞദിവസം നടന്ന ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.
”പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം ഉറപ്പാക്കുക എന്നത് എല്‍.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്നു. കര്‍ഷകസമരത്തെ പിന്തുണക്കുന്ന കേരളത്തിലെ എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറി ഏഴ് വര്‍ഷം പിന്നിട്ടിട്ടും ഈ വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടു എന്നത് ദൗര്‍ഭാഗ്യകരമാണ്,” ഐക്യദാര്‍ഢ്യ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് ടികായത് പറഞ്ഞു.
പ്ലാച്ചിമടയിലെ ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്.കെ.എം) മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടില്‍ നിന്നുള്ള കര്‍ഷകനേതാക്കളും ഐക്യദാര്‍ഢ്യ യോഗത്തില്‍ പങ്കെടുത്തിരുന്നു.
കര്‍ഷക നേതാക്കളായ ഈശന്‍ സെന്തില്‍കുമാര്‍, പി.ടി. ജോണ്‍, എന്‍. സുബ്രഹ്മണ്യന്‍, കെ. അസീസ്, വിജയന്‍ അമ്പലക്കാട്, ശാന്തി പ്ലാച്ചിമട, സജീവന്‍ കള്ളിചിത്ര, വി.പി. നിജാമുദ്ദീന്‍, സുന്ദരന്‍ വെള്ളപ്പന, സെയ്ദ് ഇബ്രാഹിം, എം.സുരേഷ് ബാബു, ലൈല റഷീദ്, കെ.സി. അശോക്, ഷണ്‍മുഖ സുന്ദരം, മുത്തു വിശ്വനാഥന്‍, രഘുപതി ബാലചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
വിളയോടി വേണുഗോപാല്‍ അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇ.സബില്‍ അബ്ദുള്‍ കരീം സ്വാഗതവും, എ ശക്തിവേല്‍ നന്ദിയും പറഞ്ഞു.
Content Highlight: Farmers leader Rakesh Tikait came in support to Plachimada relief issue against Coca Cola