ന്യൂദല്‍ഹി: വിവാദമായ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി കിസാന്‍ സഭ സെക്രട്ടറി പി. കൃഷ്ണ പ്രസാദ്.
പുതിയ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെങ്കിലും കര്‍ഷകരുടെ നിരവധി ആവശ്യങ്ങള്‍ ഇനിയും സര്‍ക്കാര്‍ പരിഗണിക്കേണ്ടതുണ്ടെന്നും സമരം തുടരുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പ്രധാനമന്തിയുടെ പ്രഖ്യാപനം ഏകാധിപത്യ സ്വഭാവമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
”ഇത് ജനാധിപത്യത്തിന്റെയും ജനങ്ങളുടേയും വിജയമാണ്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നു എന്ന ഇപ്പോള്‍ പുറത്തുവന്ന പ്രഖ്യാപനം സ്വാഗതാര്‍ഹമാണ്. എങ്കിലും രാജ്യത്ത് ഒരു തരത്തിലും അംഗീകരിക്കാനാവാത്ത സമീപനമാണ് സ്വാഗതാര്‍ഹമെന്ന് പറയപ്പെടുന്ന ഈ പ്രഖ്യാപനം.
ഇത് പ്രധാനമന്ത്രിയുടെ പ്രഖ്യാപനമാണ്. അതായത് മന്ത്രിസഭ കൂട്ടായോ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളോട് ചര്‍ച്ച ചെയ്‌തോ സമരം ചെയ്യുന്ന കര്‍ഷകരോട് ചര്‍ച്ച ചെയ്‌തോ അല്ല ഈ തീരുമാനം. ഇതിനും ഒരു ഏകാധിപത്യ സ്വഭാവമുണ്ട്.
നിയമങ്ങള്‍ പിന്‍വലിക്കുന്നത് മാത്രമല്ല കര്‍ഷകരുടെ ആവശ്യം. കര്‍ഷകരുടെ ഏറ്റവും പ്രധാനപ്പെട്ട ആവശ്യം അവരുടെ എല്ലാ ഉല്‍പന്നങ്ങള്‍ക്കും മിനിമം താങ്ങുവില ലഭിക്കുക എന്നുള്ളതാണ്.
കര്‍ഷകരെ കടത്തിണ്ണയില്‍ നിന്ന് മോചിപ്പിക്കുക എന്നതാണ് അവരുടെ മുദ്രാവാക്യം. കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണമെന്നാണ് അവരുടെ ആവശ്യം.
2014ല്‍ അധികാരത്തിലേറുമ്പോള്‍ ബി.ജെ.പി അവരുടെ പ്രകടന പത്രികയില്‍ വാഗ്ദാനം ചെയ്തതായിരുന്നു അത്. ഏഴ് വര്‍ഷമായിട്ടും അത് നടപ്പാക്കിയിട്ടില്ല. അതിനെ സംബന്ധിച്ച് ഒന്നും പറയുന്നില്ല.
ഈ പുതിയ സാഹചര്യത്തെക്കുറിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച ചര്‍ച്ച ചെയ്യും.
കര്‍ഷകരുടെ സമരത്തില്‍ വലിയ രാഷ്ട്രീയവല്‍ക്കരണം നടന്നിട്ടുണ്ട്. സമരത്തെ ഒരു ശക്തിക്കും തടയാനാവില്ല. ഇനിയും തുടരും.
രാജ്യത്തെ കുത്തകകള്‍ക്ക് വില്‍ക്കുന്ന നയം, സബ്‌സിഡികള്‍ പിന്‍വലിച്ച് കാര്‍ഷിക ചെലവുകള്‍ വര്‍ധിപ്പിച്ച് കര്‍ഷകരെ കുടിയേറ്റ തൊഴിലാളികളാക്കി മാറ്റുന്ന നയം- ഇതിനൊക്കെ എതിരായ സമരമായി ഇത് ശക്തിപ്പെടും.
ഇത് കേവലം ആയിരം രൂപയ്ക്ക് വേണ്ടി നടത്തുന്ന ഒരു സമരമല്ല. ഇത് നയത്തിനെതിരായ സമരമാണ്. കര്‍ഷകരെ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ അംഗീകരിക്കുന്നത് സര്‍ക്കാരിന്റെ ദൗര്‍ബല്യത്തെയാണ് കാണിക്കുന്നത്.
കൂടുതല്‍ ശക്തമായ സമരത്തിലേയ്ക്കും വിജയത്തിലേയ്ക്കും കര്‍ഷകര്‍ മുന്നോട്ട് പോകും. സമരരീതിയില്‍ മാറ്റം വരുത്തേണ്ടത് കൂടിയാലോചനകള്‍ക്ക് ശേഷം തീരുമാനിക്കും,” കൃഷ്ണപ്രസാദ് പറഞ്ഞു.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കര്‍ഷകരുടേയും ജനങ്ങളുടേയും മാധ്യമങ്ങളുടേയും തൊഴിലാളി വര്‍ഗത്തിന്റേയും വലിയ വിജയമാണെന്നതില്‍ സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗുരു നാനാക്ക് ദിനത്തോടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേയായിരുന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Farmers leader Krishna Prasad reaction to Modi’s declaration about the withdrawal of farm laws