കര്‍ഷക നേതാവ് എ.സി വര്‍ക്കി അന്തരിച്ചു
Daily News
കര്‍ഷക നേതാവ് എ.സി വര്‍ക്കി അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th September 2016, 6:14 pm

സംസ്ഥാനത്ത നിരവധി കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കര്‍ഷക നേതാവായിരുന്നു എ.സി വര്‍ക്കി.


കോഴിക്കോട്: ഫാര്‍മേഴ്‌സ് റിലീഫ് ഫോറം മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ എ.സി വര്‍ക്കി അന്തരിച്ചു. എഴുപത് വയസായിരുന്നു.

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്ഥാനത്ത നിരവധി കര്‍ഷക സമരങ്ങള്‍ക്ക് നേതൃത്വം വഹിച്ചിരുന്ന കര്‍ഷക നേതാവായിരുന്നു എ.സി വര്‍ക്കി.

ഉദര സംബന്ധമായ രോഗം ബാധിച്ച് കുറച്ചുദിവസമായി ചികിത്സയിലായിരുന്നു. വൈകീട്ടോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച വയനാട് നടവയലില്‍ നടക്കും.

വയനാട്ടില്‍ കര്‍ഷക ആത്മഹത്യ വര്‍ദ്ധിക്കുകയും വ്യവസ്ഥാപിത കര്‍ഷക സംഘടനകള്‍ നിഷ്‌ക്രിയമാവുകയും ചെയ്ത കാലത്താണ് എ.സി വര്‍ക്കി ഫാര്‍മേഴ്‌സ് റിലീഫ് ഫോറം രൂപീകരിച്ചത്. കടക്കെണിയിലായ കര്‍ഷകര്‍ക്ക് പണം കണ്ടെത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളുമായി തുടങ്ങിയ പ്രസ്ഥാനം പിന്നീട് പോരാട്ട സംഘടനയായി.

കര്‍ഷകര്‍ക്ക് വേണ്ടി ബാങ്കുകള്‍ക്ക് മുന്നില്‍ അദ്ദേഹം സമരത്തിന് നേതൃത്വം നല്‍കി. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിലത്തകര്‍ച്ച നേരിട്ടപ്പോള്‍ ഉല്‍പ്പന്നങ്ങളുമായി ബാങ്കുകളില്‍ പോയി പ്രതിഷേധിച്ചു.

സര്‍ക്കാര്‍ നിലപാടുകളില്‍ പ്രതിഷേധിച്ച് കോഴിക്കോട് കോടഞ്ചേരിയില്‍ ബദല്‍ അസംബ്ലി സംഘടിപ്പിച്ച അദ്ദേഹം കര്‍ഷക കേന്ദ്രീകൃതമായുള്ള ബദല്‍ ബജറ്റ് അവതരിപ്പിച്ചിരുന്നു. കേര കര്‍ഷകരുടെ രക്ഷക്കായി നീരയെന്ന ആശയം പ്രചരിപ്പിക്കാന്‍ ശ്രമിച്ച അദ്ദേഹം കോഴിക്കോട് നീര വില്‍പ്പനക്ക് വെച്ച് നിയമനടപടി നേരിട്ട് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുമുണ്ട്.

കര്‍ണാടകയിലെ കര്‍ഷക നേതാവ് നെഞ്ചുണ്ടസ്വാമിയുടെ ആശയങ്ങളില്‍ ആകൃഷ്ടനായിരുന്നു അദ്ദേഹം. കര്‍ഷകര്‍ക്ക് ന്യായ വില ഉറപ്പുവരുത്തുന്നതിന് വേണ്ടി ഫെയര്‍ ട്രേഡ് പ്രസ്ഥാനത്തിന് പ്രചാരണം നല്‍കി. ഇതിനായി അദ്ദേഹം യൂറോപ്യന്‍ രാജ്യങ്ങളില്‍ സഞ്ചരിച്ചു.

കര്‍ഷകരുടെ പ്രതിനിനിധിയെന്ന ആശയത്തിനായി അദ്ദേഹം പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ കോഴിക്കോടും നിയമസഭാ തെരെഞ്ഞെടുപ്പില്‍ ബത്തേരിയിലും മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. നല്ലവനായ അയല്‍ക്കാരന്‍ എന്ന പേരില്‍ വര്‍ക്കിയുടെ ജീവചരിത്രം പുറത്തിറങ്ങിയിട്ടുണ്ട്.