ഈ മാസം ആറാം തീയ്യതിയാണ് അഖിലേന്ത്യ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ നാസിക്കില്‍ നിന്നും കര്‍ഷകര്‍ ലോംഗ് മാര്‍ച്ച് ആരംഭിക്കുന്നത്. ആദ്യമൊന്നും മുഖ്യധാര മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാതിരുന്ന മാര്‍ച്ചും പ്രക്ഷോഭവും പിന്നീട് രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുന്നതിനാണ് അഞ്ച് ദിവസങ്ങള്‍ക്കിപ്പുറം രാജ്യം സാക്ഷ്യം വഹിക്കുന്നത്.
200 കിലോമീറ്ററുകള്‍ താണ്ടിയാണ് വൃദ്ധരും സ്ത്രീകളുമടങ്ങുന്ന ലക്ഷം ജനത മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തത്. ഇന്നലെ വൈകീട്ടോടെ മുംബൈ നഗരത്തില്‍ പ്രവേശിച്ച മാര്‍ച്ചിനെ നഗരവാസികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. നഗരത്തിലേക്ക് പ്രവേശിച്ച ലോങ്മാര്‍ച്ചിനെ പാതക്കിരുവശവും നിന്ന് അഭിവാദ്യം ചെയ്താണ് മുംബൈ നിവാസികള്‍ സ്വീകരിച്ചത്.
സമരം ചെയ്യുന്ന കര്‍ഷകരില്‍ വലിയൊരു വിഭാഗവും ദളിത് ജനതയാണ്. നാസിക്, താനെ പല്‍ഗര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങള്‍, അനുവാദമില്ലാതെ കര്‍ഷകരുടെ ഭൂമി പിടിച്ചെടുക്കുന്നതില്‍ നിന്ന് പിന്മാറുക, അര്‍ഹമായ നഷ്ടപരിഹാരത്തുക നല്‍കുക, വിളകള്‍ക്ക് കൃത്യമായ താങ്ങുവില നല്‍കുക, എം എസ് സ്വാമിനാഥന്‍ കമീഷന്‍ കര്‍ഷകര്‍ക്കായി നിര്‍ദേശിച്ച ശുപാര്‍ശകള്‍ നടപ്പാക്കുക, ബി.ജെ.പി സര്‍ക്കാരിന്റെ കര്‍ഷകവഞ്ചന അവസാനിപ്പിക്കുക, വനാവകാശനിയമം നടപ്പാക്കുക, നദീസംയോജനപദ്ധതി നടപ്പാക്കി കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന വരള്‍ച്ചയ്ക്ക് അറുതി വരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭം സംഘടിപ്പിച്ചിരിക്കുന്നത്.
കഴിഞ്ഞ ആറുദിവസമായി ലോംഗ് മാര്‍ച്ചില്‍ പങ്കെടുക്കുന്ന സ്ത്രീകളും വൃദ്ധരും തങ്ങളെന്ത് കൊണ്ടാണ് സമരരംഗത്തിറങ്ങിയതെന്നും തങ്ങളുടെ ആശങ്കകളും പ്രതീക്ഷകളും പങ്കുവെക്കുന്നു.
രാധാഭായി കിസാന്‍ ഗഗോണ്ടേ
അറുപത്തഞ്ച് കാരിയായ രാധാഭായി നാസിക്കിലെ ദിന്‍ഡോരി പ്രവിശ്യയിലെ ദൈവി ഗ്രമത്തിലാണ് ജീവിക്കുന്നത്. ആറു ദിവസമായി ഇവര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ രണ്ടു ദശാബ്ദമായി താന്‍ പണിയെടുക്കുന്ന ഒരേക്കറോളം വരുന്ന വനഭൂമി സ്വന്തം പേരിലേക്ക് മാറ്റുന്നതിനായാണ് രാധാഭായിയുടെ സമരം.
“ഞാന്‍ എന്റെ ജീവിതം മുഴുവന്‍ മറ്റുള്ളവരുടെ ഭൂമിയില്‍ ജോലി ചെയ്യുകയായിരുന്നു. ആ ഭൂമി എന്റെ പേരിലേക്ക് മാറ്റേണ്ടതുണ്ട്. എന്റെ പേരക്കുട്ടികള്‍ക്ക് വിദ്യാഭ്യാസവും നല്ല ജീവിതവും കിട്ടേണ്ടതുണ്ട്.” രാധാഭായി പറയുന്നു.
ഹിരാമന്‍ വാങ്‌മോര്‍
നാല്‍പ്പത്തിയാറുകാരനായ ഹിരാമന്‍ വാങ്‌മോര്‍ നാസിക്കിലെ സുഹാന വനമേഖലയിലെ ചികാഡി ഗ്രാമത്തില്‍ അഞ്ചേക്കര്‍ വനഭൂമിയിലാണ് കൃഷി ചെയ്യുന്നത്. മണ്‍സൂണിനെ ആശ്രയിച്ച മാത്രമാണ് ഇദ്ദേഹത്തിന്റെ കൃഷി.
“ഒരു കിണര്‍ കുഴിക്കാനോ കുഴല്‍ കിണര്‍ നിര്‍മ്മിക്കാനോ എന്റെ കൈയ്യില്‍ പണമില്ല. ഞാന്‍ ഒരു ഫാമില്‍ ജോലി ചെയ്തിരുന്നു. ദിവസം 50- 100 രൂപയാണ് എനിക്ക് അവിടെ നിന്നു ലഭിച്ചത്.” വാങ്‌മോര്‍ പറയുന്നു. വര്‍ഷങ്ങളായി പണിയെടുക്കുന്ന ഭൂമി സ്വന്തം പേരിലേക്ക് ലഭിക്കുമെന്നാണ് വാങ്‌മോര്‍ പ്രതീക്ഷിക്കുന്നത്.
അങ്ങിനെ വരുമ്പോള്‍ ലോണ്‍ സൗകര്യം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇദ്ദേഹം. “ഒരുപക്ഷേ എനിക്ക് ജലസേചനത്തിനുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ കഴിഞ്ഞേക്കും” വാങ്‌മോര്‍ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.
രാജേഭാവു റാത്തോഡ്
മറാത്താവാഡ പ്രദേശത്തെ പര്‍ഭാനി സ്വദേശിയായ നാല്‍പ്പത്തിരണ്ടുകാരനാണ് രാജേഭാവു റാത്തോഡ്. സര്‍ക്കാര്‍ 32,000 കോടിയുടെ കാര്‍ഷിക കടാശ്വാസം പ്രഖ്യാപിച്ചപ്പോള്‍ വളരെയധികം സന്തോഷിച്ചയാളാണ് രാജേഭാവു. പക്ഷേ തന്റെ സന്തോഷത്തിനു അല്‍പ്പായുസ്സ് ആയിരുന്നെന്നാണ് രാജേഭാവു പറയുന്നത്.
“ഞാന്‍ 2012 ല്‍ 1.80 ലക്ഷം ബാങ്ക് വായ്പ എടുത്തിരുന്നു. പക്ഷേ ആ വര്‍ഷത്തെ വരള്‍ച്ച കാരണം എനിക്ക് പണം തിരിച്ചടക്കാന്‍ കഴിഞ്ഞില്ല. എന്റെ മൂന്നേക്കര് ഭൂമിയില്‍ ജലസേചനത്തിനു സൗകര്യമില്ല. അതുപോലെ കൃഷിയില്‍ നിന്നു ഇതുവരെയും ലാഭം കണ്ടെത്താനും കഴിഞ്ഞില്ല.” രാജേഭാവു പറയുന്നു.
കടബാധ്യതയില്‍ ഇളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാജേഭാവു സമരരംഗത്തിറങ്ങിയിരിക്കുന്നത്. കൃഷി ഭൂമിയില്‍ കിണര്‍ കുഴിക്കാനുള്ള ലോണ്‍ സൗകര്യം ലഭിക്കുമെന്നും ഇദ്ദേഹം പ്രതീക്ഷിക്കുന്നു. “കടാശ്വാസത്തിനുള്ള എന്റെ അപേക്ഷ അവര്‍ തള്ളുകയായിരുന്നു” റാത്തോഡ് കൂട്ടിച്ചേര്‍ത്തു.
സുനില്‍ മോഹോദ്കര്‍
ഷഹാപൂര്‍ മേഖലയിലെ അഖായി ഗ്രാമത്തില്‍ നിന്നുള്ള ആദിവാസി യുവാവാണ് ഇരുപത്താറുകാരനായ സുനില്‍ മോഹോദ്കര്‍. താന്‍ പണിയെടുക്കുന്ന ഭൂമി തന്റെ പേരിലേക്ക് ലഭിക്കുന്നതിനായാണ് സുനിലിന്റെ സമരം. ഷഹാപൂരിലെ തന്‍സ ഡാമില്‍ നിന്നും തന്റെ കൃഷി ഭൂമിയിലേക്ക് വെള്ളമെത്തിക്കാനുള്ള സൗകര്യം സര്‍ക്കാര്‍ ചെയ്ത് തരണമെന്നും ഇയാള്‍ ആവശ്യപ്പെടുന്നു.
“പത്തേക്കര്‍ ഭൂമിയിലാണ് ഞാന്‍ കൃഷി ചെയ്യുന്നത്. നെല്ലും പയര്‍ വര്‍ഗങ്ങളും മറ്റു ധാന്യങ്ങളുമാണ് ഞാനിവിടെ കൃഷി ചെയ്യുന്നത്. ഇവയെല്ലാം പ്രത്യേക സമയങ്ങളില്‍ മാത്രം കൃഷി ചെയ്യാന്‍ കഴിയുന്നവയാണ്. പക്ഷേ എനിക്ക് മറ്റുള്ളവരുടെ ഭൂമിയില്‍ നിന്ന് കൃഷിക്കാവശ്യമായ വെള്ളം ശേഖരിക്കേണ്ട അവസ്ഥയാണ്.” സുനില്‍ പറഞ്ഞു. തന്‍സ ഡാമിന്റെ നിര്‍മ്മാണം കൃഷിയെ ബാധിച്ച നൂറു കണക്കിനു കര്‍ഷകരിലൊരാളാണ് സുനിലും.
രാംദാസ് സുതര്‍
പല്‍ഗറിലെ ഖുബാലെ സ്വദേശിയാണ് 39 കാരനായ രാംദാസ്. വനഭൂമി അവകാശവും, കടബാധ്യതയും കൃഷിയെ ബാധിച്ച ഇദ്ദേഹവും ലോംഗ് മാര്‍ച്ചിന്റെ തുടക്കം മുതല്‍ സമരരംഗത്തുണ്ട്.
” പത്തേക്കര്‍ ഭൂമിയിലാണ് ഞാനും കൃഷി ചെയ്യുന്നത്. പക്ഷേ അധികൃതര്‍ എനിക്ക് വെറും രണ്ടേക്കര്‍ ഭൂമിയുടെ അവകാശം മാത്രമാണ് പതിച്ചുതന്നിരിക്കുന്നത്. ” സുതര്‍ പറയുന്നു. ഭൂ പ്രശ്‌നത്തിനു പുറമേ മറ്റു കര്‍ഷകരെ പോലെ കടബാധ്യതയും സുതറിനെയും അലട്ടുന്നുണ്ട്.
2014 ല്‍ 49,000 രൂപയാണ് സുതര്‍ ബാങ്ക് വായ്പയായി എടുത്തത്. അതിപ്പോള്‍ തുകയിലുമധികമായിരിക്കുകയാണ്. “നിയമപ്രകാരം ഞാന്‍ പത്തേക്കര്‍ ഭൂമിയ്ക്കും അര്‍ഹനാണ്. എനിക്കത് കിട്ടുക തന്നെ വേണം. ജില്ലാ ബാങ്കില്‍ നിന്നുള്ള ലോണിലും ഇളവ് ലഭിക്കണം” അദ്ദേഹം പറഞ്ഞു.
ഇതുപോലെ വനഭൂമി പ്രശ്‌നവും ജലസേചന പ്രശ്‌നങ്ങളും കടബാധ്യതയും തന്നെയാണ് അംബാദാസ് ഷര്‍ദുളിന്റെയും മന്ദാ പവാറിന്റെയും കൃഷ്ണയുടെയും പ്രക്ഷോഭത്തില്‍ പങ്കെടുത്തുകൊണ്ടിരിക്കുന്ന ലക്ഷക്കണക്കിനു കര്‍ഷകരെയും അലട്ടുന്നത്. 200 കിലോമീറ്റര്‍ നഗ്നപാദരായി മുംബൈയിലേക്ക് മാര്‍ച്ച് ചെയ്ത ഇവര്‍ അവകാശങ്ങള്‍ നേടിയെടുക്കാമെന്ന ശുഭപ്രതീക്ഷയിലാണ്.
കടപ്പാട്: ദ ഇന്ത്യന്‍ എക്‌സ്പ്രസ്