മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് അരലക്ഷത്തോളം കര്‍ഷകരുടെ സംഗമം
farmers protest
മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് അരലക്ഷത്തോളം കര്‍ഷകരുടെ സംഗമം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 4th May 2018, 8:54 pm

മുംബൈ: മഹാരാഷ്ട്ര സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ പല്‍ഗാര്‍ ജില്ലയില്‍ അരലക്ഷത്തോളം കര്‍ഷകരുടെ പ്രതിഷേധം. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍വേ പദ്ധതിക്കായി ബലം പ്രയോഗിച്ച് ഭൂമിയേറ്റെടുക്കുന്നത് ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പ്രതിഷേധിച്ചാണ് അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്.

അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കായി 850 ഹെക്ടറോളം ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. മഹാരാഷ്ട്രയിലെ 120 ഓളം ഗ്രാമങ്ങളെ പദ്ധതി പ്രതികൂലമായി ബാധിക്കും. ഏറ്റെടുക്കേണ്ട മിക്ക സ്ഥലങ്ങളും കൃഷിഭൂമികളാണ്. കര്‍ഷകര്‍ക്ക് വാക്കാലുള്ള ഉറപ്പ് മാത്രം നല്‍കി ബലമായാണ് മഹാരാഷ്ട്ര സര്‍ക്കാര്‍ ഭൂമിഏറ്റെടുക്കല്‍ നടപടി തുടങ്ങിയതെന്നും മുന്‍ധാരണകള്‍ക്ക് വിരുദ്ധമായാണ് സര്‍ക്കാര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നും കിസാന്‍ സഭ പറഞ്ഞു.

ബുധനാഴ്ച അധികൃതരെത്തി പല്‍ഗാര്‍ ജില്ലയിലെ ധഹാനു ഗ്രാമത്തില്‍ സര്‍വേ നടത്തിയെന്നും ഇത് ഗ്രാമവാസികളുടെ അറിവ് പോലുമില്ലാതെയാണ് നടത്തിയതെന്നും നോട്ടീസോ മറ്റ് അറിയിപ്പോ നല്‍കിയിരുന്നില്ലെന്നും കിസാന്‍ സഭ ആരോപിച്ചു.

ഇതില്‍ പ്രതിഷേധിച്ചാണ് വാസൈ, പല്‍ഗര്‍, ധഹനു, തലസരി ഗ്രാമങ്ങളിലെ കര്‍ഷകര്‍ കലക്ടറേറ്റിന് മുന്നില്‍ ഒത്തുകൂടിയത്. സര്‍ക്കാരിന്റെ വിവിധ കര്‍ഷക വിരുദ്ധ നിലപാടുകള്‍ക്കെതിരെ കര്‍ഷകര്‍ മുദ്രാവാക്യമുയര്‍ത്തി.