| Thursday, 9th December 2021, 3:38 pm

കേന്ദ്രത്തെ മുട്ടുകുത്തിച്ച് മടക്കം; സമരവിജയത്തിന് പിന്നാലെ കര്‍ഷകര്‍ വീടുകളിലേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമത്തിനെതിരെ ഒരുവര്‍ഷത്തിലേറയായി സമരം ചെയ്യുന്ന കര്‍ഷകര്‍ ഡിസംബര്‍ 11ന് സമരം അവസാനിപ്പിച്ച് തിരിച്ചുപോകും.

കര്‍ഷക സംഘടനകള്‍ ഇന്ന് വൈകിട്ട് 5:30 ന് വിജയ പ്രാര്‍ത്ഥനയും ഡിസംബര്‍ 11 ന് രാവിലെ 9 മണിയോടെ ദല്‍ഹി അതിര്‍ത്തിയിലെ സിംഘു, ടിക്‌റി സമരകേന്ദ്രങ്ങളില്‍ വിജയ മാര്‍ച്ചും സംഘടിപ്പിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു. പഞ്ചാബിലെ കര്‍ഷക നേതാക്കള്‍ ഡിസംബര്‍ 13ന് അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ പ്രണാമം അര്‍പ്പിക്കാന്‍ പദ്ധതിയിടുന്നുണ്ട്. സംയുക്ത കിസാന്‍ മോര്‍ച്ച ഡിസംബര്‍ 15 ന് ദല്‍ഹിയില്‍ മറ്റൊരു യോഗം നടത്തും.

സമരവുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പിന്‍വലിക്കുക, വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക തുടങ്ങി കര്‍ഷകര്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും കേന്ദ്രം അംഗീകരിച്ച സാഹചര്യത്തിലാണ് സമരം അവസാനിപ്പിക്കുന്നത്.

ആറ് ആവശ്യങ്ങള്‍ ഉന്നയിച്ച് നവംബര്‍ 21 ന് പ്രധാനമന്ത്രി മോദിക്ക് എസ്.കെ.എം അയച്ച കത്തിന് പിന്നാലെ കേന്ദ്രം ഇന്നലെ എസ്.കെ.എമ്മിന്റെ അഞ്ചംഗ സമിതിക്ക് രേഖാമുലമുള്ള ഉറപ്പ് നല്‍കിയിരുന്നു.

താങ്ങുവില സംബന്ധിച്ചും ലഖിംപുര്‍ വിഷയത്തില്‍ കേന്ദ്രമന്ത്രിക്കെതിരായ നിലപാട് സംബന്ധിച്ചും കേന്ദ്ര സര്‍ക്കാരില്‍ നിന്ന് കൂടുതല്‍ വ്യക്തത ലഭിക്കേണ്ട സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് സമരം തുടരുമെന്നാണ് കര്‍ഷക സംഘടനകള്‍ പറയുന്നത്. രാജ്യതലസ്ഥാന അതിര്‍ത്തികളിലെ ഉപരോധം പൂര്‍ണ്ണമായും പിന്‍വിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

കര്‍ഷകര്‍ ഉന്നയിച്ചിരുന്ന ആറ് ആവശ്യങ്ങള്‍

സമഗ്രമായ ഉല്‍പാദനച്ചെലവ് അടിസ്ഥാനമാക്കിയുള്ള എം.എസ്.പി എല്ലാ കാര്‍ഷിക ഉല്‍പന്നങ്ങള്‍ക്കും എല്ലാ കര്‍ഷകര്‍ക്കും നിയമപരമായ അവകാശമാക്കണം

കേന്ദ്രം മുന്നോട്ടുവെച്ച കരട് വൈദ്യുതി നിയമ ഭേദഗതി ബില്‍ 2020/2021 പിന്‍വലിക്കുക.

ദല്‍ഹിയിലും സമീപ പ്രദേശങ്ങളിലും കര്‍ഷകരെ ശിക്ഷിക്കുന്നതിനുള്ള എയര്‍ ക്വാളിറ്റി മാനേജ്മെന്റ് കമ്മീഷനിലെ വ്യവസ്ഥകള്‍ നീക്കംചെയ്യുക
ദല്‍ഹി, ഹരിയാന, ചണ്ഡീഗഢ്, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഈ പ്രക്ഷോഭത്തിനിടെ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ ഉടന്‍ പിന്‍വലിക്കുക.

ലഖിംപൂര്‍ ഖേരി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്യുക.

പ്രക്ഷോഭത്തില്‍ 700 കര്‍ഷകര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണം. മരിച്ച കര്‍ഷകരുടെ സ്മരണയ്ക്കായി സ്മാരകം നിര്‍മിക്കാന്‍ സിം
ഘു അതിര്‍ത്തിയില്‍ ഭൂമി നല്‍കണം

2020 സെപ്റ്റംബര്‍ 17 നാണ് കാര്‍ഷിക നിയമങ്ങള്‍ ലോക് സഭയില്‍ പാസാക്കിയത്.

പിന്നാലെ സെപ്റ്റംബര്‍ 20 ന് രാജ്യസഭയിലും ബില്‍ പാസാക്കി. ഫാര്‍മേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് ബില്‍ 2020, ദി ഫാര്‍മേഴ്‌സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) അഗ്രീമെന്റ് ഓഫ് പ്രൈസ് അഷുറന്‍സ് ആന്‍ഡ് ഫാം സര്‍വീസസ് ബില്‍ 2020 എസന്‍ഷ്യല്‍ കൊമ്മോഡിറ്റീസ്(അമന്‍ഡ്‌മെന്റ്) ബില്‍ എന്നീ ബില്ലുകളാണ് പാസാക്കിയത്.

ഇതിന് പിന്നാലെ കര്‍ഷകര്‍പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.
കേന്ദ്രം നിരവധി തവണ കര്‍ഷക സംഘടനകളുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. നിയമങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കും വരെ പ്രതിഷേധം തുടുരുമെന്ന് കര്‍ഷകര്‍ ഉറച്ച നിലപാടെടുക്കുകയായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Farmers End 15-Month Protest, To Vacate Protest Sites At Delhi Border

We use cookies to give you the best possible experience. Learn more