പഞ്ചാബിൽ നിന്ന് മാത്രം 1500 ട്രാക്ടറുകൾ; അടുത്ത ആറ് മാസത്തേക്കുള്ള തയ്യാറെടുപ്പുകളുമായി കർഷകർ തലസ്ഥാനത്ത്
national news
പഞ്ചാബിൽ നിന്ന് മാത്രം 1500 ട്രാക്ടറുകൾ; അടുത്ത ആറ് മാസത്തേക്കുള്ള തയ്യാറെടുപ്പുകളുമായി കർഷകർ തലസ്ഥാനത്ത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th February 2024, 3:05 pm

ന്യൂദൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് 22ഓളം കർഷക യൂണിയനുകളുടെ നേതൃത്വത്തിൽ ദൽഹിയിൽ നടക്കുന്ന ദൽഹി ചലോ കർഷക സമരത്തിന്റെ ഭാഗമായി പഞ്ചാബിൽ നിന്ന് മാത്രം 1500 ട്രാക്ടറുകളും 500 വാഹനങ്ങളും പുറപ്പെട്ടതായി റിപ്പോർട്ട്.

അടുത്ത ആറ് മാസത്തേക്കുള്ള റേഷനും ഭക്ഷണവും ലോജിസ്റ്റിക്സുമടങ്ങുന്നതാണ് വാഹനങ്ങൾ.

ഫെബ്രുവരി 12ന് രാത്രി കർഷക നേതാക്കൾ കേന്ദ്ര മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പരിഹാരമുണ്ടാകാത്തതിനെ തുടർന്ന് ദൽഹിയിലെ മാർച്ചുമായി മുന്നോട്ട് പോകുവാൻ കർഷകർ തീരുമാനിക്കുകയായിരുന്നു.

താമസ സൗകര്യം ഉൾപ്പെടെയുള്ള രീതിയിൽ ട്രാക്ടറുകൾക്ക് മാറ്റം വരുത്തിയതായും റിപ്പോർട്ടുകളുണ്ട്.

സമരത്തിനായി എത്തുന്ന കർഷകർ ചെറു സംഘങ്ങളായി വന്ന് അടുത്തുള്ള ഗുരുദ്വാരകളിലും ധരംശാലകളിലും ആശ്രമങ്ങളിലും അഭയം തേടുവാനാണ് പദ്ധതിയിടുന്നതെന്ന് ഫ്രീ പ്രസ് ജേണൽ പറയുന്നു.

അംബാലയിലെ ശംഭു അതിർത്തി, ജിന്ദിലെ ഖനോരി, സിർസയിലെ ദബ്വാലി എന്നീ പോയിന്റുകൾ വഴിയാണ് കർഷകർ ദൽഹിയിലേക്കെത്തുന്നത്.

അതിർത്തി മുറിച്ച് ദൽഹിയിലേക്ക് കടക്കാൻ ശ്രമിച്ച കർഷകരുടെ നേരെ പൊലീസ് വ്യാപകമായി കണ്ണീർ വാതകം പ്രയോഗിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

2000ത്തോളം ട്രാക്ടറുകളുമായി ഇരുപതിനായിരത്തിലധികം കർഷകരാണ് മാർച്ചിൽ പങ്കെടുത്തത്. കർഷകരുടെ ട്രാക്ടറുകൾ പൊലീസ് കസ്റ്റഡിയിലെടുത്തു.

നിലവിൽ കർഷകരുടെ മാർച്ചിനെ തുടർന്ന് ഗാസിപൂർ, ചില്ല അതിർത്തികൾ വഴി ദൽഹി, നോയിഡ, ഗാസിയാബാദ് എന്നിവയെ ബന്ധിപ്പിക്കുന്ന ഹൈവേകളിൽ വൻ ഗതാഗതക്കുരുക്ക് ഉണ്ടായതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഹരിയാന-ദൽഹി അതിർത്തിയിൽ നൂറുകണക്കിന് പൊലീസിനെയാണ് സർക്കാർ വിന്യസിച്ചിട്ടുള്ളത്.
ഏതാനും കർഷകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും അധികാരികൾ പറയുന്നു. കർഷകരെ തടയുന്നതിനായി ജില്ലാ ഭരണകൂടം മൺഭിത്തി നിർമിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. കൂടാതെ നടപ്പാതയിൽ മുള്ളാണികൾ പതിപ്പിച്ച് കർഷകരെ തടയാനും ഭരണകൂടം ശ്രമിച്ചു.

അതേസമയം കർഷകരുടെ മാർച്ച് കണക്കിലെടുത്ത് ബവാന സ്റ്റേഡിയം താത്കാലിക ജയിലാക്കി മാറ്റാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശം ദൽഹി സർക്കാർ തള്ളിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കേന്ദ്രത്തിന്റെ പ്രതിരോധത്തിന് മുന്നിൽ മുട്ടുകുത്താൻ തയ്യാറല്ലെന്ന് കർഷക സംഘടനകൾ അറിയിച്ചിട്ടുണ്ട്.

Content Highlight: Farmers’ Delhi Chalo March: Modified Tractors For Stay To Stocked Ration For 6 Months