ന്യൂദല്‍ഹി: പഞ്ചാബ് ഹരിയാന അതിര്‍ത്തിയില്‍ തുടരുന്ന കര്‍ഷക പ്രതിഷേധത്തിനിടെ കര്‍ഷകരും കേന്ദ്രവും തമ്മിലുള്ള നാലാംഘട്ട ചര്‍ച്ച ഇന്ന് നടക്കും. ചണ്ഡീഗഡില്‍ വൈകുന്നേരം ആറ് മണിക്കാണ് ചര്‍ച്ച.
കര്‍ഷക നേതാക്കൾക്കൊപ്പം കേന്ദ്ര മന്ത്രിമാരായ അര്‍ജുന്‍ മുണ്ട, പിയൂഷ് ഗോയല്‍, നിത്യാനന്ദ് റായ് എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. മുമ്പ് നടന്ന മൂന്ന് ചര്‍ച്ചകള്‍ പരാജയപ്പെട്ടതിന് പിന്നാലെയാണ് നാലാം വട്ട ചര്‍ച്ചക്കായി കര്‍ഷകര്‍ ഒരുങ്ങുന്നത്.
വിളകള്‍ക്ക് മിനിമം താങ്ങുവില നിയമപരമായി ഉറപ്പ് നല്‍കുന്നതിന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് കര്‍ഷക നേതാക്കള്‍ ആവശ്യപ്പെട്ടു. ഞായറാഴ്ച നടക്കുന്ന യോഗത്തിന് ശേഷം ശുഭ വാര്‍ത്ത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കര്‍ഷക നേതാവ് സര്‍വാന്‍ സിങ് പന്ദര്‍ പ്രതികരിച്ചു.
ഉത്തര്‍പ്രദേശ്, ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ബുധനാഴ്ച പ്രതിഷേധ സമരം നടത്തുമെന്ന് ഭാരതീയ കിസാന്‍ യൂനിയന്‍ നേതാവ് രാകേഷ് ടികായത്ത് അറിയിച്ചു. എന്നാല്‍ ദല്‍ഹി ചലോ മാര്‍ച്ചില്‍ പങ്കെടുക്കില്ലെന്ന് സംഘടന നേരത്തെ അറിയിച്ചിരുന്നു.
അതേസമയം കര്‍ഷക പ്രക്ഷോഭത്തെ തുടര്‍ന്ന് ഏർപ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് ഫെബ്രുവരി 19 വരെ നീട്ടിയതായി ഹരിയാനസര്‍ക്കാര്‍ അറിയിച്ചു. സംസ്ഥാനത്തെ ക്രമസമാധാന നില വിലയിരുത്തിയതിന് ശേഷം അംബാല, കുരുക്ഷേത്ര, കൈതാല്‍, ജിന്ദ്, ഹിസാര്‍, ഫത്തേഹാബാദ് ജില്ലകളിലെ സ്ഥിതി അതീവ ഗുരുതരമാണെന്നാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട്.
എം.എസ്.പി നിയമത്തിന് പുറമേ കര്‍ഷക വായ്പകള്‍ എഴുതി തള്ളുക, കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുക, 2021ല്‍ കര്‍ഷക സമരങ്ങളില്‍ പങ്കെടുത്തവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുക തുടങ്ങിയവയാണ് കര്‍ഷകരുടെ പ്രധാന ആവശ്യങ്ങള്‍.
കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ദല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച് ശംഭു അതിര്‍ത്തിയില്‍ വെച്ച് പൊലീസ് തടഞ്ഞതിന് പിന്നാലെ വ്യാപക അക്രമണങ്ങളാണ് നടന്നത്. അതിര്‍ത്തിയില്‍ കോണ്‍ക്രീറ്റ് ഭിത്തികളും മുള്‍ വേലികളുമുള്‍പ്പടെയുള്ളവ സ്ഥാപിച്ചാണ് പ്രതിഷേധ സംഘത്തെ പൊലീസ് തടഞ്ഞത്.
Contant Highlight: Farmers’ Crucial Meet With Centre Today