മുസഫര്‍ നഗര്‍: ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷക സംഘടനകള്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറിലെ സോറം ഗ്രാമത്തില്‍ ഖാപ് മഹാപഞ്ചായത്ത് നടത്തി. നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലാണ് കര്‍ഷകര്‍ പ്രതിഷേധം ആരംഭിച്ചത്.
ഖാപ് മഹാപഞ്ചായത്ത് വേദിയില്‍ വെച്ച് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ ആരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങിന്റെ കോലം കത്തിച്ചു. അഞ്ച് ദിവസത്തിനകം ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്തില്ലെങ്കില്‍ ഗുസ്തി താരങ്ങള്‍ സമരവുമായി മുന്നോട്ട് പോകും. ഗുസ്തി താരങ്ങള്‍ എന്ത് തീരുമാനമെടുത്താലും അവര്‍ക്കൊപ്പം നില്‍ക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ബ്രിജ് ഭൂഷണെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് ഗുസ്തി താരങ്ങള്‍ മെഡലുകള്‍ ഗംഗയിലെറിയാന്‍ എത്തിയപ്പോള്‍ അവരെ പിന്തുണച്ചത് നരേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലുള്ള കര്‍ഷക നേതാക്കളായിരുന്നു.
അതേസമയം, കൂടുതല്‍ പ്രദേശങ്ങളില്‍ ഖാപ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് നരേഷ് ടിക്കായത്ത് പറഞ്ഞു. നാളെ കുരുക്ഷേത്രയിലും ജൂണ്‍ നാലിന് സോനിപത്തിലും ഖാപ് മഹാപഞ്ചായത്ത് സംഘടിപ്പിക്കുമെന്ന് നരേഷ് പറഞ്ഞു.
ഉത്തര്‍ പ്രദേശ്, യു.പി, ഹരിയാന, രാജസ്ഥാന്‍ എന്നിവിടങ്ങളിലെ എല്ലാ ഖാപ് മേധാവികളെയും മുസഫര്‍ നഗറിലേക്ക് വിളിച്ചിട്ടുണ്ട്. മഹാ ഖാപ് പഞ്ചായത്ത് വിജയിപ്പിക്കുന്നതിനായി ഖാപ് മേധാവികള്‍ പടിഞ്ഞാറന്‍ യുപിയിലെ വിവിധ സ്ഥലങ്ങളില്‍ യോഗങ്ങള്‍ നടത്തുകയും ഭാവി തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുകയും ചെയ്തു.
അതേസമയം, തനിക്കെതിരെ നിരന്തരം ആരോപണം മാറ്റുകയാണ് ഗുസ്തി താരങ്ങളെന്ന് ആരോപണവിധേയനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ് എം.പി പറഞ്ഞു. ആദ്യം ഒന്ന് പറഞ്ഞിരുന്ന ഗുസ്തി താരങ്ങള്‍ ഇപ്പോള്‍ മറ്റൊന്നാണ് പറയുന്നതെന്നും തനിക്കെതിരായ കുറ്റം തെളിഞ്ഞാല്‍ തൂങ്ങിമരിക്കാന്‍ തയ്യാറാണെന്നും ബി.ജെ.പി എം.പി കൂട്ടിച്ചേര്‍ത്തു.
ഗുസ്തി താരങ്ങളുടെ പരാതിയില്‍ പൊലീസ് അന്വേഷണം നടക്കുകയാണെന്നും പക്ഷപാതരഹിതമായ അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും കായിക മന്ത്രി അനുരാഗ് താക്കൂര്‍ പറഞ്ഞു.