അവസാന നിമിഷം കര്‍ഷകരുമായുള്ള ചര്‍ച്ച മാറ്റിവെച്ച് കേന്ദ്രം
farmers protest
അവസാന നിമിഷം കര്‍ഷകരുമായുള്ള ചര്‍ച്ച മാറ്റിവെച്ച് കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 28th December 2020, 5:42 pm

ന്യൂദല്‍ഹി: കര്‍ഷകരുമായി നാളെ നടത്താനിരുന്ന ചര്‍ച്ച മാറ്റിവെച്ച് കേന്ദ്രസര്‍ക്കാര്‍.
ഇനിയൊരു ചര്‍ച്ചയ്ക്ക് തയ്യാറാല്ല എന്ന നിലപാട് സ്വീകരിച്ചിരുന്ന കര്‍ഷകര്‍ കേന്ദ്രത്തിന്റെ തുടര്‍ച്ചയായുള്ള അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ഡിസംബര്‍ 29 ന് ചര്‍ച്ചയ്ക്ക് തയ്യാറായത്.
ഈ ചര്‍ച്ചയാണ് ഡിസംബര്‍ 30 ലേക്ക് മാറ്റിയിരിക്കുന്നത്.

ഡിസംബര്‍ 29 ന് (ചൊവ്വാഴ്ച) നടത്താനിരുന്ന ചര്‍ച്ചയ്ക്ക് പകരം ഡിസംബര്‍ 30 ന് ചര്‍ച്ച നടത്താന്‍ സമ്മതിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് കൃഷി മന്ത്രാലയം കര്‍ഷക യൂണിയനുകള്‍ക്ക് കത്ത് നല്‍കി. മറ്റന്നാള്‍ 2 മണിക്കാണ് സര്‍ക്കാര്‍ ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്.

ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും തങ്ങളുടെ മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. മൂന്ന് നിയമങ്ങളും പിന്‍വലിക്കണമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ഡിസംബര്‍ എട്ടിനായിരുന്നു കേന്ദ്രസര്‍ക്കാരുമായി കര്‍ഷകര്‍ അവസാനമായി ചര്‍ച്ച നടത്തിയിരുന്നത്. നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രം അറിയിച്ചതോടെ നേരത്തെ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഭേദഗതികളെപ്പറ്റി ആലോചിക്കാമെന്നും താങ്ങുവിലയില്‍ ചില ഉറപ്പുകള്‍ നല്‍കാമെന്നുമായിരുന്നു കേന്ദ്രം ആവര്‍ത്തിച്ചിരുന്നത്. തുടര്‍ന്ന് ചര്‍ച്ചകള്‍ അവസാനിക്കുകയായിരുന്നു.

നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ലെങ്കിലും കേന്ദ്രം പലതവണ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഇപ്പോള്‍ കര്‍ഷകര്‍ വീണ്ടും ചര്‍ച്ചക്ക് തയ്യാറായിരിക്കുന്നത്. ഈ ചര്‍ച്ച പരാജയപ്പെട്ടാല്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിട്ടുണ്ട്. പഞ്ചാബില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ ദല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

 

 

 

Content Highlights: Farmers-central Government discussion Postponed