ന്യൂദല്‍ഹി: കര്‍ഷക സമരം 53 ദിവസം കടക്കുമ്പോഴും കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് വ്യക്തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്രസിംഗ് തോമര്‍. നിയമങ്ങള്‍ പിന്‍വലിക്കുന്നതൊഴിച്ച് കര്‍ഷകര്‍ എന്ത് ആവശ്യപ്പെട്ടാലും നടപ്പിലാക്കാമെന്ന് അദ്ദേഹം പറഞ്ഞു.
‘ജനുവരി 19 ന് നടക്കുന്ന പത്താം വട്ട ചര്‍ച്ചയില്‍ കര്‍ഷക നിയമത്തിലെ വ്യവസ്ഥകളെപ്പറ്റി ചര്‍ച്ച നടത്താന്‍ തയ്യാറാണ്. ഭൂരിപക്ഷം കര്‍ഷകരും വിദഗ്ധരും നിയമത്തെ അനുകൂലിക്കുന്നു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിയമം തല്‍ക്കാലത്തേക്ക് നടപ്പാക്കില്ല. എന്നാല്‍ നിയമങ്ങള്‍ പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ കഴിയില്ല’, തോമര്‍ പറഞ്ഞു.
അതേസമയം രാജ്യതലസ്ഥാനത്ത് കര്‍ഷകപ്രക്ഷോഭം ശക്തമാകുന്നതിനിടെ കര്‍ണ്ണാടകയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് നേരെ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയടക്കമുള്ള നേതാക്കള്‍ ഷായോടൊപ്പം ഉണ്ടായിരുന്നു.
പ്രതിഷേധം നടത്തിയ കര്‍ഷകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങളും പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഘര്‍ഷം.
അതേസമയം രാജ്യത്തെ കര്‍ഷക പ്രക്ഷോഭം 53-ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ ഒന്‍പതാം വട്ട ചര്‍ച്ചയും പരാജയമായിരുന്നു. നിയമം പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നാണ് കര്‍ഷകര്‍ അറിയിച്ചിരിക്കുന്നത്.
നിലവില്‍ മൂന്ന് നിയമങ്ങളും സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഒരു വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ആ സമിതി കര്‍ഷകരുടെ നിലപാടുകള്‍ കേള്‍ക്കുമെന്നും അതിന് ശേഷം എന്തുവേണമെന്ന് തീരുമാനിക്കുമെന്നും അതുവരെ നിയമം നടപ്പാക്കരുതെന്നുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.
കേന്ദ്രത്തിനോടും കര്‍ഷകരോടും സംസാരിക്കാന്‍ നാലംഗ സമിതിയാണ് രൂപീകരിച്ചത്. ഈ സമിതിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നത്. അതേസമയം, കര്‍ഷകരുമായി പത്താംവട്ട ചര്‍ച്ച ജനുവരി 19 ന് നടത്താനാണ് സര്‍ക്കാരിന്റെ നിലവിലെ തീരുമാനം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക