അമൃത്‌സർ: പഞ്ചാബിൽ ആം ആദ്മി മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വസതികളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി കർഷകർ. ശംഭു, ഖനൗരി അതിർത്തികളിൽ നിന്ന് പ്രതിഷേധിക്കുന്ന കർഷകരെ ഒഴിപ്പിച്ച പൊലീസ് നടപടിക്കെതിരെ പ്രതിഷേധിച്ചായിരുന്നു കർഷകർ ആം ആദ്മി മന്ത്രിമാരുടെയും എം.എൽ.എമാരുടെയും വസതികൾക്ക് പുറത്ത് പ്രതിഷേധ പ്രകടനം നടത്തിയത്.
സംയുക്ത കിസാൻ മോർച്ച , കിസാൻ മസ്ദൂർ മോർച്ച എന്നീ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള കേന്ദ്ര പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ചണ്ഡീഗഡിൽ നിന്ന് മടങ്ങുകയായിരുന്ന നിരവധി കർഷക നേതാക്കളെ മാർച്ച് 19ന് പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സർക്കാരിന്റെ ഈ നയത്തെ അപലപിച്ചാണ് കർഷകർ ആം ആദ്മി നേതാക്കളുടെ വസതിക്ക് മുന്നിൽ പ്രകടനം നടത്തിയത്.
17 ജില്ലകളിലായി ഏഴ് മന്ത്രിമാരുടെയും 21 എം.എൽ.എമാരുടെയും വീടുകൾക്ക് പുറത്താണ് പ്രതിഷേധം നടന്നതെന്ന് കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി സംസ്ഥാന പ്രസിഡന്റ് സത്നം സിങ് പന്നു തിങ്കളാഴ്ച പറഞ്ഞു.
കർഷകരുടെ ആവശ്യങ്ങൾ, പ്രത്യേകിച്ച് എം.എസ്.പി ഗ്യാരണ്ടിയെക്കുറിച്ച് സംസാരിക്കുന്നതിനായിരുന്നു ചർച്ച നടത്തിയത്. ചർച്ചക്ക് പോയ കർഷകർ മൊഹാലിയിലേക്ക് പ്രവേശിച്ചപ്പോൾ, പൊലീസ് അവിടെ ബാരിക്കേഡുകൾ വെക്കുകയും കർഷക നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്യുകയായിരുന്നു.
പിന്നാലെ ശംഭു, ഖനൗരി അതിർത്തിയിലെ കർഷകരെ പൊലീസ് ഒഴിപ്പിക്കുകയും താത്ക്കാലിക ടെന്റുകൾ പൊളിച്ചുമാറ്റുകയും ചെയ്തു. ശംഭു-അംബാല, സംഗ്രൂർ-ജിന്ദ് ഹൈവേകളിൽ വാഹന ഗതാഗതം പുനരാരംഭിക്കുകയും ചെയ്തു.
ശംഭു, ഖനൗരി അതിർത്തിയിലെ പ്രതിഷേധക്കാരെ ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരുമായി ഒത്തുകളിച്ച് ഒഴിപ്പിച്ചതായി ആരോപിച്ച് കർഷക നേതാക്കൾ ഭഗവന്ത് മാൻ സർക്കാരിനെതിരെ ആഞ്ഞടിച്ചു.
പൊലീസ് ടെന്റുകൾ പൊളിച്ചുമാറ്റിയതിന് പിന്നാലെ പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് ട്രാക്ടർ-ട്രോളികളും മറ്റ് വസ്തുക്കളും മോഷ്ടിക്കപ്പെട്ടു. ഇതിന് നഷ്ടപരിഹാരം നൽകണമെന്ന് കെ.എം.എം നേതാവ് സർവാൻ സിങ് പാന്ദർ പറഞ്ഞു. പ്രതിഷേധ സ്ഥലങ്ങളിൽ നിന്ന് തങ്ങളുടെ വസ്തുക്കൾ മോഷ്ടിച്ചവർക്കെതിരെ നടപടിയെടുക്കണമെന്ന് അവർ ആവശ്യപ്പെട്ടു.
മോഗയിലെ ധരംകോട്ടിൽ, ആം ആദ്മി എം.എൽ.എ ദേവീന്ദർജിത് സിങ് ലഡ്ഡി ദോസിന്റെ വസതിക്ക് പുറത്ത് ഇരുന്ന പ്രതിഷേധക്കാരായ കർഷകർ, നിയമസഭാംഗത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥൻ പ്രതിഷേധ സ്ഥലത്ത് നിന്ന് തങ്ങളുടെ വാഹനം കൊണ്ടുപോയതായി ആരോപിച്ചു. ധരംകോട്ട് എം.എൽ.എയുടെ സുരക്ഷാ ജീവനക്കാരൻ തങ്ങളുടെ മൈക്രോഫോണും തട്ടിയെടുത്തതായും അവർ ആരോപിച്ചു.
പൊലീസ് നടപടിയെ അപലപിച്ച ഭാരതീയ കിസാൻ യൂണിയൻ സംസ്ഥാന പ്രസിഡന്റ് മഞ്ജിത് സിങ് റായ്, കേന്ദ്ര സർക്കാരിന്റെ നിർദേശപ്രകാരമാണ് ഇത് നടപ്പിലാക്കിയതെന്ന് ആരോപിച്ചു. കർഷകരുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ പഞ്ചാബ് സർക്കാർ പരാജയപ്പെട്ടുവെന്ന് ആരോപിച്ച് അദ്ദേഹം സർക്കാരിനെ വിമർശിക്കുകയും ചെയ്തു.
Content Highlight: Farmers bring the protest to residences of AAP ministers, MLAs