| Tuesday, 24th October 2023, 9:45 pm

കർണാടകയിൽ വൈദ്യുതി മുടക്കം ജലസേചനത്തെ ബാധിക്കുന്നു; സബ്സ്റ്റേഷനിൽ മുതലയെ തുറന്നുവിട്ട് കർഷകർ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: വൈദ്യുതി വിതരണ കമ്പനിയിൽ ജീവനുള്ള മുതലയെ കൊണ്ടുവന്ന് കർണാടകയിൽ പവർകട്ടിനെതിരെ കർഷകരുടെ പ്രതിഷേധം.

വിജയപുര ജില്ലയിലെ ഹബ്‌ലി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡ് (ഹെസ്കോം) സ്ഥാപനത്തിലാണ് കർഷകർ പ്രതിഷേധിച്ചത്. ഒക്ടോബർ 20ന് നടന്ന പ്രതിഷേധത്തിന്റെ വീഡിയോ. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്.

ട്രാക്ടറിൽ കെട്ടിയ മുതലയെ വലിച്ചുകൊണ്ടുവന്ന കർഷകർ സബ് സ്റ്റേഷനിൽ വച്ച് തുറന്ന് വിടുകയായിരുന്നു. വയലുകളിൽ കൃത്യമായ ജലസേചനം ഉറപ്പുവരുത്താൻ സ്ഥിരമായ ത്രീ ഫേസ് വൈദ്യുതി വിതരണം നടപ്പിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൈദ്യുതി വിതരണത്തിൽ അപാകതകൾ ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ഒരാഴ്ചയായി കർഷക സംഘടനകളും പ്രതിപക്ഷ പാർട്ടികളും സർക്കാരിനെതിരെ പ്രതിഷേധിക്കുകയാണ്.

സംസ്ഥാന രൂക്ഷമായ വരൾച്ച നേരിടുന്നതിനാൽ ജലനിരപ്പ് താഴ്ന്നതാണ് വൈദ്യുതി ഉത്പാദനത്തിൽ വലിയ രീതിയിൽ കുറവ് സംഭവിക്കാൻ കാരണമായതെന്ന് സർക്കാർ പറയുന്നു. ഇതോടൊപ്പം വൈദ്യുതി ഉപയോഗവും വർധിക്കുകയാണ്.

2022 ഓഗസ്റ്റിൽ 11,268 മെഗാവാട്ട് വൈദ്യുതി ആവശ്യം വന്നിടത്ത് ഈ വർഷം ആഗസ്റ്റ് 25ന് 16,950 മെഗാവാട്ടാണ് സംസ്ഥാനത്ത് ആവശ്യമായി വന്നതെന്ന് വൈദ്യുതി മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. കാലവർഷത്തിന്റെ അഭാവം മൂലം കർഷകർ ജലസേചനത്തിനായി പമ്പ് സെറ്റുകളെ ആശ്രയിക്കുന്നത് വലിയ രീതിയിലുള്ള വൈദ്യുതി ഉപഭോഗത്തിന് കാരണമായെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Farmers bring crocodile to protest against power cuts in Karnataka

We use cookies to give you the best possible experience. Learn more