| Tuesday, 12th June 2018, 5:01 pm

ചെക്ക്‌പോസ്റ്റുകള്‍ അടച്ചുപൂട്ടിയതോടെ അതിര്‍ത്തി കടന്നെത്തുന്നത് നിരോധിത കീടനീശിനികള്‍

ജദീര്‍ നന്തി

രാജകുമാരി: വില്‍പ്പന നികുതി ചെക്ക്‌പോസ്റ്റുകള്‍ അടച്ചു പൂട്ടിയതോടെ തമിഴ്‌നാട്ടില്‍ നിന്ന് വന്‍ തോതില്‍ നിരോധിത കീടനാശിനികള്‍ കേരളത്തിലേക്കെത്തുന്നു. ചരക്ക് സേവന നികുതി (ജി.എസ്.ടി) വന്നതോടെ ചെക്ക്‌പോസ്റ്റുകള്‍ അടച്ച് പൂട്ടിയതോടെയാണ് പരിശോധനകള്‍ക്ക് വിധേയമാവാതെ നിരോധിത കീടനാശിനികള്‍ കേരളത്തിലെ തോട്ടം മേഖലകളിലേക്ക് എത്തുന്നത്.

മഞ്ഞ, ചുവപ്പ് ലേബലുകളിലുള്ള കേരളത്തില്‍ നിരോധിച്ച തരത്തിലുള്ള അതിതീവ്ര വിഷവസ്തുക്കളാണ് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ സംസ്ഥാനത്തേക്ക് നിര്‍ബാധം ഒഴുകുന്നത്. കാന്‍സര്‍ ഉള്‍പ്പടെയുള്ള ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുണ്ടാക്കാന്‍ സാധ്യതയുള്ള രാസകൂടനാശിനികളാണ് ഇവ. എന്‍ഡോസള്‍ഫാന്‍ സമരങ്ങളെ തുടര്‍ന്ന് കേരളത്തില്‍ നിരോധിച്ച പല മാരക കീടനാശിനികളും, പക്ഷേ തമിഴ്‌നാട്ടിലും ആന്ധ്രയിലും ഇപ്പോഴും നിയമ വിധേയമാണ്. ഇവയാണ് അതിര്‍ത്തി കടന്ന് കേരളത്തിലേക്കെത്തുന്നത്.

രാസ കീടനാശിനികള്‍ക്കൊപ്പം ഫോറേറ്റ് പോലുള്ള നിരോധിത രാസ വളങ്ങളും ഇത്തരത്തില്‍ കേരളത്തിലേക്ക് കടത്തപ്പെടുന്നുണ്ട്. തമിഴ്‌നാട്ടില്‍ ചെറിയ വിലയ്ക്ക് ഇവ കിട്ടുമെന്നതാണ് കേരളത്തില്‍ നിന്നുള്ളവര്‍ വ്യാപകമായി ഇത് വാങ്ങാന്‍ കാരണം. വിളകള്‍ക്ക് ഇവ കൂടുതല്‍ ഫലപ്രദമാണെന്ന് കരുതുന്നതും ഇതിന് ഇത്തരം മാരക കീടന നാശിനി ഉപയോഗിക്കാന്‍ കര്‍ഷകരെ പ്രേരിപ്പിക്കുന്നു.

Photo: The Hindu

ചെറുകിട കര്‍ഷകര്‍ മാത്രമല്ല, വന്‍കിട തോട്ടങ്ങളില്‍ പോലും ഇത്തരത്തില്‍ നിരോധിക്കപ്പെട്ട കീടനാശിനികളും രാസ വളങ്ങളും ധാരാളമായി ഉപയോഗിക്കപ്പെടുന്നുണ്ടെന്നാണ് കൃഷി വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്. തമിഴ്‌നാട്ടിലെ കമ്പവും ബോഡിനായ്ക്കന്നൂരുമാണ് ഇത്തരം മാരക കീടനാശിനികളുടെ പ്രധാന കമ്പോളം. ഇവിടെ നിന്നാണ് ജീപ്പുകളിലും ടാക്‌സി വാനുകളിലുമായി സാധനം കേരളത്തിലേക്കെത്തിക്കുന്നത്. കര്‍ഷകര്‍ നേരിട്ട് പോയി വാങ്ങുന്നതിന് പുറമേ കീടനാശിനികളും വളങ്ങളും ആവശ്യക്കാര്‍ക്ക് എത്തിച്ച് നല്‍കാന്‍ ഇടനിലക്കാരുമുണ്ട്.

എന്‍ഡോസള്‍ഫാന്‍, മോണോകോട്ടോഫ്‌സ്, ട്രയാസോഫസ്, പ്രൊഫനോഫോസ്, ഓക്‌സിതയോക്വിനോക്‌സ്, എഡിഫെന്‍തോസ്, അനിലോഫോസ്, ഡെവിസോള്‍, ഡിനോക്യാപ് എന്നീ മഞ്ഞ ലേബലില്‍ പെട്ട നിരോധിത കീടനാശിനികളും പച്ച ലേബലുള്ള കുമിള്‍ നാശിനിയുമാണ് കേരളത്തിലേക്കെത്തുന്നത്. ഇവയ്ക്ക് തമിഴ് നാട്ടില്‍ നിരോധനമില്ല.


Read | ഭൂമിക്കും വീടിനും വേണ്ടി സമരം ചെയ്തു: അധികൃതര്‍ നടപടിയെടുത്തില്ല; യുവാവ് ആത്മഹത്യ ചെയ്തു


വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും കര്‍ശന നടപടികള്‍ സ്വീകരിച്ച് വരുന്നുണ്ടെന്നും ഇടുക്കി കൃഷി ഓഫിസര്‍ രാധ ഡൂള്‍ന്യൂസിനോട് പറഞ്ഞു. “നിരോധിച്ച വീര്യം കൂടിയ കീടനാശിനികളാണ് ഫലപ്രദമെന്നാണ് കര്‍ഷകര്‍ വിശ്വസിക്കുന്നത്. തമിഴ്‌നാട്ടില്‍ ഇതിന് നിരോധനമില്ലാത്തതിനാല്‍ അവിടെ നിന്ന് കൊണ്ടു വരുന്നു. ഞങ്ങള്‍ നടപടികള്‍ സ്വീകരിച്ച് വരികയാണ്. അതിര്‍ത്തിയില്‍ മിന്നല്‍ പരിശോധന ഉള്‍പ്പടെ നടത്തുന്നുണ്ട്. കടത്തിക്കൊണ്ടു വരുന്ന കീടനാശിനികള്‍ പൊലീസ് സഹായത്തോടെ പിടിച്ചെടുക്കുകയും ചെയ്യുന്നുണ്ട്.” – രാധ പറഞ്ഞു. കേരളത്തില്‍ അനുവദിച്ച കീടനാശിനികള്‍ ഫലപ്രദവും അപകടം കുറഞ്ഞതുമാണെന്നും കൂടാതെ ധാരാളം ജൈവ കീടനാശിനികള്‍ കേരളത്തില്‍ വ്യാപകമാകുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

വിളകളുടെ ഉപഭോക്താക്കളേക്കാള്‍ ഇത്തരം കീടനാശിനികളുടെ ഇരകളാവുന്നത് തോട്ടം മേഖലയിലെ തൊഴിലാളികളാണ്. യാതൊരു സുരക്ഷാ മുന്‍കരുതലുമില്ലാതെയാണ് തൊഴിലാളികള്‍ കൃഷിയിടങ്ങളില്‍ ഇത്തരം അപകടകരമായ കീടനാശിനികള്‍ പ്രയോഗിക്കുന്നത്. താരതമ്യേന മാരകമല്ലാത്ത പച്ച, നീല ലേബലുകളുള്ള കീടനാശിനികള്‍ തളിക്കുന്നതിന് പോലും കൃഷി വകുപ്പും ആരോഗ്യ വകുപ്പും കര്‍ശന മാനദണ്ഡങ്ങള്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെങ്കിലും തൊഴിലുടമകള്‍ അതൊന്നും പാലിക്കാറില്ല.

കീടനാശിനികളും രാസവളങ്ങളും കൈകാര്യം ചെയ്യുന്ന തൊഴിലാളികള്‍ മുഖം മറയ്ക്കുന്ന തരം മാസ്‌കുകള്‍ ധരിക്കണമെന്നും കയ്യുറകള്‍ ഉപയോഗിക്കണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം.

ഇത്തരം കീടനാശിനി പ്രയോഗത്തിലൂടെ തോട്ടങ്ങള്‍ക്ക് സമീപത്തുള്ള ജലാശയങ്ങളും മലിനമാവുന്നതും ഗുരുതരമായ പ്രശ്‌നമാണ്. ജല സ്രോതസുകളില്‍ കീടനാശിനി കലരുന്നത് മാരക രോഗങ്ങള്‍ക്ക് കാരണമാവുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചെറിയ കണികകളായി സ്‌പ്രേ ചെയ്യുന്ന കീടനാശിനികള്‍ അന്തരീക്ഷത്തില്‍ കലര്‍ന്ന് പ്രദേശത്തെ വായുവും വെള്ളവും മലിനമാക്കുന്നു. വിളകളില്‍ തളിക്കുന്ന കീടനാശിനി ആഹാരത്തിലൂടെ ഉപഭോക്താക്കാളുടെ ആരോഗ്യത്തിനും ദീര്‍ഘകാലത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കും.

ജദീര്‍ നന്തി

We use cookies to give you the best possible experience. Learn more