| Wednesday, 20th February 2019, 3:02 pm

ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാനായി പുറപ്പെട്ട 200ലേറെ കര്‍ഷകര്‍ കസ്റ്റഡിയില്‍: കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താനുള്ള നീക്കമെന്ന് കിസാന്‍ സഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൂനെ: മോദി സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ അഖിലേന്ത്യ കിസാന്‍ സഭ സംഘടിപ്പിക്കുന്ന കര്‍ഷകരുടെ ലോങ് മാര്‍ച്ചില്‍ പങ്കെടുക്കാനായി പുറപ്പെട്ട 200ലേറെ കര്‍ഷകരെ കസ്റ്റഡിയിലെടുത്തു. ധുലെയില്‍ നിന്നും നാസിക്കിലേക്ക് പോകുകയായിരുന്ന കര്‍ഷകരെയാണ് ധുലെ ജില്ലാ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഫെബ്രുവരി 15ന് കര്‍ഷകരുടെ യോഗം സംഘടിപ്പിച്ചതിന്റെ പേരില്‍ കിസാന്‍ സഭാ നേതാക്കളായ മഹാരാഷ്ട്ര ജനറല്‍ സെക്രട്ടറി അജിത് നാവല്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്തിരുന്നു. പൊലീസിന്റെയും കലക്ടറുടെയും അനുമതി പ്രകാരമാണ് അഹമ്മദ്‌നഗറില്‍ കര്‍ഷകരുടെ യോഗം സംഘടിപ്പിച്ചത്. ലോങ് മാര്‍ച്ചിനെ അടിച്ചമര്‍ത്താനുളള സര്‍ക്കാര്‍ നീക്കത്തിന്റെ ഭാഗമാണിതെന്നാണ് കിസാന്‍ സഭാ നേതാക്കള്‍ ആരോപിക്കുന്നത്.

Also read:നിയമവിരുദ്ധ “കരിയറു”മായി ഒരു വിവാദ പ്രൊഫസര്‍; അര്‍ഹതയില്ലാത്ത പി.എച്ച്.ഡി ഗൈഡ്ഷിപ്പ് നല്‍കി കേരള യൂണിവേഴിസിറ്റി

നാലില്‍ കൂടുതല്‍ പേര്‍ ഒത്തുകൂടുന്നത് നിരോധിച്ചുകൊണ്ടുള്ള കലക്ടറുടെ ഉത്തരവ് ലംഘിച്ചതിന്റെ പേരിലാണ് 200ലേറെ കര്‍ഷകരെ കസ്റ്റഡിയിലെടുത്തതെന്നാണ് ധുലെയിലെ സാക്രി പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ ദേവിദാസ് ധുമാനെ പറയുന്നത്.

നാസിക് മുതല്‍ മുംബൈ വരെയുള്ള കിസാന്‍ സഭയുടെ രണ്ടാം ലോങ് മാര്‍ച്ച് ഫെബ്രുവരി 20നാണ് ആരംഭിക്കുന്നത്.

എട്ടു ദിവസം കൊണ്ട് 165 കിലോമീറ്റര്‍ കാല്‍നടയായി പിന്നിട്ടാണ് മാര്‍ച്ച് അവസാനിക്കുക. ഒരു ലക്ഷം കര്‍ഷകര്‍ മാര്‍ച്ചില്‍ അണിനിരക്കുമെന്ന് കിസാന്‍ സഭ അവകാശപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സംഘടിപ്പിച്ച ലോങ് മാര്‍ച്ചില്‍ വാഗ്ദാനം ചെയ്ത ഉറപ്പുകള്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തുന്നത്.

കര്‍ഷകരും ആദിവാസികളുമായി ഒരു ലക്ഷത്തോളം കര്‍ഷകരാണ് കഴിഞ്ഞ തവണ ഇതേ പാതയില്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തത്. കാര്‍ഷിക കടം എഴുതിത്തള്ളല്‍, കാര്‍ഷിക ഉത്പ്പന്നങ്ങള്‍ക്ക് തറവില, കാര്‍ഷിക പെന്‍ഷനും കൃഷിക്കാവശ്യമായ വെള്ളവും ലഭ്യമാക്കല്‍ തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തുകയെന്ന് കിസാന്‍ സഭ അധ്യക്ഷന്‍ അശോക് ധാവ്ളെ, ജെ.പി ഗവിത്, കിസാന്‍ ഗുജര്‍, അര്‍ജുന്‍ ആദെ, അജിത് നവാലെ എന്നിവര്‍ ഒപ്പിട്ട പ്രസ്താവനയില്‍ പറയുന്നു.

കാര്‍ഷിക ഭൂമി വന്‍തോതില്‍ ഏറ്റെടുക്കേണ്ടി വരുന്ന മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഉപേക്ഷിക്കണം എന്ന ആവശ്യവും കര്‍ഷകര്‍ മുന്നോട്ട് വെക്കും. ദല്‍ഹിയില്‍ 208 കര്‍ഷക സംഘടനകള്‍ സംയുക്തമായി നടത്തിയ മാര്‍ച്ചിന്റെ വിജയത്തിന് പിന്നാലെയാണ് നാസിക്-മുംബൈ കര്‍ഷക മാര്‍ച്ച് പ്രഖ്യാപനം.

കേന്ദ്ര സര്‍ക്കാരിന്റെ ഇടക്കാല ബജറ്റ് കര്‍ഷക പ്രതീക്ഷകള്‍ സാധൂകരിക്കുന്നതല്ല എന്നാണ് കിസാന്‍ സഭയുടെ വിലയിരുത്തല്‍.

We use cookies to give you the best possible experience. Learn more