| Tuesday, 29th September 2020, 5:53 pm

ഒക്ടോബര്‍ രണ്ട് മുതല്‍ രാജ്യവ്യാപക പ്രതിഷേധം; കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ പ്രക്ഷോഭം ശക്തമാക്കാന്‍ കര്‍ഷകര്‍. ഒക്ടോബര്‍ രണ്ട് മുതല്‍ രാജ്യവ്യാപകമായി പ്രതിഷേധം ആരംഭിക്കാന്‍ ചൊവ്വാഴ്ച ചേര്‍ന്ന ആള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.

സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് നിയമങ്ങളും ഉടനടി പിന്‍വലിക്കണമെന്ന് എ.ഐ.കെ.എസ്.സി.സി ആവശ്യപ്പെട്ടു.

തിങ്കളാഴ്ച ഇന്ത്യാഗേറ്റിന് സമീപം കര്‍ഷകര്‍ ട്രാക്ടര്‍ കത്തിച്ച് പ്രതിഷേധിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരുടെ പ്രതിഷേധം വിവിധ സംസ്ഥാനങ്ങളില്‍ തുടരുകയാണ്.

പാര്‍ലമെന്റ് പാസാക്കിയ 2 കര്‍ഷക ബില്ലുകള്‍ക്കും അവശ്യവസ്തു നിയമ ഭേദഗതി ബില്ലിനും രാഷ്ട്രപതി രാംനാഥ് കോവിന്ദ് അംഗീകാരം നല്‍കിയിരുന്നു. കര്‍ഷക ഉല്‍പന്ന വ്യാപാര വാണിജ്യ ബില്‍, കര്‍ഷക (ശാക്തീകരണ, സംരക്ഷണ) ബില്‍, അവശ്യവസ്തു ഭേദഗതി ബില്‍ 2020 എന്നിവയാണ് രാഷ്ട്രപതി ഒപ്പു വച്ചത്. ഇവ കര്‍ഷക വിരുദ്ധവും കോര്‍പറേറ്റ് അനുകൂലവുമെന്നാണ് പ്രതിപക്ഷ ആരോപണം.

ബില്ലുകളില്‍ ഒപ്പുവെക്കരുതെന്നും പാര്‍ലമെന്റില്‍ പുനഃപരിശോധനയ്ക്ക് തിരിച്ചയക്കണമെന്നും പ്രതിപക്ഷം അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഇത് പരിഗണനയ്ക്ക് എടുക്കാതെ ബില്ലില്‍ രാഷ്ട്രപതി ഒപ്പുവെക്കുകയായിരുന്നു.

കേന്ദ്രസര്‍ക്കാരിന്റേത് കര്‍ഷക വിരുദ്ധ ബില്ലുകളാണെന്ന് ചൂണ്ടിക്കാട്ടി രാജ്യത്തെ കര്‍ഷകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭാരത് ബന്ദ് നടത്തുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers’ Body Announces All-India Protests From October 2

We use cookies to give you the best possible experience. Learn more