ന്യൂദല്‍ഹി: കാര്‍ഷിക ബില്ലിനെതിരായ പ്രതിഷേധം ലോക്‌സഭയില്‍ തുടരുന്നു. രാഷ്ട്രപതിയെ കാണാന്‍ ശ്രമിച്ചതിന് ദല്‍ഹി പൊലീസ് മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് അംഗങ്ങള്‍ ആരോപിച്ചു.
ഗുണ്ടകളെപ്പോലെയാണ് പൊലീസ് തങ്ങളെ കൈകാര്യം ചെയ്തതെന്നും ക്രൂരമായി മര്‍ദ്ദിച്ചെന്നും പഞ്ചാബില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. ഒരു സുരക്ഷയുമില്ലാത്ത സാഹചര്യമാണ് ദല്‍ഹിയിലെന്നും പ്രതിപക്ഷം പറഞ്ഞു. ഈ വിഷയം സഭയില്‍ ഉന്നയിച്ച് പ്രതിപക്ഷം പ്രതിഷേധിക്കുകയും ബഹളത്തെ തുടര്‍ന്ന് സഭ പിരിയുകയും ചെയ്തു.
കാര്‍ഷിക വിഷയത്തില്‍ തന്നെയാണ് ലോക്‌സഭ ഇന്നും തടസ്സപ്പെട്ടത്. ഇന്നലെ ഉപാധ്യക്ഷനെതിരെ പ്രതിഷേധിച്ച എട്ട് അംഗങ്ങള്‍ക്കെതിരെ സസ്‌പെന്‍ഷന്‍ നടപടി സ്വീകരിച്ചിരുന്നു. എട്ട് അംഗങ്ങളുടെ സസ്പെന്‍ഷന്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യസഭയില്‍ നിന്ന് വാക്ക് ഔട്ട് നടത്തി.
ആം ആദ്മി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, കോണ്‍ഗ്രസ് എന്നിവരാണ് സഭ ബഹിഷ്‌ക്കരിച്ചത്. അതേസമയം നവീന്‍ പട്‌നായിക്കിന്റെ ബിജു ജനതാദളും മായാവതിയുടെ ബഹുജന്‍ സമാജ് വാദി പാര്‍ട്ടിയും പ്രതിപക്ഷ പ്രതിഷേധത്തിന്റെ ഭാഗമായിട്ടില്ല.
സര്‍ക്കാര്‍ നിശ്ചയിച്ച താങ്ങുവിലയ്ക്ക് താഴെ സ്വകാര്യ കമ്പനികള്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന ബില്‍ സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. എം.എസ് സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് എം.എസ്.പി നടപ്പാക്കേണ്ടതെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. സര്‍ക്കാരോ ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോ കര്‍ഷകരില്‍ നിന്ന് നിശ്ചിത വിലയ്ക്ക് വിളകള്‍ വാങ്ങുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക