സമരം ആരംഭിച്ചിട്ട് നാലുമാസം; സമരം കടുപ്പിക്കുമെന്ന താക്കീതുമായി കര്‍ഷകരുടെ ഭാരത് ബന്ദ് ആരംഭിച്ചു
national news
സമരം ആരംഭിച്ചിട്ട് നാലുമാസം; സമരം കടുപ്പിക്കുമെന്ന താക്കീതുമായി കര്‍ഷകരുടെ ഭാരത് ബന്ദ് ആരംഭിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 26th March 2021, 7:39 am

ന്യൂദല്‍ഹി: കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ബന്ദ്. ബന്ദില്‍ റോഡ്-റെയില്‍ ഗതാഗതം സ്തംഭിപ്പിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു.

സമാധാനപരമായി മാത്രമേ ബന്ദ് നടത്താന്‍ പാടുള്ളുവെന്ന് കര്‍ഷക സംഘടനകളുടെ നിര്‍ദേശമുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തുന്ന സമരം നാലുമാസം പൂര്‍ത്തിയാകുകയാണ്.

ഇതുവരെയും കര്‍ഷകര്‍ക്ക് അനുകൂലമായി തീരുമാനം കേന്ദ്രം സ്വീകരിച്ചിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് സംയുക്ത കിസാന്‍ മോര്‍ച്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. കാര്‍ഷിക ബില്ലുകള്‍ക്കെതിരായ സമരം കടുപ്പിക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ബന്ദ്.

രാജ്യത്തെ എല്ലാ പൗരന്മാരും ബന്ദിനോട് സഹകരിക്കണമെന്നും സമരം വിജയിപ്പിക്കണമെന്നും കര്‍ഷക സംഘടനകള്‍ അഭ്യര്‍ഥിച്ചു.

എന്നാല്‍ കടകളും വ്യാപാര സ്ഥാപനങ്ങളും അടച്ചിട്ട് വ്യാപാരികള്‍ പ്രതിഷേധത്തിന് ഒപ്പം അണിചേരുമെന്നും സംഘടനാനേതാക്കള്‍ വ്യക്തമാക്കി.

ഹരിയാണ, പഞ്ചാബ് എന്നിവിടങ്ങളില്‍ ബന്ദ് ജനജീവിതത്തെ ബാധിച്ചേക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കേരളത്തെ ബന്ദില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും വൈകുന്നേരം പ്രതിഷേധം നടത്താന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Farmers Bharat bandh started