റൗളത്ത് ആക്ടിനെതിരായി പെഷവാറില്‍ നടന്ന സംഘട്ടനങ്ങളുടെ പശ്ചാത്തലത്തില്‍ ഗാന്ധിയുടെ വാക്കുകളുടെ അടിസ്ഥാനത്തില്‍ ജനുവരി 26ന് നടന്ന ട്രാക്ടര്‍ റാലിയേയും സംഘര്‍ഷങ്ങളെയും വിശദമാക്കുകയാണ് ലേഖകന്‍
”നിങ്ങള്‍ പെഷവാറിനെ ഉദാഹരണമായി കാണിക്കുന്നു, ഒരുപക്ഷേ ജനങ്ങള്‍ ആലോചിക്കാതെയോ, കെടുതിയുണ്ടാക്കാന്‍ ഉദ്ദേശിക്കുന്നവരുടെ പ്രവൃത്തിയുടെ ഫലമായോ ഏപ്രില്‍ ആറിലെ പ്രതിഷേധത്തില്‍ പങ്കാളികളായിട്ടുണ്ടാകാം. പക്ഷേ ഈ വിഷയത്തില്‍ എന്റെ വായന നിങ്ങളില്‍ നിന്നും വ്യത്യസ്തമാണ്.
റൗളത്ത് നിയമം ഉണ്ടാക്കിയിരുന്നില്ലെങ്കില്‍ പ്രതിഷേധമേ ഉണ്ടാവുകയില്ല. തെറ്റ് സംഭവിച്ചത് ആളുകള്‍ സംഘടിച്ചതിലോ പൗരത്വ പ്രതിഷേധം ഉണ്ടായതിലോ അല്ല, മറിച്ച്, പൊതുജനാഭിപ്രായത്തെ നിഷേധിച്ചുകൊണ്ട് സര്‍ക്കാര്‍ മുന്നോട്ടുപോയതിലാണ്. ഇവിടെ ധാര്‍മ്മികത എവിടെയാണെന്ന് വ്യക്തമല്ലേ? സര്‍ക്കാര്‍ പൊതുജനാഭിപ്രായത്തിന് വഴങ്ങുകയും അവരുടെ നടപടികള്‍ പിന്‍വലിക്കുകയും വേണം”
പ്രതിഷേധക്കാരില്‍ ഒരു വിഭാഗം സ്വയം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ പ്രതിഷേധം തന്നെ ഉപേക്ഷിക്കണമെന്ന് പറയുന്നത് നിഷേധിക്കണമെങ്കില്‍ അനീതിയുടെ എക്കാലെത്തെയും പ്രതിരോധക്കാരനായ ഗാന്ധിയുടെ വ്യക്തത വേണം.
പെഷവാറിലെ ചിലര്‍ അക്രമത്തില്‍ പങ്കാളികളായതുകൊണ്ട് പൗരത്വ പ്രതിഷേധം ഏറ്റെടുക്കാന്‍ പാടില്ലെന്ന ബ്രിട്ടീഷുകാരുടെയും അവരെ പിന്താങ്ങുന്ന ഇന്ത്യക്കാരുടെയും ആരോപണം അദ്ദേഹം നിഷേധിക്കുന്നു. റൗളത്ത് ആക്ട് നടപ്പിലാക്കിയതിനു ശേഷം അതിനെതിരെയുണ്ടായ ജനകീയ പ്രതിഷേധമാണ് മേല്‍പ്പറഞ്ഞ സംഭവങ്ങള്‍ക്ക് ആധാരം. ഗാന്ധി ഇവിടെ പ്രതിഷേധത്തെയോ, ജനങ്ങളെയൊ കുറ്റപ്പെടുത്തുന്നില്ല.
അഹിംസ ഗാന്ധിക്ക് വിലപേശാനാകാത്ത് ആയിരുന്നു. പക്ഷേ അന്യായമായ ഒരു നിയമത്തിനെതിരായി പ്രതിരോധം തീര്‍ക്കുന്നത് തടയാനുള്ള ഒഴിവുകഴിവായിരുന്നില്ല ഒരിക്കലും.
ഗാന്ധിക്ക് അവ്യക്തതയില്ല. ജനകീയ പ്രതിപക്ഷത്തെ കുറച്ചുകണ്ടതിനും, നിയമം പിന്‍വലിക്കുന്നതിന് പകരം അതിനെ നിഷ്‌കരുണം അടിച്ചമര്‍ത്തിയതിന് അദ്ദേഹം സര്‍ക്കാരിനെ കുറ്റക്കാരനായി കാണുന്നു. വിമര്‍ശകരോട് കാര്യങ്ങളുടെ പൂര്‍ണമായ ചിത്രം കാണാന്‍ അദ്ദേഹം ആവശ്യപ്പെടുന്നു.
”വലിയ പ്രകോപനത്തിനിടയിലും പഞ്ചാബിനു പുറത്തും, ഗുജറാത്തിലെ മൂന്ന് കേന്ദ്രങ്ങള്‍ക്കുമപ്പുറത്തുള്ള ഇന്ത്യ ശാന്തത പാലിച്ചു. ഞാന്‍ എന്റെ തെറ്റ് സമ്മതിച്ചിട്ടുണ്ട്. എന്തായിരുന്നു അത്? പ്രകോപനങ്ങളും ദുരിതങ്ങളും സഹിച്ചു നില്‍ക്കാനുള്ള ആളുകളുടെ കഴിവിനെ ഞാന്‍ കുറച്ചുകണ്ടു. ഞാന്‍ സൂചിപ്പിച്ച അറസ്റ്റുകള്‍ വലിയ പ്രകോപനമുണ്ടാക്കിയപ്പോഴും പഞ്ചാബ് ജനതയ്ക്ക് മിണ്ടാതിരിക്കാന്‍ സാധിച്ചു. പക്ഷേ സംഭവിച്ചത് സഹിഷ്ണുതയ്ക്ക് അപ്പുറമായിരുന്നു”
ചില സ്ഥലങ്ങളില്‍ മാത്രമാണെങ്കിലും പ്രക്ഷോഭം വഴി തെറ്റിയത് എന്തുകൊണ്ടാണെന്നും ഗാന്ധി മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ട്.
”എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കുന്നത് സാഹചര്യങ്ങളുടെ സങ്കീര്‍ണതയാണ്. ഇതില്‍ ചിലത് ചെയ്യുന്നയാളുടെ നിയന്ത്രണത്തിലായിരിക്കും, മറ്റു ചിലത് അയാളുടെ നിയന്ത്രണത്തിനും അപ്പുറത്താണ്. അതുകൊണ്ട് തന്നെ ചുറ്റുപാടുമായി നിയന്ത്രണം കൈവരിക്കാന്‍ സാധിക്കുന്നതുവരെ മറ്റുള്ളവയെല്ലാം അവരുടെ നിയന്ത്രണത്തിന് അപ്പുറമാണ്”
1919ലും 1920ലും ഗാന്ധിയെഴുതിയത് വായിക്കുന്നത് റിപ്പബ്ലിക്ക് ദിനത്തില്‍ ദല്‍ഹി കണ്ട ‘ അരാജകത്വത്തിന്റെയും’ മുഖ്യധാര മാധ്യമങ്ങള്‍ എന്തുകൊണ്ട് അത് വിട്ടുകളഞ്ഞുവെന്നും മനസിലാക്കാന്‍ സഹായിക്കും.
ഗാന്ധിയെപ്പോലെ തന്നെ കര്‍ഷക നേതാക്കളും അവര്‍ക്ക് പറ്റിയ തെറ്റ് സമ്മതിക്കുന്നുണ്ട്. പ്രതിഷേധക്കാര്‍ പൊലീസുമായെത്തിയ ധാരണയില്‍ തന്നെ നില്‍ക്കണമെന്ന് അവര്‍ പറയുന്നു.
ട്രാക്ടര്‍ മാര്‍ച്ചിനെ അപലപിക്കാന്‍ വേണ്ടി റെഡ് ഫോര്‍ട്ടില്‍ നടന്ന സംഭവികാസങ്ങള്‍ക്ക് വലിയ പ്രാധാന്യം നല്‍കുകയായിരുന്നു.
ദേശീയ ഐക്കണ്‍ അപഹരിക്കപ്പെട്ടു എന്ന പ്രചരണം പാര്‍ട്ടികളിലും കമന്റേറ്റര്‍മാരിലും ഞെട്ടലുണ്ടാക്കി. അമിതാവേശത്തിലായ ചില ആളുകള്‍ നിഷാന്‍ സാഹിബ് പതാകയുയര്‍ത്തി. പക്ഷേ അവര്‍ ചെങ്കോട്ടയിലെ ദേശീയ പതാക തൊട്ടിട്ടുപോലുമില്ല. ചില ഹിന്ദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് പോലെ ചെങ്കോട്ടയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.
ചെങ്കോട്ടയില്‍ സംഭവിച്ചത് ശരിയായ രീതിയിലായിരുന്നില്ല. ട്രാക്ടര്‍ മാര്‍ച്ചിന്റെ പദ്ധതിയില്‍ ഇല്ലാത്തതായിരുന്നു, അതൊരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. പ്രതിഷേധത്തിന്റെ രൂപമേതാണ് എന്നത് എല്ലാ ഘട്ടത്തിലും നിര്‍ണായകം തന്നെയാണ്. ചിത്രങ്ങള്‍ക്ക് പ്രാധാന്യമുണ്ട് താനും. പക്ഷേ അത് ഇന്ത്യന്‍ ദേശീയതയ്‌ക്കേറ്റ വലിയ അപമാനമായി വ്യാഖ്യാനിക്കാന്‍ സാധിക്കില്ല.
ട്രാക്ടറുകളെ സര്‍വ്വനാശത്തിനുള്ള ആയുധമായാണ് ടൈംസ് ഓഫ് ഇന്ത്യ വ്യാഖ്യാനിച്ചത്. എന്ത് നാശമാണ് ഈ ട്രാക്ടറുകള്‍ ഉണ്ടാക്കിയത്. ഒരു റോഡും നശിച്ചിട്ടില്ല. ദല്‍ഹിയിലെ ഒരു വീടും തകര്‍ത്തിട്ടില്ല. പൊതു മുതല്‍ ഒന്നും നശിപ്പിച്ചിട്ടില്ല. ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ മാത്രമാണ് ട്രാക്ടറുകള്‍ ഉപയോഗിച്ചത്. കര്‍ഷകര്‍ ദല്‍ഹിയില്‍ എത്തുന്നത് തടയാന്‍ സ്ഥാപിച്ചതാണ് ആ ബാരിക്കേഡുകള്‍.
അവര്‍ക്ക് മാര്‍ച്ച് നടത്താന്‍ അനുവദിക്കപ്പെട്ട വഴികളില്‍പോലും ബാരിക്കേഡുകള്‍ സ്ഥാപിച്ചത് കര്‍ഷകരെ രോഷാകുലരാക്കി. പൊലീസിന് കൃത്യമായ ഒരു പ്ലാനില്ലായിരുന്നു എന്നത് വ്യക്തമാണ്. ഇനിയുണ്ടെങ്കില്‍ തന്നെ അത് ആശയക്കുഴപ്പം ഉണ്ടാക്കുക, അതുഴി അരാജകത്വം സൃഷ്ടിക്കുക എന്നതായിരുന്നു. പൊലീസ് സൃഷ്ടിച്ച തടസ്സങ്ങള്‍ മൂലം പ്രകോപിതരായ കര്‍ഷകര്‍ ദില്ലിയിലേക്ക് പോകാന്‍ നിര്‍ബന്ധിതകരായി.
അവര്‍ അക്രമകാരികളായിരുന്നെങ്കില്‍ നിശ്ചയമായും ദല്‍ഹിയിലെ ജനങ്ങളില്‍ നിന്ന് അവര്‍ക്ക് പ്രതിരോധം ഉണ്ടായേനെ. പക്ഷേ അവര്‍ക്ക് കുടിക്കാന്‍ വെള്ളം നല്‍കിയും പൂച്ചെണ്ടുകള്‍ നല്‍കിയുമാണ് ദല്‍ഹിയിലെ ജനങ്ങള്‍ സ്വീകരിച്ചത്. സാധാരണക്കാരായ ജനങ്ങള്‍ റോഡില്‍ വരിനിന്ന് കര്‍ഷകരെ സ്വാഗതം ചെയ്തു. അവിടെ സന്തോഷവും ആവേശവുമുണ്ടായിരുന്നു.
അക്രമം, ഹൈജാക്കിങ്ങ്, ദേശീയ ചിഹ്നങ്ങളെ അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വാക്കുകള്‍ മനസിലാക്കാന്‍ ഞാന്‍ ശ്രമിക്കുകയാണ്. ക്രമസാമാധാനപാലനത്തിന്റെ പേരില്‍ പൊലീസ് നടത്തിയ ക്രൂരമായ അക്രമത്തെ നമ്മള്‍ എങ്ങിനെയാണ് വിമര്‍ശിക്കുക.
പ്രക്ഷോഭകര്‍ അക്രമത്തില്‍ നിന്ന് സ്വയം രക്ഷപ്പെടാന്‍ ശ്രമിച്ചു, അതല്ലാതെ മറ്റെന്തെങ്കിലും വലിയ സംഘട്ടനം അവിടെയുണ്ടായോ? വലിയ പരിക്കുകള്‍ എന്തെങ്കിലും ഉണ്ടായോ? നിയമപാലകരുടെ ഭാഗത്ത് നിന്ന് ആരെങ്കിലും മരണപ്പെട്ടോ? പക്ഷേ പ്രതിഷേധക്കാരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ട്. അവരില്‍ ഒരാള്‍ മരിച്ചു,നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഈ ചോദ്യങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഈ വഴിതെറ്റിയ ഒന്ന് രണ്ട് സംഭവങ്ങള്‍ ഒഴികെ ലക്ഷക്കണക്കിന് പ്രക്ഷോഭകര്‍ സമാധാനപരമായി മാര്‍ച്ച് നടത്തിയത് നാം വിട്ടുകളയുന്നത്? എന്തുകൊണ്ട് മാധ്യമങ്ങള്‍ അത് റിപ്പോര്‍ട്ട് ചെയ്യുന്നില്ല.
ദല്‍ഹിയില്‍ മാത്രമല്ല, ഇന്ത്യയിലുടനീളം കര്‍ഷകര്‍ മാര്‍ച്ച് നടത്തി, അവിടെ എവിടെയും ഒരു അക്രമ സംഭവം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദല്‍ഹിയില്‍ പോലും ആയിരക്കണക്കിന് ട്രാക്ടറുകള്‍ നിര്‍ദിഷ്ട വഴികളിലൂടെ മാര്‍ച്ച് നടത്തി മടങ്ങി. പക്ഷേ ഇതൊന്നും റിപ്പോര്‍ട്ട് ചെയ്യാന്‍ യോഗ്യമല്ലെന്ന് തോന്നുന്നു.
എവിടെയാണ് ആശയക്കുഴപ്പമുണ്ടായതെന്നറിയാന്‍ പക്ഷപാതരഹിതമായൊരു അന്വേഷണം വേണം. ചെങ്കോട്ട സംഭവത്തിന് ഉത്തരവാദികളാണെന്ന ചില ഘടകങ്ങളുടെ അവകാശവാദം ശരിയാണോ? അവസാന നിമിഷം നേതൃത്വത്തിന് നിയന്ത്രണം നഷ്ടപ്പെട്ടോ എന്നെല്ലാം അറിയാന്‍ അന്വേഷണം ആവശ്യമാണ്.
അതെ പ്രക്ഷോഭം ഒരു ഘട്ടത്തില്‍ അരാജകമായി. പക്ഷേ പ്രതിഷേധങ്ങള്‍ നിയമാവലി പിന്തുടരുന്നില്ലല്ലോ? അവ ശാന്തമായ ഇടവുമല്ല, അവ വിപ്ലവകരമായ ആശയങ്ങള്‍ ഉയര്‍ത്തുകയാണ്. നമ്മുടെ സുരക്ഷയെക്കുറിച്ചും സമാധാനത്തെക്കുറിച്ചുമുള്ള മാനദണ്ഡങ്ങള്‍ അവര്‍ ലംഘിക്കുന്നു.
ഇതൊക്കെ പറയുന്നതിന് മുന്‍പ് ജനങ്ങളെ അടിമകളായി കാണുന്നതും, അവരെ ഭീഷണിപ്പെടുത്തുന്നതുമായ പ്രതികരണമില്ലാത്ത അരാജക സര്‍ക്കാരിനെകൊണ്ട് പ്രതിഷേധക്കാരായ കര്‍ഷകരുടെ മനസും ഹൃദയവും മടുത്തുവെന്ന യാഥാര്‍ത്ഥ്യവും മനസിലാക്കേണ്ടതുണ്ട്. നീതിക്കും ആത്മാഭിമാനത്തിനും വേണ്ടിയുള്ള അവരുടെ കരച്ചില്‍ അധികൃതരുടെ ചെവികള്‍ക്ക് അരോചകമാണ്.
അതുകൊണ്ട് തന്നെ ഇവര്‍ കര്‍ഷകരായി വേഷമിടുന്ന തീവ്രവാദികളാണെന്നും പ്രക്ഷോഭം നിയമവിരുദ്ധമാണെന്നും പറഞ്ഞ്, തങ്ങള്‍ മാത്രമാണ് ശരിയെന്ന് നടിച്ച് ആഹ്ലാദിക്കുന്നവര്‍ മനസിലാക്കണം ഈ പ്രക്ഷോഭത്തിന് കാരണമായ പ്രശ്‌നം ഇപ്പോഴും സജീവമായി നിലനില്‍ക്കുന്നുണ്ടെന്ന്. കര്‍ഷകര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെടുന്ന മൂന്ന് നിയമങ്ങള്‍ ഇതുവരെയും പിന്‍വലിച്ചിട്ടില്ല.
പ്രതിരോധത്തിന്റെ കാരണം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഉപസംഹരിക്കുന്നതിന് നമുക്ക് വീണ്ടും ഗാന്ധിയിലേക്ക് പോകാം.
”സത്യാഗ്രഹത്തിന് പുറത്ത് വെടിവെപ്പിലൂടെ ജനക്കൂട്ടത്തെ പ്രകോപിച്ച് ഭ്രാന്തമാക്കിയിരുന്നോ അതോ ജനക്കൂട്ടം സൈന്യത്തെ പ്രകോപിപ്പിച്ചോ എന്ന ചോദ്യം കൂടി പരിഹരിക്കേണ്ടതുണ്ട്. അതെന്തായാലും സിവില്‍ പ്രതിഷേധം പുനരാരംഭിക്കാനുളള തീരുമാനം എനിക്ക് എങ്ങനെ ഉപേക്ഷിക്കാനാകും. എന്തെന്നാല്‍ ഏപ്രിലില്‍ ഹിന്ദുസ്ഥാനിലെ ഒരു വിഭാഗം ചില പ്രത്യേക കാരണങ്ങളാല്‍ അക്രമത്തില്‍ ഏര്‍പ്പെട്ടു. ചില തെറ്റുകള്‍ സംഭവിച്ചു എന്നതുകൊണ്ട് ഞാന്‍ ശരിയായി ചെയ്യുന്ന കാര്യം അവസാനിപ്പിക്കേണ്ടതുണ്ടോ?”
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക