ന്യൂദല്‍ഹി: രാജ്യവ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് കര്‍ഷകരുടെ പ്രതിഷേധം. കര്‍ഷകരുടെ ആവശ്യങ്ങളോടും ദല്ലേവാളിന്റെ നിരാഹാര സമരത്തോടും മുഖം തിരിക്കുന്ന കേന്ദ്രത്തിന്റെ നിലപാടില്‍ പ്രതിഷേധിച്ചാണ് കര്‍ഷകരുടെ പ്രതിഷേധം.
രാജ്യത്ത് കര്‍ഷക സമരത്തെ അനുകൂലിക്കുന്നവര്‍ പ്രതിഷേധ സൂചകമായി മോദിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കണമെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ച ആഹ്വാനം ചെയ്തിരുന്നു.
കേന്ദ്രസര്‍ക്കാരിനോടുള്ള പ്രതിഷേധത്തിന്റെ ഭാഗമായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ കര്‍ഷക സംഘടനകള്‍ വ്യാപകമായി കോലം കത്തിച്ച് പ്രതിഷേധിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് സംസ്ഥാനങ്ങളിലാണ് ഇതിനോടകം പ്രതിഷേധം ശക്തമായിട്ടുള്ളത്. മറ്റ് സ്ഥലങ്ങളിലെല്ലാം പ്രതിഷേധം തുടരുന്നുണ്ട്. തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.
പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ഖനൗലിയിലും ശംഭുവിലും കഴിഞ്ഞ 11 മാസമായി സമരം ചെയ്യുന്ന കര്‍ഷകരുടെ ആവശ്യങ്ങളോടും 46 ദിവസമായി നിരാഹാരം തുടരുന്ന മുതിര്‍ന്ന കര്‍ഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനോടും മുഖം തിരിക്കുന്ന സര്‍ക്കാരിനോടുള്ള പ്രതിഷേധം വരും ദിവസങ്ങളില്‍ ശക്തമാക്കുമെന്നും മറ്റ് സമരപരിപാടികളുമായി മുന്നോട്ട് പോവുമെന്നും കര്‍ഷക സംഘടനകള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Content Highlight: Farmers are protesting nationwide by burning Modi’s effigy