കർഷക സമരം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് തിരിച്ചടിയായി: സി.എസ്‌.ഡി.എസ്‌ ലോക്നീതി സർവേ
national news
കർഷക സമരം; ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ബി.ജെ.പിക്ക് തിരിച്ചടിയായി: സി.എസ്‌.ഡി.എസ്‌ ലോക്നീതി സർവേ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 23rd June 2024, 12:39 pm

ന്യൂദൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ കർഷക രോഷം ബി.ജെ.പിക്ക് തിരിച്ചടിയായെന്ന് സർവേ റിപ്പോർട്ട്. ദൽഹിയിലെ സെന്റര് ഫോർ ദി സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റിയുടെ ലോക്‌നീതി സർവേയുടെ റിപ്പോർട്ടിലാണ് പല ഉത്തരേന്ത്യൻ സംസ്ഥാനത്തും ബി.ജെ.പിക്ക് വേണ്ടത്ര വോട്ട് ലഭിക്കാത്തതിന്റെ പ്രധാന കാരണം കർഷക രോഷമാണെന്നാണ് വെളിപ്പെടുത്തുന്നത്.

Also Read: ബിജുവേട്ടന്റെ കൂടെയുള്ള ആദ്യ ചിത്രത്തിൽ ഞാൻ മമ്മൂക്കയുടെ ഡ്യൂപ്പിന്റെ വേഷത്തിലായിരുന്നു അഭിനയിച്ചത്: സുരാജ് വെഞ്ഞാറമൂട്

ഈ വർഷം ഫെബ്രുവരി മുതലാണ് കർഷകർ വീണ്ടും കേന്ദ്ര സർക്കാരിനെതിരെ പഞ്ചാബ്-ഹരിയാന അതിർത്തിയിൽ പ്രതിഷേധ സമരം ആരംഭിച്ചത്. മിനിമം താങ്ങു വില ഉറപ്പാക്കുക, കേന്ദ്ര സർക്കാർ കൊണ്ട് വന്ന പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കുക, കടങ്ങൾ എഴുതി തള്ളുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം. കർഷക സമരത്തോട് കേന്ദ്ര സർക്കാർ കാണിച്ച അവഗണന കർഷകരെ ബി.ജെ.പിക്ക് വോട്ട് ചെയ്യുന്നതിൽ നിന്നും അകറ്റി.

കർഷകരുടെ പ്രതിഷേധത്തിന്റെ പ്രഭവ കേന്ദ്രമായി തുടരുന്ന ഹരിയാനയിൽ 61 ശതമാനം പേർ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്തപ്പോൾ 35 ശതമാനം പേർ മാത്രമാണ് ബി.ജെ.പി ക്ക് വോട്ട് ചെയ്തതെന്ന് സി.എസ്‌.ഡി.എസ്‌ ലോക്നീതി സർവേ പറയുന്നു.

പഞ്ചാബിലെയും ഹരിയാനയിലെയും കർഷക പ്രസ്ഥാനത്തോടുള്ള ബി.ജെ.പിയുടെ ശക്തമായ എതിർപ്പാണ് ആളുകളെ അവരിൽ നിന്നും അകറ്റിയതെന്ന് ആർക്കും അനുമാനിക്കാനാവും എന്ന് സി.എസ്‌.ഡി.എസ്‌ ലോക് നീതി സർവേയുടെ ഡയറക്ടർമാരിലൊരാളായ സഞ്ജയ് കുമാർ പറഞ്ഞു.

മോദി സർക്കാർ ബി.ജെ.പി ഭരിക്കുന്ന ഹരിയാന സർക്കാരിൻ്റെ സഹായത്തോടെ കർഷകരെ ദൽഹിയിലെത്തുന്നത് തടയാൻ സാധ്യമായ എല്ലാ മാർഗങ്ങളും ഉപയോഗിച്ചിരുന്നു. കണ്ണീർ വാതകവും ഷെൽ പ്രയോഗവുമടക്കം കർഷകരെ കൂടുതൽ ദ്രോഹിക്കുന്ന നിലപാടുകളായിരുന്നു അവർ സ്വീകരിച്ചത്.

കർഷക രോഷത്തിന്റെ ഫലമായി തന്നെ പഞ്ചാബിൽ നിന്നും 15 ശതമാനം കർഷകർ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെന്നും സർവേ ചൂണ്ടികാണിക്കുന്നു. 50 ശതമാനം കർഷക വോട്ടുകളും ആം ആദ്മി സർക്കാരിലേക്ക് പോയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്.

കർഷക രോഷം രാജസ്ഥാനിലും ബി.ജെ.പിക്ക് തിരിച്ചടിയായെന്ന് സർവേ പറയുന്നു. 46 ശതമാനം കർഷകർ കോൺഗ്രസിന് വോട്ട് ചെയ്തപ്പോൾ 45 ശതമാനം കർഷകരാണ് രാജസ്ഥാനിൽ ബി.ജെ.പിക്ക് വോട്ട് ചെയ്തത്.

കർഷകരുടെ ആവശ്യങ്ങളോട് കേന്ദ്ര സർക്കാർ ക്രിയാത്മകമായ രീതിയിൽ പ്രതികരിക്കാത്തിടത്തോളം കാലം കർഷകർ സമരം ചെയ്യുമെന്നും കർഷക നേതാക്കൾ പറഞ്ഞിരുന്നു.

Content Highlight: Farmers’ Anger Hurt the BJP in Several Northern States: CSDS-Lokniti Survey