| Tuesday, 23rd July 2019, 9:31 am

രണ്ടാം മോദി സര്‍ക്കാരിനെതിരെ ആദ്യപ്രതിഷേധം; തെരുവിലിറങ്ങിയത് ആയിരക്കണക്കിന് കര്‍ഷകരും ആദിവാസികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: രണ്ടാം മോദിസര്‍ക്കാരിനെതിരെ ആദ്യമായി തെരുവിലിറങ്ങി പ്രതിഷേധിച്ച് കര്‍ഷകരും ആദിവാസികളും. ആദിവാസികളെ വനത്തില്‍നിന്ന് പുറത്താക്കാനുള്ള വനാവകാശ നിയമ ഭേദഗതിക്കെതിരെയാണ് രാജ്യവ്യാപക പ്രതിഷേധം നടന്നത്.

കിസാന്‍സഭ, ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ച്, അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍, ഭൂമി അധികാര്‍ ആന്ദോളന്‍, എ.ഐ.യു.എഫ്.ഡബ്ല്യു.പി തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ശ്രമിച്ചില്ല. ആദിവാസികളുടെ അവകാശം ഉറപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ നിഷ്‌ക്രിയത്വം അവസാനിപ്പിച്ച് ഇടപെടണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍ സെക്രട്ടറി ഹനന്‍ മൊള്ള ആവശ്യപ്പെട്ടു. കിസാന്‍സഭ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍, എ.ഐ.യു.എഫ്.ഡബ്ല്യു.പി നേതാവ് റോമ മാലിക്, ഫോര്‍വേഡ് ബ്ലോക്ക് സെക്രട്ടറി ജി ദേവരാജന്‍, ഡി.എസ്.എം.എം ജോയിന്റ് സെക്രട്ടറി നത്തു പ്രസാദ് തുടങ്ങിയവര്‍ സംസാരിച്ചു.

വിവിധ സംസ്ഥാനങ്ങളിലായി വില്ലേജ്, ബ്ലോക്ക്, ജില്ലാ തലത്തില്‍ പ്രതിഷേധമാര്‍ച്ചുകള്‍ നടന്നു. മഹാരാഷ്ട്രയില്‍ കിസാന്‍സഭയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പാല്‍ഘര്‍ ജില്ലയിലെ ദഹാനുവിലെ എസ്.ഡി.ഒ ഓഫീസിലേക്ക് നടന്ന പ്രതിഷേധ മാര്‍ച്ച് രാധ്കാ കലങ്ങ്ഡ, എഡ്വാര്‍ഡ് വര്‍ത്ത, വിനോദ് നിക്കോലെ, ലഹാനി ദൗഡ, രാംദാസ് സുതാര്‍ എന്നിവര്‍ നയിച്ചു. ഡി.വൈ.എഫ്.ഐ, സി.ഐ.ടി.യു സംഘടനകളും ദഹനുവിലെ മാര്‍ച്ചില്‍ പങ്കെടുത്തു.

അലിബാഗില്‍ നടന്ന പ്രതിഷേധമാര്‍ച്ചില്‍ 1000 ത്തിലധികം ആദിവാസികളും കര്‍ഷകരും പങ്കെടുത്തതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

ചൊവ്വാഴ്ച കിസാന്‍സഭയും സി.പി.ഐ.എമ്മും സംയുക്തമായി നാസിക് ജില്ലയിലെ കല്‍വാനില്‍ പ്രതിഷേധ റാലി നടത്തും. സി.പി.ഐ.എം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്, കിസാന്‍സഭ പ്രസിഡന്റ് അശോക് ധാവ്‌ളെ, ജെ.പി ഗാവിദ് എം.എല്‍.എ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more