ന്യൂദല്‍ഹി: കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകരെ അനുനയിപ്പിക്കാന്‍ കേന്ദ്രം രേഖാമൂലം നല്‍കിയ നിര്‍ദേശങ്ങള്‍ ഏകകണ്ഠമായി തള്ളിയതിന് പിന്നാലെ ദേശീയ പ്രക്ഷോഭം പ്രഖ്യാപിച്ച് കര്‍ഷകര്‍. ഡിസംബര്‍ 14നാണ് കര്‍ഷകര്‍ ദേശീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 12ന് ദല്‍ഹി- ജയ്പൂര്‍, ദല്‍ഹി- ആഗ്ര ദേശീയ പാതകള്‍ ഉപരോധിക്കുമെന്നും ഡിസംബര്‍ 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കര്‍ഷക സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.
ഡിസംബര്‍ 12ന് എല്ലാ ടോള്‍ പ്ലാസകളിലെയും ടോള്‍ ബഹിഷ്‌കരിക്കാനും സംഘടനകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. ബി.ജെ.പി ഓഫീസുകള്‍ ഉപരോധിക്കാനും തീരുമാനിച്ചു.
പഴയ നിയമങ്ങള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ് കേന്ദ്രം ചെയ്തതെന്ന് ഓള്‍ ഇന്ത്യാ കിസാന്‍ സംഘര്‍ഷ് കോഡിനേഷന്‍ കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
‘കര്‍ഷകരുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ മോദി സര്‍ക്കാര്‍ ഒട്ടും സത്യസന്ധത പുലര്‍ത്തുന്നില്ല. അതുകൊണ്ട് തന്നെ പഴയ നിയമങ്ങളെ പുതിയ രീതിയില്‍ അവതരിപ്പിച്ച സര്‍ക്കാരിന്റെ നിര്‍ദേശത്തെ എല്ലാ കാര്‍ഷിക സംഘടനകളും ഒരുമിച്ച് തള്ളി. നിയമം പിന്‍വലിക്കാനുള്ള സമരം തുടരും. ഇതിന്റെ ഭാഗമായി ദല്‍ഹിയിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തും. ജില്ലാടിസ്ഥാനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും ധര്‍ണകള്‍ സംഘടിപ്പിക്കും,’ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കര്‍ഷകര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇന്ന് കേന്ദ്രവുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കില്ലെന്നും കര്‍ഷകര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ബുധനാഴ്ച നിര്‍ദേശങ്ങള്‍ എഴുതിനല്‍കാമെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞത്.
എഴുതി നല്‍കിയ കരട് നിര്‍ദേശത്തില്‍ നിയമ ഭേദഗതിയെക്കുറിച്ച് ഒന്നും പ്രതിപാദിച്ചിരുന്നില്ല. അതേസമയം താങ്ങുവിലയുടെ കാര്യത്തില്‍ ഉറപ്പു നല്‍കിയിട്ടുണ്ട്.
താങ്ങുവില നിലനിര്‍ത്തുമെന്നും കരാര്‍ തര്‍ക്കങ്ങളില്‍ കോടതിയെ നേരിട്ട് സമീപിക്കാമെന്നും കാര്‍ഷിക വിപണികളിലും പുറത്തും ഒരേ നികുതി ഉറപ്പുവരുത്തും തുടങ്ങിയ കാര്യങ്ങളാണ് എഴുതി നല്‍കിയിട്ടുള്ളത്.
എന്നാല്‍ നിയമം പിന്‍വലിക്കുക എന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്ന് കിസാന്‍ സംഘര്‍ഷ് കമ്മിറ്റി നേതാവ് കന്‍വാല്‍ പ്രീത് സിംഗ് പന്നു പറഞ്ഞു.
കേന്ദ്രത്തിനോട് തങ്ങള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ ഇന്ന് എഴുതി നല്‍കാമെന്ന് പറഞ്ഞ രേഖകളില്‍ ഉണ്ടോ എന്ന് പരിശോധിച്ച ശേഷം ബാക്കി നടപടികളെന്ന് അഖിലേന്ത്യാ കിസാന്‍ സഭ ജനറല്‍ സെക്രട്ടറി ഹനാന്‍ മൊല്ല നേരത്തെ പറഞ്ഞിരുന്നു.
ഭാരത് ബന്ദിന് ലഭിച്ചുകൊണ്ടിരിക്കുന്ന വലിയ രീതിയിലുള്ള പിന്തുണയ്ക്ക് പിന്നാലെയാണ് അമിത് ഷാ കര്‍ഷകരെ കാണാന്‍ തയ്യാറായത്. ഒരു കുറുക്കുവഴിയും കൊണ്ട് വരണ്ട, നിയമം പിന്‍വലിച്ചാല്‍ മാത്രം മതിയെന്ന് കര്‍ഷകര്‍ ചര്‍ച്ചയ്ക്ക് മുന്നേ പറഞ്ഞിരുന്നു.
ഒരു ഭാഗത്ത് തിരക്ക് പിടിച്ച് സര്‍ക്കാര്‍ ചര്‍ച്ചകള്‍ നടത്തുമ്പോഴും കര്‍ഷക പ്രതിഷേധം അടിച്ചമര്‍ത്താനുള്ള ശ്രമം സര്‍ക്കാര്‍ തുടരുകയാണ്. പ്രതിഷേധത്തിന് പിന്തുണ നല്‍കിയ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പൊലീസ് വീട്ടുതടങ്കലിലാക്കിയിരുന്നു. പ്രതിഷേധ സ്ഥലത്തേക്ക് പുറപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെയും കസ്റ്റഡിയിലെടുത്തിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക