മോദിയുടെ ബൂള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ ആയിരം കര്‍ഷകരുടെ സത്യവാങ്മൂലം
national news
മോദിയുടെ ബൂള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ ആയിരം കര്‍ഷകരുടെ സത്യവാങ്മൂലം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 18th September 2018, 9:28 pm

അഹമ്മദാബാദ്: മോദി സര്‍ക്കാര്‍ പദ്ധതിയായ മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയില്‍ കര്‍ഷകരുടെ കൂട്ട സത്യവാങ്മൂലം. ചീഫ് ജസ്റ്റിസ് സുഭാഷ് റെഡ്ഢി ജസ്റ്റിസ് വി.എം പഞ്ചോളി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് അഞ്ച് ഹരജികള്‍ നിലവില്‍ പരിഗണിക്കുന്നുണ്ട്. ഇതിന് പുറമെയാണ് ആയിരം കര്‍ഷകര്‍ വെവ്വേറെ സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്.

1.10 ലക്ഷം കോടിരൂപ വരുന്ന മോദി സര്‍ക്കാരിന്റെ സ്വപ്‌നപദ്ധതി നിരവധി കര്‍ഷകരെ ബാധിച്ചിട്ടുണ്ടെന്ന് സത്യവാങ്മൂലം പറയുന്നു. ബുള്ളറ്റ് ട്രെയിന് കടന്നുപോകുന്ന സ്ഥലങ്ങളിലെ കര്‍ഷകരാണ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. തങ്ങളുടെ സമ്മതം വാങ്ങുകയോ ആലോചിക്കുകയോ ചെയ്യാതെയാണ് ഭൂമി ഏറ്റെടുക്കുന്നത്. പുനരധിവാസത്തെ കുറിച്ച് പോലും തങ്ങളോട് പറഞ്ഞിട്ടില്ലെന്ന് കര്‍ഷകര്‍ പറയുന്നു.

ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കില്ലെന്നും പദ്ധതിയ്ക്ക് ധനസഹായം നല്‍കിയ Japan International Cooperation Agency (JICA)യുടെ ഗൈഡ്‌ലൈനുകള്‍ക്ക് വിരുദ്ധമാണ് ഭൂമി ഏറ്റെടുക്കല്‍ നടപടിയെന്നും കര്‍ഷകര്‍ പറയുന്നു.

2015 സെപ്റ്റംബറില്‍ ജപ്പാന്‍ സര്‍ക്കാരുമായി കരാറുണ്ടാക്കിയതിന് ശേഷം 2013 ഭൂമി ഏറ്റെടുക്കല്‍ നിയമത്തെ ഗുജറാത്ത് സര്‍ക്കാര്‍ ചോര്‍ത്തിക്കളഞ്ഞെന്നും കര്‍ഷകര്‍ പറയുന്നു.

കര്‍ഷകരുടെ സത്യവാങ്മൂലത്തില്‍ മറുപടി നല്‍കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ബുള്ളറ്റ് ട്രെയിന്‍ പദ്ധതികളുടെ ഇരകളായ കര്‍ഷകരുടെ പരാതി വേഗം പരിഗണിക്കാന്‍ സുപ്രീംകോടതി ആഗസ്റ്റ് 10ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ വിശദീകരണം നല്‍കുന്നത് കേന്ദ്രം വൈകിപ്പിക്കുന്ന സാഹചര്യത്തില്‍ കഴിഞ്ഞ അഞ്ചാഴ്ചയായി ഹൈക്കോടതിയ്ക്ക് കേസുകള്‍ പരിഗണിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കര്‍ഷകരുടെ അഭിഭാഷകനായ ആനന്ദ് യാഗ്നിക് മാധ്യമങ്ങളോട് പറഞ്ഞു. ഈ സാഹചര്യത്തില്‍ ആയിരത്തോളം വരുന്ന കര്‍ഷകര്‍ പദ്ധതി നിര്‍ത്തണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നും ബുധനാഴ്ച കോടതിയ്ക്ക മുമ്പാകെ ഇക്കാര്യം അറിയിക്കുമെന്നും ആനന്ദ് യാഗ്നിക് പറഞ്ഞു.

മണിക്കൂറില്‍ 320-350 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരാന്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് മോദിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും തീരുമാനമെടുത്തത്. 500 കിലോമീറ്റര്‍ നീളമുള്ള പാതയില്‍ 12 സ്റ്റേഷനുകളാണ് ഉണ്ടാവുക. ഇതിനായി ഗുജറാത്ത്, മഹരാഷ്ട്ര സംസ്ഥാനങ്ങളില്‍ നി്ന്നായി 1400 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.